നിർധനരായ നിത്യരോഗികൾക്ക് ആശ്വാസമായി റിയാദ് മലപ്പുറം കൂട്ടായ്മ
text_fieldsറിയാദ്: കോവിഡ് പ്രതിസന്ധിയിലും വാർഷിക സാന്ത്വന പദ്ധതിയുടെ ഭാഗമായി റിയാദ് മലപ്പുറം കൂട്ടായ്മ (റിമാൽ) മലപ്പുറം മുനിസിപ്പാലിറ്റിയിലും സമീപത്തെ ഒമ്പത് പഞ്ചായത്തുകളിലുമുള്ള ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾ, കാൻസർ രോഗികൾ, പക്ഷാഘാതം വന്ന് കിടപ്പിലായ രോഗികൾ എന്നീ ഗണത്തിലെ 210 രോഗികൾക്ക് സഹായ വിതരണം നടത്തി.
പൂക്കോട്ടൂർ, കോഡൂർ, കൂട്ടിലങ്ങാടി, ആനക്കയം, ഊരകം, പൊന്മള, ഒതുക്കുങ്ങൽ, മക്കരപ്പറമ്പ്, കുറുവ എന്നിവയാണ് റിമാൽ പരിധിയില്‍പെട്ട പഞ്ചായത്തുകൾ. റിയാദിലെ മലപ്പുറത്തുകാരായ സാധാരണ പ്രവാസികൾ നൽകുന്ന ചെറിയ തുകകൾ സമാഹരിച്ചാണ് റിമാൽ സാന്ത്വനം പ്രവര്‍ത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നത്.
ഏറ്റവും അർഹരായ രോഗികളെ കണ്ടെത്തി അതത് സമയത്ത് നാട്ടിലുള്ള റിമാൽ പ്രവർത്തകർ ഓരോ രോഗിയെയും അവരുടെ വീടുകളില്‍ നേരിട്ട് സന്ദര്‍ശിച്ച് സാന്ത്വനവും ഒപ്പം ചെറിയ സാമ്പത്തിക സഹായവും നൽകുക എന്നതാണ് കഴിഞ്ഞ 11 വർഷമായി തുടരുന്ന 'റിമാൽ സാന്ത്വനം പദ്ധതിയുടെ' രീതി. ഭീമമായ ചെലവ് വരുന്ന വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരാകുന്ന നിർധനരായ രോഗികൾക്കും റിമാൽ സഹായം നല്കി.
റിയാദിൽ മരിച്ച പ്രവാസികളുടെ കുടുംബങ്ങൾക്ക് നിശ്ചിത സമയത്തേക്ക് പ്രതിമാസ സഹായം, രോഗികളായി മടങ്ങി വന്നവർക്ക് തുടർ ചികിത്സക്കുള്ള സഹായം, രോഗപ്രതിരോധത്തിനുള്ള ബോധവത്കരണ പരിപാടികള്‍ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു. റിയാദിലെ പ്രവാസികളുടെ ആരോഗ്യ, തൊഴില്‍, നിയമ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതോടൊപ്പം നാട്ടിലും പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ പരിഹരിക്കുന്നതിനും 15 വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റിമാലിന് കഴിഞ്ഞതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.