റിയാദ് ഫ്രൻഡ്ഷിപ് അസോസിയേഷൻ ഓണം ആഘോഷിച്ചു
text_fieldsറിയാദ്: റിയാദ് ഫ്രൻഡ്ഷിപ് അസോസിയേഷൻ (റിഫ) വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. റിയാദ് എക്സിറ്റ് 30ലെ ദുറ ഓഡിറ്റോറിയത്തിൽ റിഫ അംഗങ്ങൾ അവരുടെ ഭവനങ്ങളിൽനിന്ന് ഒരുക്കിക്കൊണ്ടുവന്ന വിഭവ സമൃദ്ധമായ സദ്യയോടെ ഓണാഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. കൊച്ചുകൃഷ്ണൻ, ജയൻ നായർ, ജോണി പാണംകുളം, ഹരിദാസ്, സുനിൽ കണ്ണൂർ, കിരൺ കുമാർ, റോയ് വർഗീസ് എന്നിവർ കലവറ നിയന്ത്രിച്ചു.
റിഫ പ്രസിഡൻറ് റസൂൽ സലാം, അബ്ദുല്ല വല്ലാഞ്ചിറ, ജീവ രാജീവ്, പുഷ്പരാജ്, സതീഷ് കുമാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വല്ലാഞ്ചിറ (ഒ.ഐ.സി.സി), സതീഷ് കുമാർ (സമന്വയ), പുഷ്പരാജ് (ഇന്ത്യൻ എംബസി), കനകലാൽ (ദിശ), മുഹമ്മദ് ഇല്യാസ് (ആവാസ്) തുടങ്ങിയവർ സംസാരിച്ചു. റിഫ സെക്രട്ടറി ജേക്കബ് കരാത്ര സ്വാഗതവും ട്രഷറർ ബിജു മുല്ലശ്ശേരി നന്ദിയും പറഞ്ഞു. നിബു വർഗീസ് യോഗനടപടികൾ നിയന്ത്രിച്ചു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലിയേന്തിയ യുവതികൾ മാവേലി മന്നനെ വേദിയിലേക്ക് ആനയിച്ചു. പുലികളിയും നാടൻ കലാരൂപങ്ങളും ഘോഷയാത്രക്ക് മാറ്റുകൂട്ടി. ബിജി ജേക്കബ്, ബീന പ്രസാദ്, സ്മിത രാംദാസ്, ഹസ്ന അബ്ദുസ്സലാം, ദീപ ഗോപിനാഥ്, സന്ധ്യ ജയൻ, ശ്രീജ കൊച്ചുകൃഷ്ണൻ, രമ്യ സ്വരൂപ് എന്നിവർ ചേർന്ന് അവതരിപ്പിച്ച തിരുവാതിര, മുരളീകൃഷ്ണന്റെ നേതൃത്വത്തിൽ പുരുഷ കേസരികളുടെ ഒപ്പന, റിയാദിലെ നാടൻപാട്ട് കലാസംഘം അവതരിപ്പിച്ച നാടൻ പാട്ടുകൾ, ഉപകരണ സംഗീതം, ആയോധന കലാപ്രകടനം, ഗ്രൂപ് ഡാൻസുകൾ, ഗ്രൂപ് സോങ്സ് തുടങ്ങിയ പരിപാടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. പ്രോഗ്രാം കോഓഡിനേറ്റർ പ്രസാദ് കുമാർ കലാപരിപാടികൾ ക്രമീകരിച്ചു. ഹിബ അബ്ദുസ്സലാം അവതാരകയായി. പ്രോഗ്രാം കൺവീനർ രാംദാസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.