റിയാദ്-ദമ്മാം-ജുബൈൽ ഗുഡ്സ് ട്രെയിൻ; ഹൈവേകളിൽനിന്ന് പ്രതിവർഷം രണ്ടു ലക്ഷം ട്രക്കുകൾ ഒഴിവാകും
text_fieldsറിയാദ്: നിലവിലുള്ള റിയാദ്-ദമ്മാം റെയിൽപാതയെ ജുബൈലുമായി ബന്ധിപ്പിച്ച് ചരക്കുഗതാഗതം സുഗമമാക്കാനുള്ള പദ്ധതി യാഥാർഥ്യമാകുന്നതോടെ ഹൈവേകളിൽനിന്ന് പ്രതിവർഷം രണ്ടു ലക്ഷത്തോളം ട്രക്കുകൾ ഒഴിവാകും. വടക്കുകിഴക്കൻ തീവണ്ടിപ്പാതയെ ജുബൈൽ വ്യവസായനഗരവുമായി ബന്ധിപ്പിക്കുന്ന പദ്ധതി കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നാഇഫ് ഇക്കഴിഞ്ഞ ഞായറാഴ്ച ഉദ്ഘാടനം ചെയ്തിരുന്നു. ജുബൈൽ ഇന്റർ സിറ്റി ട്രെയിൻ സർവിസ് പദ്ധതിയും കൂട്ടത്തിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. പദ്ധതി പൂർത്തിയാകുന്നതോടെ അടുത്ത വർഷം തുടക്കത്തിൽ തന്നെ ജുബൈൽ നഗരത്തിലേക്ക് ഗുഡ്സ് ട്രെയിനുകൾ ഓടിത്തുടങ്ങും.
ജുബൈൽ വ്യവസായനഗരം ഒന്ന്, രണ്ട്, കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട്, ജുബൈൽ കമേഴ്സ്യൽ പോർട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന 193 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പദ്ധതിയാണ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ചരക്കുനീക്ക മേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കുന്ന പദ്ധതിയാണിതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ജിദ്ദ-റിയാദ്, മദീന-റിയാദ്, റിയാദ്-ദമ്മാം ഹൈവേകളിലെ ട്രക്ക് ഗതാഗതം ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ.
ഇത് ചെറുതും വലുതുമായ യാത്രാവാഹനങ്ങളുടെ ഗതാഗതം സുഗമമാക്കും. ട്രക്കുകളുടെ അമിതവേഗവും ഓവർടേക്കും നിരവധി അപകടങ്ങൾ വരുത്തിവെക്കുകയും ഒട്ടേറെ ജീവനുകൾ നഷ്ടമാവുകയും ചെയ്ത ചരിത്രമുണ്ട്. പുതിയ റെയിൽ ശൃംഖല ജുബൈൽ വ്യവസായ നഗരങ്ങൾക്കും തുറമുഖങ്ങൾക്കുമിടയിൽ ചരക്കുനീക്കം ത്വരിതപ്പെടുത്തുമെന്നും വ്യവസായരംഗത്ത് കുതിച്ചുചാട്ടമുണ്ടാകുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്.
ഇതര ഗതാഗതമാർഗങ്ങളുമായി ബന്ധപ്പെടുത്തുന്നതോടെ ജീവിതനിലവാരം ഉയർത്തുന്ന സുരക്ഷിതവും പരിസ്ഥിതിസൗഹൃദവുമായ യാത്രാ സംവിധാനങ്ങളിലേക്ക് ജനങ്ങൾ ആകർഷിക്കപ്പെടുമെന്നും കണക്കുകൂട്ടുന്നു. കാർബൺ പുറന്തള്ളുന്ന പ്രക്രിയ 2060-ഓടെ പൂജ്യം നിലവാരത്തിലേക്ക് കൊണ്ടുവരാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഇത് കരുത്തുപകരും.
കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ടിലേക്ക് ദിവസേന രണ്ടു ട്രിപ്പുകളാണ് തുടക്കത്തിൽ ഷെഡ്യൂൾ ചെയ്യുക. ജുബൈൽ വാണിജ്യ തുറമുഖത്തേക്കും തിരിച്ചും പ്രതിവർഷം 1,25,000 കണ്ടെയ്നറുകൾ ഇപ്രകാരം എത്തിക്കാനാകും. ജുബൈൽ കണ്ടെയ്നർ ടെർമിനലിൽനിന്ന് ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തേക്ക് പ്രതിദിനം രണ്ടു യാത്രകളും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പ്രതിവർഷം മൂന്നു ലക്ഷം കണ്ടെയ്നറുകൾ ഇവിടെയും എത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.