വിനോദസഞ്ചാരം വർധിപ്പിക്കുന്നതിന് റിയാദ് എയറും അൽഉല റോയൽ കമീഷനും കൈകോർക്കുന്നു
text_fieldsറിയാദ്: വ്യോമയാന മേഖലയിൽ ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്ന ദേശീയ വിമാന കമ്പനിയായ റിയാദ് എയറുമായി അൽഉല റോയൽ കമീഷൻ തന്ത്രപരമായ പങ്കാളിത്തത്തിൽ ഒപ്പുെവച്ചു. അൽഉലയുടെ അതുല്യമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണിത്. പൊതുനിക്ഷേപ ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ളതും 2030 ഓടെ ലോകത്തെ 100 ലധികം സ്ഥലങ്ങളിലേക്ക് രാജ്യത്തെ ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതുമായ റിയാദ് എയറുമായി ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്സിബിഷനോടനുബന്ധിച്ചാണ് കരാർ ഒപ്പുവെച്ചത്. സൗദിയിലേക്കുള്ള ടൂറിസം പ്രവാഹം വർധിപ്പിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പുറമേ ലോകമെമ്പാടുമുള്ള സന്ദർശകർക്കും യാത്രക്കാർക്കുമായി അൽഉല ഗവർണറേറ്റിനെ സവിശേഷവും ആഡംബരപൂർണവുമായ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തിക്കാട്ടുന്നതിനുള്ള നിരവധി സംരംഭങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണിത്.
ആഗോള വ്യോമയാന മേഖലയിൽ വിപ്ലവം സൃഷ്ടിച്ച റിയാദ് എയറുമായുള്ള സഹകരണം ആഡംബര ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയിൽ അൽഉലയുടെ സവിശേഷതകൾ പ്രയോജനം നേടാൻ പ്രാപ്തമാക്കുന്നതാണെന്ന് അൽഉല റോയൽ കമ്മീഷൻ ടൂറിസം ഡെസ്റ്റിനേഷൻ മാനേജ്മെന്റ് ആൻഡ് മാർക്കറ്റിങ് സെക്ടർ വൈസ് പ്രസിഡന്റ് റാമി അൽ മുഅ്ലം പറഞ്ഞു. ഇത് രാജ്യത്തിന്റെ ടൂറിസം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഫലപ്രദമായ സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2025 ന്റെ മധ്യത്തോടെ റിയാദ് എയർ പൂർണതോതിൽ പ്രവർത്തിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയെന്ന് റിയാദ് എയർ മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ഉസാമ അൽ നുവൈസിർ പറഞ്ഞു.
അപ്പോഴേക്കും പൂർണമായ സന്നദ്ധത കൈവരിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. ഈ നടപടി വരും കാലയളവിൽ അൽഉല, റിയാദ് എയർ ഡെസ്റ്റിനേഷനുകൾക്ക് ശക്തമായ ഉത്തേജനം നൽകും. ഇത് രാജ്യത്തിലേക്കുള്ള ടൂറിസം ഒഴുക്ക് വർധിപ്പിക്കുമെന്നും അൽനുവൈസിർ പറഞ്ഞു. അടുത്തിടെയാണ് റിയാദ് എയർ അതിന്റെ ഔദ്യോഗിക ലോഞ്ചിന്റെ ഒന്നാം വാർഷികം ആഘോഷിച്ചത്. ആദ്യ വർഷത്തിൽ ആഗോള പങ്കാളികളുമായി നിരവധി കരാറുകളും പങ്കാളിത്തങ്ങളും കമ്പനി ഒപ്പുവെച്ചിട്ടുണ്ട്. പുതിയ ദേശീയ വിമാനക്കമ്പനി മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് ഏകദേശം 20 ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്നും രാജ്യത്തെ ടൂറിസം മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുമെന്നുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.