റിയാദ് സീസൺ; ഇനി കളിപ്പാട്ട ഉത്സവം
text_fieldsറിയാദ്: കുട്ടികളുടെ കളിപ്പാട്ട ഉത്സവത്തിന് തുടക്കം. റിയാദ് സീസണിന്റെ ഭാഗമായ ടോയ്സ് ഫെസ്റ്റിവലിനാണ് ആരംഭമായത്. റിയാദ് സീസണിന്റെ മുഖ്യവേദിയായ ബൊളിവാർഡ് നഗരത്തിനു സമീപത്താണ് മൂന്നാമത് ടോയ്സ് ഫെസ്റ്റിവൽ നടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഗെയിമിങ് ഫെസ്റ്റിവലുകളിൽ ഒന്നാണിത്. റിയാദ് സീസണിന്റെ ഭാഗമായി തലസ്ഥാനത്തെ വിനോദപരിപാടികൾക്കുള്ള ഏറ്റവും വലിയ സൈറ്റാണ് ടോയ്സ് ഫെസ്റ്റിവൽ.
ജനുവരി ഒന്നുവരെ നീളുന്ന ഫെസ്റ്റിവലിൽ കുടുംബാംഗങ്ങൾക്ക് രസകരവും പുതിയ അനുഭവങ്ങളും നൽകുന്നതിനായി 30ലധികം വിനോദ കോർണറുകളും വിനോദരംഗത്തെ 40ലധികം ബ്രാൻഡുകളുമുണ്ട്.
പെൺകുട്ടികൾക്കും കുട്ടിസന്ദർശകർക്കുമായി ‘ഡൗൺ ടൗൺ’ ഏരിയ, വിഡിയോ ഗെയിമുകളും കാറുകളും ഉൾക്കൊള്ളുന്ന ‘അഡ്രിനൽ വാലി’ ഏരിയ, പ്രീ സ്കൂൾ കുട്ടികൾക്കായി ‘കൺട്രി സൈഡ്’ ഏരിയ എന്നീ ഉപമേഖലകളും ഫെസ്റ്റിവലിലുണ്ട്. പ്രത്യേക പരിപാടികളോടെയാണ് ഫെസ്റ്റിവൽ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.
തിയറ്ററുകളിൽ നിരവധി വിനോദപരിപാടികളുടെ തത്സമയ പ്രദർശനമുണ്ട്. ഏറ്റവും ജനപ്രിയമായ ബ്രാൻഡുകളും കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുമുള്ള ചില പരിപാടികൾ ആദ്യമായി അവതരിപ്പിക്കുന്നതാണ്. പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ രാത്രി 12 വരെ സന്ദർശകർക്കായി ഫെസ്റ്റിവൽ തുറക്കും. വാരാന്ത്യങ്ങളിൽ രാത്രി ഒരു മണി വരെയായിരിക്കും. https://riyadhseason.sa/event-details.html?id=601/ar_Riyadh_Toy_Festival എന്ന ലിങ്ക് വഴി എൻട്രി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.