മേളയിൽ പുതുചരിത്രമെഴുതി മലയാളിമൂല
text_fieldsറിയാദ്: പുസ്തക മേളയിലെ മലയാളി മൂല എഴുതുന്നത് പുതിയ ചരിത്രം. മേളയുടെ ചരിത്രത്തിൽ ആദ്യമായാണ് മലയാള പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെട്ടത്. സൗദിയിലെ മലയാളി എഴുത്തുകാരായ ജോസഫ് അതിരുങ്കൽ, സബീന എം. സാലി, നിഖില സമീർ, കമർബാനു വലിയകത്ത്, ജയ് എൻ.കെ തുടങ്ങിയവരാണ് പുതിയ പുസ്തകങ്ങളുമായി എത്തിയത്. എഴുത്തുകാരൻ എൻ.പി. ഹാഫിസ് മുഹമ്മദ് ഇതിൽ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു. ചടങ്ങിന് സാക്ഷിയാവാൻ നിരവധി അക്ഷരപ്രേമികൾ എത്തിച്ചേർന്നിരുന്നു.
നിഖില സമീറിന്റെയും കമർ ബാനു വലിയകത്തിന്റെയും ആദ്യ കവിത സമാഹാരങ്ങളാണ് വായനക്കാരിലേക്ക് എത്തിയത്. സബീന എം. സാലിയുടെ 'പ്രണയമേ കലഹമേ' എന്ന കൃതി എഴുത്തുകാരൻ റമീസ് മുഹമ്മദ് ഏറ്റുവാങ്ങി. കമർ ബാനു വലിയകത്തിന്റെ 'ഗുൽമോഹറിതളുകൾ' അബ്ദുസലാം ഏറ്റുവാങ്ങി.നിഖില സമീറിന്റെ കവിത സമാഹാരമായ 'അമേയ' സമീർ കാസിം കോയ ഏറ്റുവാങ്ങി. പ്രകാശന ചടങ്ങിന് ഏറെ പ്രത്യേകതയുള്ളതായി എൻ.പി. ഹാഫിസ് മുഹമ്മദ് പറഞ്ഞു. ആദ്യമായാണ് മൂന്നു കവയിത്രികളുടെ മൂന്നു കവിത സമാഹാരങ്ങൾ ഒരു വേദിയിൽ പ്രകാശനം നടത്താനായി എന്നത് സവിശേഷതയായി.
വരും വർഷങ്ങളിൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോട് കിടപിടിക്കുന്ന ഒന്നായി റിയാദ് പുസ്തകമേള മാറുമെന്നും അതിന് സൗദിയിലെ പ്രവാസി സമൂഹം മുൻകൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ് ഷിബു ഉസ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കപേക്സിൽ ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടർ സുനിൽ കുമാർ, എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, അഷ്‌റഫ് കൊടിഞ്ഞി, റഹ്മത്ത് ഇലാഹി എന്നിവർ സംസാരിച്ചു. ഹരിതം ബുക്സ് മാനേജിങ് ഡയറക്ടർ പ്രതാപൻ തായാട്ട് സ്വാഗതവും മുഹമ്മദ് സാലി നന്ദിയും പറഞ്ഞു.
പ്രകാശനം ചെയ്ത മൂന്നുപേരുടെയും പുസ്തകങ്ങൾ ഹരിതം ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ജയ് എൻ.കെയുടെ 'റോയൽ മസാകർ' എന്ന ക്രൈം ഫിക്ഷൻ നോവൽ ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് പ്രകാശനം ചെയ്തു. ജോസഫ് അതിരുങ്കലിന്റെ 'ഗ്രിഗർ സാംസയുടെ കാമുകി' എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം തിങ്കളാഴ്ച പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നിർവഹിക്കും. ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനായ മുജീബ് ജൈഹൂനിന്റെ 'സയ്യിദിന്റെ സൂക്തങ്ങൾ' എന്ന പുസ്തകം എൻ.പി. ഹാഫിസ് മുഹമ്മദ്, ഡോ. എം.കെ. മുനീർ എം.എൽ.എക്ക് നൽകി പ്രകാശനം ചെയ്തു. എല്ലാ പുസ്തകങ്ങൾക്കും 20 ശതമാനം കിഴിവ് ലഭിക്കുന്നു എന്നതും പ്രവേശനം തികച്ചും സൗജന്യമായതും വായനക്കാരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. ഒക്ടോബർ എട്ടിന് മേള അവസാനിക്കും. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 12 വരെയാണ് സന്ദർശന സമയം. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടു മുതൽ രാത്രി 12 വരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.