തഹ്ലിയയിൽ വീണ്ടും ‘റിയാദ് സായാഹ്ന ചന്ത’
text_fieldsറിയാദ് നഗരസഭ ആരംഭിച്ച തഹ്ലിയയിലെ സായാഹ്ന ചന്തയിലെ വിവിധ കാഴ്ചകൾ, സഫ മക്ക മെഡിക്കൽ സെൻററിന്റെ ബോധവത്കരണ ബൂത്ത്
റിയാദ്: സൗദി തലസ്ഥാനനഗര ഹൃദയത്തിലെ തഹ്ലിയ തെരുവിൽ ‘റിയാദ് മാർക്കറ്റ്’ എന്ന പേരിൽ ഇത്തവണയും പ്രാദേശിക സായാഹ്ന ചന്ത. റിയാദ് നഗരസഭ വർഷംതോറും സംഘടിപ്പിക്കുന്ന ചന്ത എല്ലാ ശനിയാഴ്ചകളിലും ഉച്ചക്ക് ഒന്നു മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുന്നത്. പ്രധാനമായും ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് ചന്തയുടെ ലക്ഷ്യം. നൂറോളം പവിലിയനുകൾ വ്യത്യസ്ത ഉൽപന്നങ്ങളുമായി ചന്തയിലുണ്ട്. ആരോഗ്യബോധവത്കരണവും സൗജന്യ മെഡിക്കൽ പരിശോധനയുമായി റിയാദിലെ പ്രമുഖ ആതുരാലയ ശൃംഖലയായ സഫ മക്ക മെഡിക്കൽ സെൻററും മാർക്കറ്റിന്റെ ഭാഗമായി ബോധവത്കരണ ബൂത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.
കർഷകർ, വിദ്യാർഥികൾ, വീട്ടമ്മമാർ, ചെറുകിട സംരംഭകർ, കുടിൽ വ്യവസായികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ചന്തയിലെത്തുന്നുണ്ട്. വിവിധയിനം ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്ന ചന്തയിലേക്ക് പ്രവേശനം പൂർണമായും സൗജന്യമാണ്. ഓർഗാനിക് പച്ചക്കറികൾ, പഴങ്ങൾ, പൂക്കൾ, ക്രിയേറ്റിവ് ഗിഫ്റ്റുകൾ, പ്ലാസ്റ്റിക് നിർമിത വസ്തുക്കൾ, രാസവസ്തുക്കൾ ഉപയോഗിക്കാത്ത സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങി കലർപ്പില്ലാത്ത ഉൽപന്നങ്ങളാണ് പ്രധാന ആകർഷണീയം. റിയാദ് മാർക്കറ്റിൽ സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽനിന്നുള്ള വ്യത്യസ്ത മേഖലകളിലുള്ളവരുടെ സാന്നിധ്യമുണ്ട്. പവിലിയനുകളിൽ പ്രധാനമായും സംരംഭകരായുള്ളത് സ്ത്രീകളാണ്. സംരംഭക രംഗത്തേക്ക് നിർഭയം കടന്നുവരാനുള്ള പ്രചോദനം കൂടിയാണ് ചന്ത ലക്ഷ്യംവെക്കുന്നത്. ഘോഷയാത്ര, ചിത്രംവര, അറബിക് സംഗീതമേള തുടങ്ങി നിരവധി കലാകാരന്മാരുടെ കലാപ്രകടനവും നഗരിയെ സജീവമാക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.