കാഴ്ചയുടെ വിരുന്നൊരുക്കി 'റിയാദ് തടാകം'
text_fieldsറിയാദ്: കാഴ്ചയിൽ ജലസ്പർശത്തിെൻറ കുളിർമയും ഭംഗിയും നിറച്ച് 'റിയാദ് തടാകം'. റിയാദ് നഗര മധ്യത്തിൽനിന്ന് 25 കിലോമീറ്റർ അകലെ തെക്കുഭാഗത്ത് അൽഹൈർ എന്ന ചെറുപട്ടണത്തോട് ചേർന്നാണ് ഇൗ മനോഹരമായ തടാകം. മരുഭൂമിയുടെ വരദാനം പോലെ വിശാലവും പ്രശാന്തസുന്ദരവുമായ ജലാശയവും അതിനോട് ചേർന്നുള്ള ഉദ്യാനവും. പ്രകൃതിയുടെ ആവാസവ്യവസ്ഥകൾ സംരക്ഷിക്കാനും വൈരസ്യമനുഭവിക്കുന്ന നഗരജീവിതത്തിൽനിന്ന് അൽപംമാറി നിൽക്കാനും ഏറെ പ്രയോജനകരമാണ് ഈ മനുഷ്യനിർമിത തടാകവും വിശാലമായ തീരവും.
വെള്ളത്തിെൻറ ആകർഷകമായ കാഴ്ച കാണാൻ നിരവധിയാളുകളാണ് ഓരോ സന്ധ്യകളിലും ഒഴിവുദിനങ്ങളിലും ഇവിടെയെത്തുന്നത്. ഒഴുകിയെത്തുന്ന ജലധാര, പ്രകൃതിദത്തമായ കല്ലുകൾ പാകി പ്രത്യേകമായൊരുക്കിയ തീരം, മുഴുവൻ കാഴ്ചകളും ദൃശ്യമാകുന്ന കുന്നിൻ നെറുക, വാഹനങ്ങൾ നിർത്തിയിടാൻ വിശാലമായ പാർക്കിങ് സൗകര്യം... എല്ലാം തടാകത്തിെൻറ ചുമതലയുള്ള അതോറിറ്റി ഒരുക്കിയിട്ടുണ്ട്. ജലവിതാനത്തിൽ തുള്ളിക്കളിക്കുന്ന 'മുഴു' (cat fish) പോലുള്ള മത്സ്യങ്ങളെ എത്ര നോക്കിനിന്നാലും സന്ദർശകർക്ക് മതിവരില്ല. പലതരം ജീവികളുടെ ഒരു ജൈവവൈവിധ്യ മേഖല കൂടിയാണിവിടം. വിവിധയിനം പക്ഷികളും അപൂർവമായ മറ്റ് ജീവികളും ഇവിടെയുണ്ട്. അതിരാവിലെയോ വൈകുന്നേരങ്ങളിലോ ഒക്കെയാണ് ഇവയുടെ സഞ്ചാരം. ഇവിടെ, അത്യുഷ്ണത്തിലും വന്യമായ മരുഭൂമിയുടെ ഏത് കാലാവസ്ഥയിലും അനുഭൂതിദായകമായൊരു കാന്തികശക്തി ഇവിടം സന്ദർശിക്കുന്നവരെ വലയംചെയ്യുന്ന അനുഭവമുണ്ടാകും. തടാകത്തിന് അടുത്തേക്ക് ദിവസം മുഴുവൻ പ്രവേശനാനുമതിയുണ്ട്.
പ്രവേശനത്തിന് ഒരുവിധ നിയന്ത്രണങ്ങളുമില്ല. പ്രവേശനഫീസും ഇല്ല. എന്നാൽ, ജലാശയത്തിൽ കുളിക്കലും നീന്തലും മീൻപിടിക്കലും കർശനമായി നിരോധിച്ചിട്ടുണ്ട്. ചെറിയ കാമറകൾക്കും മൊബൈൽ ഫോട്ടോഗ്രഫിക്കും വിലക്കില്ല.
എന്നാൽ, വലിയ കാമറകൾ അനുവദിക്കില്ല. ജനങ്ങളുടെ സുരക്ഷയോടൊപ്പം ഇതെല്ലാം നിരീക്ഷിക്കാൻ കനത്ത സുരക്ഷാ വിഭാഗവും ഇവിടെയുണ്ട്. കുടിക്കാനും കഴിക്കാനുമുള്ള സൗകര്യങ്ങളും ലഭ്യമായിട്ടില്ല.
ആവശ്യമുള്ളവർ വരുേമ്പാൾ കൂടെ കരുതണം. തടാകത്തിലെ ക്യാറ്റ്ഫിഷുകളുടെ എണ്ണം കുത്തനെ ഉയരുന്നതിന് സഹായിച്ച പ്രദേശത്തിെൻറ സുസ്ഥിരതാ വികസന പരിപാടിയുടെ ഭാഗമായി, വനവത്കരണ പദ്ധതിയിൽ നൂറുകണക്കിന് തൈകൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ സന്ദർശന സൗകര്യങ്ങൾ നൽകാനായി സൈറ്റിെൻറ വർധിത വികസനവും ലാൻഡ്സ്കേപ്പിങ്ങുമായി ബന്ധപ്പെട്ട ജോലികൾ നടക്കുന്നു. തടാകത്തോട് ചേർന്ന് നിൽക്കുന്ന കുന്നും അവിടെ നിന്നുള്ള ദൃശ്യങ്ങളും അതിമനോഹരമാണ്.
ആകാശ നീലിമയും ഒഴുകിനടക്കുന്ന മേഘങ്ങളും തടാകത്തിൽ മുഖം കാണിക്കുമ്പോൾ ആരിലും ഒരു മൂളിപ്പാട്ടോ മന്ദസ്മിതമോ നാമ്പെടുക്കാതിരിക്കില്ല. അസ്തമയ സൂര്യെൻറ പൊന്നിൽകുളിച്ച രശ്മികൾ ഈ തടാകത്തെ തഴുകുമ്പോഴാകട്ടെ ആ ലാസ്യഭാവങ്ങൾ സന്ദർശകരെ അവിടം വിട്ടുപോകാനും സമ്മതിക്കില്ല. ആത്മസംഘർഷങ്ങളും വിരസതയും നിറഞ്ഞ മനുഷ്യർക്ക് പ്രകൃതിയുടെ സാന്ത്വനമായിരിക്കും ഈ തടാകവും കുന്നുകളും താഴ്വാരവും ഒരുക്കുന്ന കാഴ്ച. ഒപ്പം വിനോദത്തിെൻറയും ആത്മഹർഷത്തിെൻറയും വിരുന്നൊരുക്കുന്നു ഈ പ്രദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.