റിയാദ് ബീറ്റ്സ്: തിരക്കഥ ആവശ്യപ്പെടുന്ന പാട്ടുകളാണ് ഇന്നുണ്ടാവുന്നത് -വിധു പ്രതാപ്
text_fieldsറിയാദ്: സിനിമയുടെ തിരക്കഥ ആവശ്യപ്പെടുന്ന പാട്ടുകളാണ് ഇന്ന് രചിക്കപ്പെടുന്നതെന്ന് പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപ് പറഞ്ഞു. ഗൾഫ് മാധ്യമം സംഘടിപ്പിച്ച റിയാദ് ബീറ്റ്സ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. സിനിമയുടെ കഥയും ആശയപരമായ കരുത്തും എത്രമാത്രം ശക്തമാണോ അതിനനുസൃതമായ മാറ്റങ്ങൾ ഗാനരചനയിലും സംഗീതത്തിലും പ്രതിഫലിക്കുമെന്നും ഗായകൻ പറഞ്ഞു.
മലയാള സിനിമ വ്യവസായം പ്രതീക്ഷയിൽ തന്നെയാണ്. പാൻ ഇന്ത്യൻ ലെവലുകളിൽ മലയാളം വളരുകയാണ്. മിക്ക സിനിമകളും ഇതര ഭാഷകളിൽകൂടി നിർമിക്കപ്പെടുന്നു. ദേശീയതലത്തിൽ കാഴ്ചക്കാരുടെ എണ്ണം വർധിച്ചിരിക്കുന്നു. ബോളിവുഡിന്റെ പഴയകാല പ്രതാപം നഷ്ടപ്പെട്ടിരിക്കുകയാണെന്നും തെലുങ്ക്, തമിഴ്, മലയാളം ഭാഷയിലാണ് ഇന്ന് ഇന്ത്യയിലെ മികച്ച സിനിമകൾ ഇറങ്ങുന്നതെന്നും വിധു പ്രതാപ് അഭിപ്രായപ്പെട്ടു.
റിയലിസ്റ്റിക് സിനിമകളാണ് ഇപ്പോൾ ധാരാളമായി മലയാളത്തിൽ ഇറങ്ങുന്നതെന്നും 10 വർഷം മുമ്പുള്ള പോലെ നെടുനീളൻ ഡയലോഗുകൾക്കോ സംഭാഷണങ്ങൾക്കോ കൂടുതൽ ഇടമില്ലെന്നും ശബ്ദാനുകരണ കലയിലെ പുതിയ വാഗ്ദാനമായ അശ്വന്ത് അനിൽ കുമാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
റിയാദ് ബീറ്റ്സ് പരിപാടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയതാണ് അദ്ദേഹം. പഴയകാല മമ്മൂട്ടി, മോഹൻലാൽ സിനിമകൾപോലെ റിയലിസ്റ്റിക്കും കമേഴ്സ്യലുമായ ചിത്രങ്ങൾ ഇപ്പോൾ കുറവാണ്. പ്രതിഭാധനരായ ഒട്ടേറെ എഴുത്തുകാർ രംഗത്തുവരുന്നുണ്ടെന്നും അശ്വന്ത് പറഞ്ഞു. രാഷ്ട്രീയക്കാരെക്കാൾ സിനിമക്കാരെയാണ് താൻ അനുകരിക്കാറെന്നും ഒരു കലാകാരനെന്ന നിലയിൽ സ്വന്തമായ ഒരിടം രേഖപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.