റിയാദ് ബീറ്റ്സ്: യുവപ്രതിഭകൾ അണിനിരക്കുന്ന ആഘോഷരാവ്
text_fieldsറിയാദ്: പുതു തലമുറയുടെ ഹൃദയതാളങ്ങളുമായി പ്രവാസ മലയാളത്തിന്റെ സംഗീതാഭിരുചികളെ പാടിയുണർത്താൻ കേരളത്തിലെ യുവതാരങ്ങൾ ‘റിയാദ് ബീറ്റ്സ്’ സംഗീതനിശയിൽ അണിനിരക്കുന്നു. ഒരുകൂട്ടം യുവഗായകരെ അണിനിരത്തിയാണ് ‘ഗൾഫ് മാധ്യമ’വും ‘മീഫ്രണ്ട് ആപ്പും’ സംഗീതനിശ ഒരുക്കുന്നത്.
ഈ മാസം 29ന് (വെള്ളിയാഴ്ച) റിയാദ് മലസിലെ ലുലു ഹൈപ്പർമാർക്കറ്റ് റൂഫ് അരീനയിൽ വൈകീട്ട് ആറ് മുതലാണ് പരിപാടി. സിനിമ പിന്നണിഗായകനും സംസ്ഥാന അവാർഡ് ജേതാവുമായ വിധു പ്രതാപാണ് യുവപ്രതിഭകൾക്ക് നേതൃത്വം നൽകുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നട, തെലുങ്ക് സിനിമകളിലും ദേവരാജൻ മാസ്റ്ററുടെ ഈ ശിഷ്യൻ കഴിവ് തെളിയിച്ചിട്ടുണ്ട്.
തെന്നിന്ത്യയിലെ അറിയപ്പെട്ട ഗായകൻ എന്നതോടൊപ്പം അഭിനയരംഗത്തും കൈയൊപ്പ് ചാർത്തിയ കലാകാരനാണ് വിധു പ്രതാപ്. നർത്തകിയും അഭിനേത്രിയുമായ ജീവിതപങ്കാളി ദീപ്തി പ്രസാദിനോടൊപ്പം യൂട്യൂബിൽ അവതരിപ്പിച്ച് ഹിറ്റായി മാറിയ കോമഡി സ്കിറ്റുകൾ ചിരിയോടൊപ്പം ചിന്തയും ഉണർത്തുന്ന പരമ്പരയാണ്. ലക്ഷക്കണക്കിന് പ്രേക്ഷകർ ഫോളോ ചെയ്യുന്ന ഇദ്ദേഹത്തിന്റെ സാന്നിധ്യം കലയുടെ ആഘോഷരാവിന് മാറ്റ് പകരും.
2019ലെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളിലൊന്നായ ‘കുമ്പളങ്ങി നൈറ്റ്സി’ലെ ഉയിരില്‍ തൊടും, ‘കൂടെ’യിലെ ആരാരോ, ‘അരവിന്ദന്റെ അതിഥികളി’ലെ ആനന്ദമേ തുടങ്ങി, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍തന്നെ ശ്രദ്ധേയമായ പാട്ടുകള്‍ പാടിയ ആൻ ആമി ആകർഷകമായ ശബ്ദത്തിന്റെ ഉടമയാണ്.
ഇപ്പോൾ ഗായിക മാത്രമല്ല, ഒരു ഡബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം. പ്രവാസത്തിൽ ജനിച്ചുവളർന്ന ആൻ ആമി സംഗീതസംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് വഴിയാണ് സിനിമ സംഗീതത്തിലേക്ക് പ്രവേശിക്കുന്നത്. ഇന്ന് വിനോദലോകത്ത് ഏറെ തിരക്കുള്ള താരമായി മാറിയിരിക്കുന്നു ആൻ ആമി.
ഐഡിയ സ്റ്റാർ സിങ്ങറിലൂടെ മലയാളികളുടെ മനം കവർന്ന പാട്ടുകാരിയാണ് ശിഖ പ്രഭാകർ. മെലഡികളുടെ പ്രണേതാവായ ശിഖയുടെ ഗാനങ്ങൾ യൂട്യൂബിൽ നിമിഷനേരങ്ങൾകൊണ്ടാണ് വൈറലാവുന്നത്. കേരളത്തിനകത്തും പുറത്തും വലിയൊരു ആസ്വാദകവൃന്ദമാണ് ഈ കലാകാരിക്കുള്ളത്.
‘ദി വോയ്സ്’ ഹിന്ദി റിയാലിറ്റി ഷോയിലൂടെയും ‘സരിഗമപ’യിലൂടെയും ആരാധകരെ സൃഷ്ടിക്കുകയും യുവാക്കൾക്ക് ഹരമായി മാറുകയും ചെയ്ത ഗായകൻ ജസീം ജമാലും ‘റിയാദ് ബീറ്റ്സി’ലെ താരമാണ്. പുതുതലമുറയുടെ വേറിട്ട ആസ്വാദന പരികൽപനകൾക്ക് ഉയിര് പകരാനും സംഗീതവീഥിയിൽ മലയാളത്തിന്റെ യൗവനതുടിപ്പ് അടയാളപ്പെടുത്താനും പ്രവാസി മലയാളികളും സംഗീതപ്രേമികളും മലസിലെ ലുലു റൂഫ് അറീനയിലേക്ക് ഒഴുകിയെത്തുമെന്നതിൽ സംശയമില്ല.
നടി ഭാവനയും സെലിബ്രിറ്റി ആങ്കർ മിഥുൻ രമേശും ചിരിയുടെ രാജാക്കന്മാരായ രമേശ് പിഷാരടിയും അശ്വന്ത് അനിൽകുമാറും പങ്കെടുക്കുന്ന ഈ ഷോ സംവിധാനംചെയ്യുന്നത് അജിത് കൊല്ലമാണ്. പ്രവേശന പാസുകൾ ലുലു ഔട്ട്ലെറ്റുകളിലും ‘ഗൾഫ് മാധ്യമം’ പ്രതിനിധികളിൽ നിന്നും ഓൺലൈൻ വഴിയും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.