അറിവിൻ ചിറകിലേറി റിയാദ് പുസ്തകോത്സവം
text_fieldsറിയാദ്: ഭാഷക്ക് പുത്തനുണർവ് പകർന്ന് റിയാദ് പുസ്തകോത്സവം നാല് ദിനങ്ങൾ പിന്നിട്ടു. ഏറ്റവും കൂടുതൽ മലയാള പ്രസിദ്ധീകരണാലയങ്ങൾ പങ്കെടുക്കുന്ന മേള എന്ന സവിശേഷത കൂടിയുണ്ട് ഈ വർഷം. പ്രവാസി കൾക്കിടയിലും അതിന്റെ അനുരണനങ്ങൾ കാണുന്നുണ്ട്. മലയാളി എഴുത്തുകാരും വായനക്കാരും സാധാരണ കുടുംബങ്ങളുമൊക്കെ പുസ്തക നഗരിയിൽ സജീവ സാന്നിധ്യമായി. എഴുത്തുകാരൻ ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, മുൻ മന്ത്രി എം.കെ. മുനീർ എം.എൽ.എ, 'സുൽത്താൻ വാരിയംകുന്നൻ' എന്ന ഒറ്റകൃതിയിലൂടെ വായനലോകം ആഘോഷിച്ച റമീസ് മുഹമ്മദ്, പ്രവാസി എഴുത്തുകാരായ എം. ഫൈസൽ, ജോസഫ് അതിരുങ്കൽ, ബീന, സബീന എം. സാലി, നിഖില സമീർ, ഖമർബാനു വലിയകത്ത്, എം.പി. ഷഹ്ദാൻ, എഴുത്തുകാരനും പ്രിൻസ് സുൽത്താൻ സെന്ററിലെ സീനിയർ റിസർച്ച് കൺസൾട്ടന്റുമായ ഡോ. ജയചന്ദ്രൻ, ഗായികയും ഇന്ത്യൻ സ്‌കൂൾ അധ്യാപികയുമായ ഹിബ അബ്ദുസ്സലാം തുടങ്ങി ഒട്ടേറെ പ്രമുഖർ നഗരിയിലെത്തി. മേളയെ കുറിച്ച് ഇവരെല്ലാം 'ഗൾഫ് മാധ്യമ'വുമായി അഭിപ്രായങ്ങൾ പങ്കുവെച്ചു.
പുസ്തകങ്ങളുടെ വൻ ശേഖരം -ഹിബ അബ്ദുസ്സലാം
ഏറ്റവും പുതിയ പുസ്തകങ്ങളടക്കം വലിയൊരു ശേഖരത്തോടെയാണ് നമ്മുടെ പ്രസാധകർ എത്തിയിട്ടുള്ളത്. അറിയപ്പെടുന്ന ഇന്ത്യൻ എഴുത്തുകാരുടെ ഇംഗ്ലീഷ് പുസ്തകങ്ങളുമുണ്ട്. ഒരുപാട് ഗ്രന്ഥങ്ങൾ കാണുവാനും പരിചയപ്പെടാനും സാധിച്ചു.
അസുലഭ അവസരം -എം.പി. ഷഹ്ദാൻ
മേളയിൽ കുട്ടികൾ ഇഷ്ടപ്പെടുന്ന ഇംഗ്ലീഷ് പുസ്തകങ്ങളുടെ സ്റ്റാളുകളും നിരവധിയുണ്ട്. ഈ അസുലഭ അവസരം ഉപയോഗപ്പെടുത്തുന്ന കുടുംബങ്ങൾ കുറവാണെന്നാണ് മേളയിലെ ശുഷ്കമായ സാന്നിധ്യം കാണിക്കുന്നത്. എം.പി. ഷഹ്ദാൻ പറഞ്ഞു.
പുസ്തകം ജിജ്ഞാസയിൽനിന്ന് -റമീസ് മുഹമ്മദ്
ഇംഗ്ലണ്ടിൽ പഠിക്കുന്ന കാലത്ത്, ബ്രിട്ടീഷുകാർക്കെതിരെ ഉജ്ജ്വല സമരം നടത്തിയ വാരിയം കുന്നത്തിനെ കുറിച്ച് ഒരു കുറിപ്പ് വായിച്ചിരുന്നു. അതൊരു ജിജ്ഞാസയായി വളരുകയും പിന്നീട് ഗവേഷണത്തിലൂടെ ഒരു പുസ്തകമായി പരിവർത്തിതമാവുകയും ചെയ്യുകയായിരുന്നു. അതൊരു സിനിമയായി കാണാനുള്ള അതിയായ ആഗ്രഹമുണ്ട്. തിരക്കഥയുടെ പണിപ്പുരയിലാണ്.
അസാധാരണമായ അവസരം -ഡോ. ജയചന്ദ്രൻ
ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് അസാധാരണമായ ഒരവസരമാണിത്. മലയാളത്തിൽനിന്ന് ഇത്രയുമധികം പ്രസാധകർ മുമ്പുണ്ടായിട്ടില്ല. റിയാദിൽ ധാരാളം മലയാളികളും കലാസാംസ്കാരിക സംഘടനകളുമുണ്ട്. അവരെല്ലാം ഈ സന്ദർഭം ഉപയോഗപ്പെടുത്താൻ വളരെ വേഗത്തിൽ തന്നെ മുന്നോട്ടു വരണം.
ഉയരും ഈ മേള -എം. ഫൈസൽ
ലോകത്ത് നടക്കുന്ന മറ്റു പുസ്തകോത്സവങ്ങളെപോലെ ഇത് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയൊരു വായനസമൂഹം ഇവിടെയുണ്ട്, അവർക്ക് പുസ്തകങ്ങൾ ലഭ്യമാകുന്ന രീതികളുമുണ്ട്. അതിനാൽ പെട്ടെന്ന് വലിയൊരു സമൂഹത്തിന്റെ സാന്നിധ്യം ഉണ്ടാവില്ലെങ്കിലും ക്രമാനുഗതമായി അത് വർധിക്കുമെന്നും മേള ഒരു സാംസ്കാരിക ഇടപെടലായി മാറുമെന്നും ഉറച്ച പ്രതീക്ഷയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.