നാടുകാണാതെ കാൽ നൂറ്റാണ്ട്; മലയാളിക്ക് സഹായവുമായി റിയാദ് ഹെൽപ് ഡെസ്ക്
text_fieldsറിയാദ്: കഴിഞ്ഞ 25 വർഷമായി നാട്ടിൽ പോകാത്ത മലയാളിക്ക് റിയാദ് ഹെൽപ് ഡെസ്കിന്റെ ഇടപെടലിൽ നാട്ടിലേക്കുള്ള വഴിതുറന്നു. പ്രമേഹം പിടിപെട്ട് ഇടതുകാൽ മുറിച്ചുമാറ്റപ്പെട്ടാണ് കൊല്ലം പുനലൂർ സ്വദേശിയായ ലത്തീഫ് മസ്ഊദ് (60) നാടണയുന്നത്. പ്രമേഹം പിടിപെട്ട് ഇടതുകാലിന്റെ നെരിയാണിക്ക് താഴെ പഴുപ്പുവന്ന് പുഴുവരിച്ച് ദുർഗന്ധവും വേദനയിലുമാണ് ഒരു മാസം മുമ്പ് റിയാദ് ഹെൽപ് ഡെസ്ക് പ്രവർത്തകരുടെ അടുത്ത് ഇദ്ദേഹമെത്തുന്നത്.
ഇദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചികിത്സക്കായി റിയാദിലെ ശിഫ അൽ ജസീറ പോളിക്ലിനിക്കിലെത്തിച്ച് അവിടെ ഉപേക്ഷിച്ച് പോവുകയായിരുന്നു. ക്ലിനിക്കിലെ മലയാളി ജീവനക്കാരാണ് റിയാദ് ഹെൽപ് ഡെസ്ക് പ്രവർത്തകരെ വിവരമറിയിച്ചത്. തുടർന്ന് മുറിവ് ഡ്രസ് ചെയ്തു. പഴുപ്പ്ബാധിച്ച ഇടതുകാൽ മുട്ടിന് താഴെ മുറിച്ച് മാറ്റിയില്ലെങ്കിൽ ജീവൻ അപകടത്തിലാവുമെന്നും തുടർചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലേക്ക് ഉടൻ മാറ്റണമെന്നും ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് റിയാദിലെ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും 22 വർഷം മുമ്പ് കാലഹരണപ്പെട്ട താമസരേഖ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തടസ്സമായി.
ഹെൽപ് ഡെസ്ക് പ്രവർത്തകരുടെ നിരന്തര ഇടപെടലിൽ ദിറാബിലെ സൗദി ആരോഗ്യ മന്ത്രാലയ ആശുപത്രിയിൽ അവിടത്തെ മലയാളി ജീവനക്കാരിയുടെയും സമീപത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാനായി. നാട്ടിലെ ബന്ധുക്കളുമായി ചർച്ച ചെയ്ത് ശസ്ത്രക്രിയ നടത്തി. 31,000 റിയാലാണ് ആശുപത്രി ബിൽ വന്നത്. ആശുപത്രിയിലെ സ്വദേശികളായ ജീവനക്കാരുടെ മാനുഷിക പരിഗണനയിൽ ആശുപത്രി ബിൽ 10,000 റിയാലാക്കി കുറച്ച് നൽകി.
തുടർന്ന് ഇന്ത്യൻ എംബസിയിൽനിന്ന് എമർജൻസി പാസ്പോർട്ട് എടുത്ത് തർഹീൽ വഴി നാട്ടിലേക്ക് പോകാനുള്ള നടപടികൾ ആരംഭിച്ചു. വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യക്ക് ശ്രമിച്ച ഒരു കേസ് നിലവിലുണ്ടായിരുന്നതും നടപടി ശ്രമങ്ങൾക്ക് തടസ്സമായെങ്കിലും അതും ഉദ്യോഗസ്ഥര്‍ ഒഴിവാക്കി നൽകി. സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനമാണ് റിയാദ് ഹെൽപ് ഡെസ്കിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ഇദ്ദേഹത്തിനെ നാട്ടിലെത്തിക്കാൻ നടത്തിയത്.
ചികിത്സയും ചികിത്സക്ക് ആവശ്യമായ മുഴുവൻ തുകയും കണ്ടെത്തിയത് ഹെൽപ് ഡെസ്ക് അംഗങ്ങളും അവരുടെ സുഹൃത്തുക്കളും ചേർന്നാണ്. ഒരുമാസത്തെ ചികിത്സക്കുശേഷം ശനിയാഴ്ച രാവിലെ സൗദി എയർലൈൻസ് വിമാനത്തിൽ ലത്തീഫ് മസ്ഊദ് നാട്ടിലേക്ക് തിരിച്ചു. യാത്രക്കിടയിലെ സഹായത്തിന് ഇതേ വിമാനത്തിൽ യാത്രചെയ്യുന്ന റിയാദിലെ പൊതുപ്രവർത്തകനെയും കുടുംബത്തെയും ഏർപ്പാട് ചെയ്തുകൊണ്ടാണ് റിയാദ് ഹെൽപ് ഡെസ്ക് പ്രവർത്തകർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.