പരിക്കിനുപുറമെ കോവിഡും: മലയാളി യുവാവിനെ നാട്ടിലെത്തിച്ചു
text_fieldsറിയാദ്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ കോവിഡ് ബാധിക്കുകയും പിന്നീട് മുക്തനാവുകയും ചെയ്ത മലയാളി യുവാവിനെ നാട്ടിലെത്തിച്ചു. വയനാട് സുൽത്താൻ ബത്തേരി പൂമല സ്വദേശി കൂട്ടപ്പിലാക്കൽ ശിഹാബിനെയാണ് (31) കഴിഞ്ഞ ദിവസം റിയാദിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട കെ.എം.സി.സി ചാർട്ടേഡ് വിമാനത്തിൽ വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയത്. റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്ങാണ് ഇതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തത്.
സഹോദരൻ സിദ്ദീഖിനൊപ്പം കഴിഞ്ഞ ദിവസം റിയാദിൽ നിന്നും പുറപ്പെട്ട, കെ.എം.സി.സി ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിയ ശിഹാബിനെ തുടർ ചികിത്സക്കായി കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം ജനുവരി ഒന്നിനാണ് ശിഹാബിെൻറ ജീവിത സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിയ അപകടം നടന്നത്. സഹോദരനൊപ്പം റിയാദിലെ സുവൈദിയിൽ ബഖാല നടത്തുകയായിരുന്ന ശിഹാബ്, വീടുകളിൽ സാധനങ്ങൾ വിതരണം ചെയ്തു മടങ്ങുമ്പോൾ ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു.
പുതുവർഷ ദിനത്തിലുണ്ടായ വാഹനാപകടത്തിൽ തലക്കും ആന്തരികാവയവങ്ങൾക്കും സാരമായി പരിക്കേറ്റ ശിഹാബിനെ റിയാദിലെ ശുമൈസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കേറ്റ ക്ഷതത്തെ തുടർന്ന് നാലു മാസത്തോളം അബോധാവസ്ഥയിലാണ് ആശുപത്രിയിൽ കഴിഞ്ഞിരുന്നത്.
ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാധ്യത വിരളമായിരുന്നെങ്കിലും മികച്ച ചികിത്സ നൽകിയതിനെ തുടർന്നാണ് ഇദ്ദേഹത്തിന് ബോധം തിരിച്ചുകിട്ടിയത്. ഇതിനിടയിൽ റിയാദിലടക്കം കോവിഡ് വ്യാപനം രൂക്ഷമാവുകയും ശുമൈസി ആശുപത്രി കോവിഡ് സെൻററാക്കി മാറ്റുകയും ചെയ്തതോടെ ശിഹാബിനെ അഫീഫ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, അവിടെ വെച്ച് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്, പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബത്തിെൻറയും സുഹൃത്തുക്കളുടെയും മനസ്സിൽ നിരാശയുണ്ടാക്കി. എന്നാൽ, ആശങ്കക്ക് അറുതിവരുത്തി ആഴ്ചകൾക്കുശേഷം ഇദ്ദേഹം കോവിഡ് മുക്തനായി. ഇതോടെ ശിഹാബിനെ നാട്ടിലെത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി.
അന്താരാഷ്ട്ര വിമാന സർവിസുകൾ നിർത്തിവെച്ചതിനാൽ ആദ്യഘട്ടത്തിൽ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. നേരത്തെതന്നെ വിഷയത്തിലിടപ്പെട്ടുവന്നിരുന്ന റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ല വെൽഫെയർ വിങ് ഭാരവാഹിയായ ഉമർ മാവൂർ, സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരിെൻറ സഹായത്തോടെ ആവശ്യമായ എല്ലാ സഹായങ്ങളും നൽകി. യാത്ര ചെയ്യാൻ സ്ട്രെച്ചർ ആവശ്യമായതിനാൽ അതിനായി വലിയൊരു തുക കണ്ടെത്തേണ്ടി വന്നു. ഇതിനായി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ചു നൽകുകയും യാത്രക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
ശുമൈസി ആശുപത്രിയിലെ ഡോ. അൻസാരി, ശിഹാബിെൻറ ദൈനംദിന ആരോഗ്യ പുരോഗതി വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. അഫീഫ് ജനറൽ ആശുപത്രിയിൽ മലയാളി സമാജം ഭാരവാഹി ഷാജി, ശിഹാബിന് വേണ്ട സഹായങ്ങൾ നൽകാൻ രംഗത്തുണ്ടായിരുന്നു.
ദാറുസ്സലാം വിങ് അംഗങ്ങളായ ശിഹാബ് പുത്തേഴത്ത്, മജീദ് പരപ്പനങ്ങാടി, ശിഹാബ്, ഇംഷാദ് മങ്കട, ഉനൈസ്, മുഹമ്മദ് കണ്ടകൈ, ഹുസൈൻ കുപ്പം, റഫീഖ് പൂപ്പലം, നജീബ് നെല്ലാങ്കണ്ടി എന്നിവരും സഹായവുമായി രംഗത്തെത്തി. ശിഹാബ് വിവാഹിതനാണ്. കുട്ടികളില്ല. അലവിക്കുട്ടി-പാത്തുമ്മ ദമ്പതികളുടെ മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.