റിയാദ് പുസ്തകോത്സവത്തിന് തുടക്കം
text_fieldsറിയാദ്: വായനയുടെ വസന്തം വിരിയിച്ച് റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം. റിയാദ് എയർപ്പോർട്ട് റോഡിലെ റിയാദ് ഫ്രണ്ട് കൺവെൻഷൻ സെന്ററിൽ ഇന്ന് (വ്യാഴാഴ്ച) രാവിലെ 11ഓടെ മേള നഗരിയുടെ കവാടങ്ങൾ പൊതുജനങ്ങൾക്കായി തുറന്നിട്ടു. മലയാളം പ്രസാധകരുടെ പവലിയനുകളും സജീവമായി. ഡിസി ബുക്സ് (E41), ഒലിവ് പബ്ലിക്കേഷൻ (സ്റ്റാൾ നമ്പർ E15), ഹരിതം ബുക്സ് (E13), ടിബിഎസ്-പൂർണ പബ്ലിഷേഴ്സ് (I29) എന്നീ മലയാള പ്രസാധകരുടെ പവലിയനുകളിൽ വിവിധ ശീർഷകങ്ങളിലായി ആയിരക്കണക്കിന് പുസ്തകങ്ങളാണ് പ്രദർശിപ്പിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ സ്റ്റാളുകൾ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസുലർ എം.ആർ. സജീവ് ഉദ്ഘാടനം ചെയ്തു. ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച എം. മുകുന്ദന്റെ 'മരിയയുടെ മധുവിധു', 'ഉറൂബിന്റെ ശ്മശാന വൈരാഗ്യവും മറ്റ് കഥകളും' എന്നീ പുസ്തകങ്ങളുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. വായനയും പുസ്തകങ്ങളും ലോകത്താകമാനം തിരിച്ചുവരവിന്റെ പാതയിലാണെന്നും ഇന്ത്യൻ പ്രസാധകർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. റിയാദ് പുസ്തകോത്സവത്തിൽ 'ഇന്ത്യൻ പവലിയൻ' എന്ന വലിയ സങ്കൽപ്പത്തിലേക്ക് എത്തിച്ചേരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബി അറബിക് ലാംഗ്വേജ് സെന്റർ സെക്ഷൻ ഹെഡ് ഇബ്രാഹിം മുഹമ്മദ് അൽസലാമക്ക് നൽകിക്കൊണ്ടായിരുന്നു പുസ്തകങ്ങളുടെ പ്രകാശനം. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി കെ. മുഹമ്മദ് ഷബീർ, ഇന്ത്യൻ വാണിജ്യ മന്ത്രാലയത്തിന് കീഴിലെ 'കേപക്സിൽ' ഡപ്യൂട്ടി ഡയറക്ടർ സുനിൽകുമാർ, ഹരിതം ബുക്സ് എം.ഡി പ്രതാപൻ തായാട്ട്, ഒലിവ് പബ്ലിക്കേഷൻസ് മാർക്കറ്റിങ് മാനേജർ സന്ദീപ്, സീഫോർ ബുക്സ് പ്രതിനിധി ഷക്കീം ചെക്കുപ്പ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഒക്ടോബർ എട്ട് വരെ നടക്കുന്ന പുസ്തകോത്സവത്തിൽ വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും രാവിലെ 11 മുതൽ രാത്രി 12 വരെയാണ് സന്ദർശന സമയം. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ട് മുതൽ 12 വരെയാണ് സന്ദർശകരെ അനുവദിക്കുക. 32 രാജ്യങ്ങളിൽനിന്ന് 1200 പ്രസാധകരാണ് സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. ഇന്ത്യയിൽനിന്ന് ആകെ 10 പ്രസാധക സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. തുണീഷ്യയാണ് ഇത്തവണത്തെ അതിഥി രാജ്യം. അവിടെനിന്നുള്ള തനത് പാരമ്പര്യ കലാരൂപങ്ങളും സംഗീതമേളയും പുസ്തകോത്സവ നഗരിയിൽ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.