സൗദി കിരീടാവകാശി പ്രചോദനമേകുന്ന നേതാവ് -ബിൽ ക്ലിന്റൺ
text_fieldsയു.എസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ റിയാദിൽ ഫ്യൂചർ ഓഫ് റിയൽ എസ്റ്റേറ്റ് ഫോറത്തിൽ സംസാരിക്കുന്നു
റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രചോദനമേകുന്ന നേതാവാണെന്നും ആധുനിക യുഗത്തിലെ ധീരമായ വികസന പദ്ധതികളിലൊന്നാണ് ‘സൗദി വിഷൻ 2030’ എന്നും യു.എസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ. ലക്ഷ്യം നേടാൻ സൗദി ഭരണാധികാരികളിൽ വലിയ അഭിനിവേശമാണുള്ളതെന്നും സൗദി സന്ദർശനവേളയിൽ ക്ലിന്റൺ ചൂണ്ടിക്കാട്ടി. റിയാദിൽ ഫ്യൂചർ ഓഫ് റിയൽ എസ്റ്റേറ്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ മൂലധനത്തിന്റെ വികസനത്തിന് സൗദി വലിയ ശ്രദ്ധ നൽകി. പൗരന്മാർ തങ്ങളുടെ നേതാക്കളോട് വിശ്വസ്തത പുലർത്തുന്നു. എണ്ണയും മറ്റു സ്രോതസ്സുകളും ഉപയോഗിച്ച് തങ്ങളുടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കാനും വൈവിധ്യവത്കരിക്കാനും ശുദ്ധമായ ഊർജ സ്രോതസ്സുകളിലേക്ക് പരിവർത്തനം കൈവരിക്കാനുമുള്ള സമ്മോഹനമായ ദർശനങ്ങളിൽ അവർ വിശ്വസിക്കുന്നു.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാജ്യത്തെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. ഇത് നേടുന്നതിൽ ഓരോ വ്യക്തിയും തന്റെ പങ്ക് തിരിച്ചറിയുന്നു. ഏവരെയും പ്രചോദിപ്പിക്കാൻ ശേഷിയുള്ള ഒരു നേതാവിനെയും ജനങ്ങളുടെ ജീവിതത്തിൽ ദശലക്ഷക്കണക്കിന് അഭൂതപൂർവമായ അവസരങ്ങളും തെരഞ്ഞെടുപ്പുകളും നൽകാൻ വലിയ കാഴ്ചപ്പാടും നൽകി ദൈവം സൗദിയെ അനുഗ്രഹിച്ചിരിക്കുന്നു. ലോകത്തിലെ മറ്റൊരു ജനതക്കും കിട്ടാത്തതാണിതെന്നും ക്ലിൻറൻ പറഞ്ഞു
‘വിഷൻ 2030’ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളിൽ സൗദി യുവാക്കൾക്ക് അങ്ങേയറ്റം നന്ദിയും അഭിമാനവും തോന്നണം. കാരണം ഒരു സ്വർണതാലത്തിൽ നൽകുന്ന തെരഞ്ഞെടുപ്പുകൾ അവരുടെ ജീവിതത്തിലെ ഓരോ നിമിഷവും ‘നിർണായക നിമിഷം’ ആക്കി മാറ്റുന്നു. സൗദി മുഴുവൻ ഒരു ഔദ്യോഗിക ദൗത്യത്തിലാണെന്നും അതിന്റെ പെരുമാറ്റവും പ്രവൃത്തികളും വാക്കുകളും യോജിപ്പുള്ളതാണെന്നും ക്ലിന്റൺ പറഞ്ഞു.
രാജ്യത്തെ വിനോദസഞ്ചാരമേഖല വികസിപ്പിക്കുന്നതിനും കൂടുതൽ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തികശേഷികൾ ഉയർത്തുന്നതിനും സൗദി വളരെയധികം പരിശ്രമിക്കുന്നു. അഞ്ചു വർഷത്തിനുള്ളിൽ സൗദി അറേബ്യ മനുഷ്യ മൂലധനത്തിലും പ്രകൃതി വിഭവങ്ങളിലും നിക്ഷേപം നടത്തുന്നതിെൻറ നേട്ടങ്ങൾ കൊയ്യും. ഞാൻ എല്ലായ്പോഴും സൗദിയിലേക്ക് ആകർഷിക്കപ്പെടുന്നു. വിനോദസഞ്ചാര വികസനത്തിന് സൗദി നടത്തുന്ന ശ്രമങ്ങൾ കൂടുതൽ നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കുന്നു. ഇതാണ് എല്ലാ പുരോഗതിയുടെയും സാരാംശമെന്നും ക്ലിന്റൺ പറഞ്ഞു.
സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം ശീതയുദ്ധകാലത്ത് ഇരുരാജ്യങ്ങളെയും ഒന്നിപ്പിച്ച ബന്ധങ്ങളുടെ രൂപം വിവരിച്ചു. സുരക്ഷ, ഊർജം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരിച്ചിരുന്നു. എണ്ണവില സ്ഥിരപ്പെടുത്തുന്നതിൽ സൗദി അമേരിക്കയുമായി സഹകരിച്ചു. എന്നാൽ, അമേരിക്കയിലെ നിവലിലെ സ്ഥിതിഗതികളെ കുറിച്ച് പറഞ്ഞ ക്ലിന്റൺ മനുഷ്യ മൂലധനത്തിന്റെ നിക്ഷേപകാര്യത്തിലാണ് യഥാർഥ പ്രശ്നമുള്ളതെന്നും തന്റെ രാജ്യം അതിന്റെ സുസ്ഥിരത ഉറപ്പുനൽകുന്ന വിധത്തിൽ പ്രവർത്തിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.