പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സംഗീത പരിപാടിക്ക് റിയാദിൽ അരങ്ങുണർന്നു
text_fieldsറിയാദ്: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സംഗീത പരിപാടിക്ക് റിയാദിൽ അരങ്ങുണർന്നു. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ റിയാദ് നഗരത്തിെൻറ വടക്കുഭാഗത്തെ ബൻബാനിലെ കൂറ്റൻ വേദിയിലാണ് സംഗീത മേള. എം.ഡി.എൽ ബീസ്റ്റ് അവതരിപ്പിക്കുന്ന ബ്ലോക്ക് ബസ്റ്റർ സൗണ്ട് സ്റ്റോം മ്യൂസിക് ഫെസ്റ്റിവലിൽ ലോകത്തിലെ പ്രമുഖ കലാകാരന്മാരെയും സംഗീതജ്ഞരെയും പെങ്കടുപ്പിച്ചുള്ള സംഗീത മേള അരങ്ങേറുന്നത്. 'സ്പിരിറ്റ് ഓഫ് സൗദി അറേബ്യ' പ്ലാറ്റ്‌ഫോം ആരംഭിച്ച ഇവൻറുകളുടെയും സീസണുകളുടെയും കലണ്ടറിൽ ഉൾപ്പെടുത്തിയ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നാണ് സാൻഡ് സ്റ്റോം മ്യൂസിക് ഫെസ്റ്റിവൽ. അഞ്ചുലക്ഷത്തിലേറെ ആളുകൾ സംഗീത വിരുന്ന് ആസ്വദിക്കാനെത്തും.
വ്യാഴാഴ്ച വൈകീട്ടാണ് സംഗീത മേളക്ക് തുടക്കമായത്. ആദ്യ ദിവസത്തെ പരിപാടി ആസ്വാദിക്കാനെത്തിയിരിക്കുന്നത് ഒന്നര ലക്ഷം സംഗീത പ്രിയരാണ്. ലോകതലത്തിലും പ്രാദേശികമായും അറിയപ്പെടുന്ന സംഗീതജ്ഞരും ഡിസ്ക് ജോക്കികളുമായ ഡേവിഡ് ഗുവേറ്റ, അഫ്രോ ജാക്ക്, ടീയെസ്റ്റോ, സ്റ്റീവ് ആയോകി, കോസ്മികാറ്റ്, സോൺ പ്ലസ്, ആൻമർസ്, സ്പേസ്ബോയി, അറബി സംഗീതജ്ഞരായ നാൻസി അജ്റാം, ആമിർ ദിയാബ്, റാഷിദ് അൽ-മാജിദ്, മറിയം ഫെയേഴ്സ് തുടങ്ങിയവർ വേദിയിൽ അഭൗമമായ സംഗീത നൃത്ത പ്രപഞ്ചമൊരുക്കും. ഒക്‌ടോബർ മുതൽ മാർച്ച് വരെ സൗദിയിൽ ശൈത്യകാലത്ത് നടക്കുന്ന എല്ലാ ടൂറിസം, വിനോദ പ്രവർത്തനങ്ങളും പരിപാടികളും സീസണുകളുകൾക്കുമാണ് 'സ്പിരിറ്റ് ഒാഫ് സൗദി അറേബ്യ' എന്ന പൊതു പ്ലാറ്റ്‌ഫോം ആരംഭിച്ചത്.
സംഗീത പരിപാടികൾ രാജ്യത്തിനകത്തും പുറത്തുമുള്ള യുവാക്കളെ ആകർഷിക്കുന്നതായിരിക്കും. എം.ഡി.എൽ ബീസ്റ്റ് മ്യൂസിക് ഫെസ്റ്റിവൽ നാല് ദിവസമാണ് അരങ്ങേറുന്നത്. നെതർലാൻഡ്‌സ്, ന്യൂയോർക്ക്, കാനഡ, റഷ്യ, ഫ്ലോറിഡ എന്നീ രാജ്യങ്ങളിൽ നിന്നും ജിദ്ദ, ഖത്വീഫ് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന സംഗീത നൃത്ത പരിപാടി ബൻബാനിലെ എട്ട് തിയേറ്ററുകളിലായാണ് നടക്കുന്നത്. ആരോഗ്യ മുൻകരുതൽ പാലിച്ചുകൊണ്ടാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
ദറഇയിലെ ജാക്‌സ് ഡിസ്ട്രിക്റ്റിൽ ആദ്യമായാണ് ഇത്തരമൊരു ഫെസ്റ്റിവൽ. ഇതിലൂടെ രാജ്യത്തിെൻറയും പശ്ചിമേഷ്യൻ മേഖലയുടെയും ദൃശ്യപരിപാടികൾക്കും സംഗീത മേഖലയ്ക്കും ഒരു റോഡ് മാപ്പ് വരയ്ക്കുകയാണ് ലക്ഷ്യമെന്ന് എം.ഡി.എൽ ബീസ്റ്റ് സി.ഇ.ഒ റമദാൻ അൽ-ഹർതാനി പറഞ്ഞു. എല്ലാവർക്കും ഒരു നല്ല അനുഭവം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഇത്തരം പ്രധാന പരിപാടികൾ സമ്പദ് വ്യവസ്ഥയിൽ പരോക്ഷമായ വരുമാനം നൽകുമെന്നും അൽഹർതാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.