റിയാദ് ബസ് സർവിസ് രണ്ടാം ഘട്ടം പ്രഖ്യാപിച്ചു
text_fieldsറിയാദ്: റിയാദ് റോയൽ കമീഷൻ കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് ബസ് സർവിസിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. നിലവിലുള്ളതിനൊപ്പം ഒമ്പത് റൂട്ടുകൾ കൂടി കൂട്ടിച്ചേർത്താണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. ഇതോടെ നഗരത്തിലെ 24 റൂട്ടുകളിൽ 560 ബസുകൾ സർവിസ് നടത്തും. സ്റ്റോപ്പിങ് പോയന്റുകളുടെ എണ്ണം 1,100 ലധികമായി ഉയരും.
നിലവിൽ 1,120 കിലോമീറ്റർ നീളമുള്ള നഗരപാതയുടെ നീളം പദ്ധതി പൂർത്തിയാകുമ്പോൾ 1,900 കിലോമീറ്ററായി ഉയരും. ‘കൂടുതൽ ബസുകൾ, റൂട്ടുകൾ, സ്റ്റേഷനുകൾ’ എന്ന ശീർഷകത്തിലാണ് റിയാദ് ബസ് സർവിസിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്. യാത്ര ആസൂത്രണവും ടിക്കറ്റ് വാങ്ങലും സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ, വിവിധ സ്മാർട്ട് ഫോൺ സ്റ്റോറുകളിൽ ലഭ്യമായ ‘റിയാദ് ബസ്’ ഔദ്യോഗിക ഇലക്ട്രോണിക് ആപ്ലിക്കേഷന്റെ അധിക ഫീച്ചറുകൾ കൂടി ആരംഭിച്ചുകൊണ്ടാണ് രണ്ടാം ഘട്ടം തുടങ്ങുന്നത്. ‘നിങ്ങളുടെ ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുക’ എന്ന ഒപ്ഷൻ വഴി ടിക്കറ്റുകൾ സ്വന്തമാക്കാം.
മൂന്ന്, ഏഴ്, 30 ദിവസങ്ങൾ എന്നിങ്ങനെ വ്യത്യസ്ത കാലാവധിയുള്ള ടിക്കറ്റുകൾ വാങ്ങാൻ യാത്രക്കാർക്ക് ഒന്നിലധികം അവസരങ്ങൾ നൽകുന്ന, അധിക ഒപ്ഷനുകളും ലോഞ്ച് ചെയ്ത പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നതായി റോയൽ കമീഷൻ അധികൃതർ വ്യക്തമാക്കി.
ബസ് സ്റ്റേഷനുകളിൽ ലഭ്യമായ ടിക്കറ്റ് വെൻഡിങ് മെഷീനുകൾ വഴിയോ ബസ് ഡാർബ് കാർഡ് മുഖേനയോ ‘റിയാദ് ബസ്’ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റുകൾ വാങ്ങാം. ഡാർബ് കാർഡ് ഡിജിറ്റൽ രൂപത്തിലും പ്രിന്റ് രൂപത്തിലും ലഭ്യമാണ്. മാർച്ച് 19 നാണ് റിയാദ് ബസ് സർവിസിന്റെ ആദ്യഘട്ടം ആരംഭിച്ചത്. യാത്രക്കുള്ള ടിക്കറ്റ് നിരക്ക് നാല് റിയാലായി നിശ്ചയിച്ചത് തുടരും.
കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് ബസ് സർവിസ് നടത്തുന്നത്. മെട്രോ ട്രെയിനുകളും ബസുകളും അടങ്ങുന്ന, 2,250 കോടി ഡോളർ ചെലവ് വരുന്ന ഈ പദ്ധതി ലോകത്തിലെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതിയായി കണക്കാക്കപ്പെടുന്നു. 800ലധികം ബസുകൾ നിരത്തിലിറങ്ങുന്ന റിയാദ് ബസ് ശൃംഖലയുടെ അഞ്ച് ഘട്ടങ്ങൾ പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ 86 റൂട്ടുകളിലായി 2,900ലധികം സ്റ്റോപ്പിങ് പോയന്റുകളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.