അരനൂറ്റാണ്ടിന്റെ അപൂർവ സംഗമമായി ‘റിയാദ് ഡയസ്പോറ’
text_fieldsകോഴിക്കോട്: സൗദി തലസ്ഥാന നഗരത്തിലെ അര നൂറ്റാണ്ട് കാലത്തെ പ്രവാസ സൗഹൃദവും അനുഭവങ്ങളും പങ്കുവെച്ച് ‘റിയാദ് ഡയസ്പോറ’പ്രവാസി സംഗമം. കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ ‘റിയാദ് റൂട്സ് റീ യൂനിയൻ’എന്ന തലവാചകത്തിൽ നടന്ന സംഗമത്തിലെ സാംസ്കാരിക സമ്മേളനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
റിയാദ് ഡയസ്പോറ പോലെയുള്ള സൗഹൃദ കൂട്ടങ്ങൾ ഉണ്ടാകുന്നത് പലതരത്തിൽ നമ്മുടെ നാടിന് ഉപകാരപ്രദമാകുമെന്നും ഗൾഫ് പൗരന്മാർ കേരളത്തിലേക്ക് ടൂറിസ്റ്റുകളായി കൂടുതൽ എത്തിത്തുടങ്ങിയിരിക്കുകയാണെന്നും അത് പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ കൂടുതൽ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ ദുരന്തത്തിൽപെട്ട കുടുംബങ്ങളുടെയും അവരുടെ പുനരധിവാസത്തെ കുറിച്ചും മന്ത്രി വിശദമായി സംസാരിച്ചു.
രാവിലെ 9.30ന് ആരംഭിച്ച പരിപാടിയിലേക്ക് ലോകത്തിന്റെ വിവിധ ദിക്കുകകളിൽനിന്ന് പ്രതിനിധികളെത്തി. നേരത്തേ റിയാദ് പ്രവാസികളായിരുന്നവർ പലരും ഇപ്പോൾ തൊഴിലും നിക്ഷേപകരുമായി ലോകത്തിന്റെ പലയിടത്തും ചിതറിക്കിടക്കുകയാണ്. ഓർമ പുതുക്കാനുള്ള അപൂർവ സംഗമത്തിന് വേദിയൊരുങ്ങിയപ്പോൾ സാധ്യമായവരെല്ലാം കോഴിക്കോട്ടെത്തി പരിപാടിയിൽ പങ്കാളികളായി.
ഡയസ്പോറ സമ്മേളനത്തിന്റെ ആദ്യ സെഷനായ വേദി ഉദ്ഘാടനം ഡോ. അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു. വേര് തേടിയുള്ള യാത്രയും വേരുകൾ കൂട്ടിയിണക്കിയുള്ള സംഗമവും മികച്ച കാഴ്ചയും അനുഭവവുമാണ് സമ്മാനിച്ചതെന്ന് സമദാനി പറഞ്ഞു.
വർഷങ്ങളോളം ഒരേ റൂമിൽ താമസിച്ചവരും ഒരേ സ്ഥലത്ത് തൊഴിലെടുത്തവരും കാലങ്ങൾക്കുശേഷം കണ്ടുമുട്ടിയപ്പോൾ വൈകാരിക രംഗങ്ങൾക്ക് ഡയസ്പോറ വേദി സാക്ഷിയായി. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത ഡോ. എം.കെ. മുനീർ എം.എൽ.എ റിയാദ് ഡയസ്പോറയെന്ന ആശയത്തെ അഭിനന്ദിച്ചു. പ്രവാസികളുടെ വൈകാരിക അടുപ്പത്തെ കുറിച്ചും ഡയസ്പോറ പോലെയുള്ള കൂട്ടായ്മയുടെ ആവശ്യകതയെ കുറിച്ചും സംസാരിച്ച മുനീർ പാട്ട് പാടി സദസ്സിനെ ആസ്വദിപ്പിച്ചാണ് മടങ്ങിയത്.
റിയാദ് പ്രവാസികൾ ഒരു കാലത്ത് ഏറെ ആസ്വദിച്ച പ്രവാസി കലാകാരന്മാരുടെ ശബ്ദം ഡയസ്പോറയുടെ വേദിയിൽ വീണ്ടും മുഴങ്ങി. 80കൾ മുതൽ റിയാദിൽ പാടിയിരുന്ന ഗായകരും ഗായികമാരും ഡയസ്പോറയിൽ പാട്ടിനൊപ്പം ചുവടുവെച്ചപ്പോൾ അക്ഷരാർഥത്തിൽ റിയാദ് നഗരം കോഴിക്കോട്ട് പുനരാവിഷ്കരിക്കപ്പെട്ടു.
മൂന്നാം സെഷനിലെത്തിയ ടി. സിദ്ദീഖ് എം.എൽ.എ പ്രവാസി സുഹൃത്തുക്കളുടെ കരുതലിനെ കുറച്ചും നമ്മുടെ നാട് വിപത്തുകൾ നേരിടുമ്പോൾ അവരൊരുമിച്ച് ചെയ്യുന്ന നന്മ നിറഞ്ഞ പ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞു.
ഗസൽ ഗായകരായ റാസയും ബീഗവും നയിച്ച ഗസൽ സായാഹ്നം സമ്മേളനത്തിലെത്തിയ പ്രതിനിധികളെ ആസ്വാദാനത്തിന്റെ നെറുകയിലെത്തിച്ചു. ചടങ്ങിൽ റിയാദ് ഡയസ്പോറ ചെയർമാൻ ഷക്കീബ് കൊളക്കാടൻ അധ്യക്ഷ്യത വഹിച്ചു.
ചീഫ് കോഓഡിനേറ്റർ നൗഫൽ പാലക്കാടൻ ആമുഖപ്രസംഗം നടത്തി. അഡ്വൈസറി ബോർഡ് ചെയർമാൻ അഷ്റഫ് വേങ്ങാട്ട് റിയാദ് ഡയസ്പോറയുടെ വിഷനും മിഷനും വിശദീകരിച്ചു. ജനറൽ കൺവീനർ നാസർ കാരന്തൂർ സ്വാഗതവും ട്രഷറർ ബാലചന്ദ്രൻ നായർ നന്ദിയും പറഞ്ഞു.
അയൂബ്ഖാൻ, ഉബൈദ് എടവണ്ണ, ഷാജി ആലപ്പുഴ, നാസർ കാരക്കുന്ന്, ബഷീർ പാങ്ങോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഡ്വ. അനിൽ ബോസ്, സൂരജ് പാണയിൽ, ടി.എം. അഹമ്മദ് കോയ, എൻ.എം. ശ്രീധരൻ കൂൾ ടെക്, ഷാജി കുന്നിക്കോട്, ബഷീർ മുസ്ലിയാരകത്ത്, ഡേവിഡ് ലൂക്ക്, മുഹമ്മദ് കുട്ടി പെരിന്തൽമണ്ണ, മജീദ് ചിങ്ങോലി,സലിം കളക്കര, അഡ്വ. സൈനുദ്ധീൻ കൊച്ചി, ഫസൽ റഹ്മാൻ, മുഹമ്മദലി മുണ്ടോടൻ, മുഹമ്മദ് അലി വേങ്ങാട്ട്, റാഫി കൊയിലാണ്ടി, ഷീബ രാമചന്ദ്രൻ, സി.കെ. ഹസ്സൻകോയ, ഇസ്മാഈൽ എരുമേലി തുടങ്ങി അറുനൂറോളം പ്രതിനിധികളും സമ്മേളനത്തിന്റെ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.