പ്രഖ്യാപനത്തെ അഭിനന്ദിച്ച് റിയാദ് ഗവർണർ
text_fieldsജിദ്ദ: പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന്റെ പ്രഖ്യാപനത്തെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് അഭിനന്ദിച്ചു. ഈ പദ്ധതി ഗതാഗത മേഖലയുടെ വികസനത്തിൽ വലിയ സ്വാധീനം ചെലുത്തും.
രാജ്യത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം ശക്തിപ്പെടുത്തും. വിനോദസഞ്ചാരത്തിനും രാജ്യത്തേക്കുള്ള സന്ദർശനത്തിനും കൂടുതൽ അവസരങ്ങൾ നൽകുന്നതിന് സംഭാവന നൽകും. അന്താരാഷ്ട്ര യാത്രക്കാരെ ആകർഷിക്കും. റിയാദിനെ ലോകത്തെ ഏറ്റവും വലിയ 10 നഗരങ്ങളിൽ ഉൾപ്പെടുത്താനുള്ള പദ്ധതികളെ പിന്തുണക്കുമെന്നും റിയാദ് ഗവർണർ പറഞ്ഞു.
വിവിധ ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിൽ ലോകത്തേക്കുള്ള ഒരു കവാടമാകാൻ റിയാദിന് കഴിയും. സൗദി തലസ്ഥാന നഗരം സാക്ഷ്യം വഹിക്കുന്ന ജനസംഖ്യ വളർച്ചക്കൊപ്പം സാമ്പത്തികം, ടൂറിസം, സാംസ്കാരികം, വ്യവസായികം, കായികം തുടങ്ങിയ പ്രവർത്തനങ്ങൾക്കും ആക്കംകൂട്ടും.
സമ്പദ്വ്യവസ്ഥയുടെ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും തൊഴിലവസരങ്ങൾ നൽകുന്നതിനും സംഭാവന ചെയ്യും. രാജ്യത്തിന്റെ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുടെ നേട്ടത്തെ പിന്തുണക്കുമെന്നും റിയാദ് ഗവർണർ പറഞ്ഞു.
വ്യോമയാന മേഖലയുടെ സാമ്പത്തിക സുസ്ഥിരത ഉയർത്താനും അതിെൻറ ആഗോള മത്സരക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ട് നിർദിഷ്ട കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളം, റിയാദ് എയർ എന്നിവയിലൂടെ വ്യോമയാന മേഖലയിൽ പൊതുനിക്ഷേപ ഫണ്ട് നടത്തുന്ന നിക്ഷേപങ്ങളെയും ഗവർണർ പ്രശംസിച്ചു.
പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന്റെ പ്രഖ്യാപനത്തെ റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസും അഭിനന്ദിച്ചു.
ആഗോള ലോജിസ്റ്റിക് ട്രാൻസ്പോർട്ട് ഹബ് എന്ന നിലയിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് റിയാദ് എയർ സംഭാവന നൽകുമെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.