റിയാദ് ഐ.സി.എഫ് സ്വാതന്ത്ര്യദിനാഘോഷം
text_fieldsറിയാദ്: 'സ്വാതന്ത്ര്യം തന്നെ ജീവിതം' എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രലിന്റെ കീഴിൽ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സെൻട്രൽ പ്രൊവിൻസ് ക്ഷേമകാര്യ സർവിസ് സെക്രട്ടറി സൈനുദ്ദീൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. വിവിധ മതക്കാരും രാഷ്ട്രീയ ചിന്താഗതിക്കാരും സാമൂഹിക പ്രവർത്തകരും ഒത്തൊരുമിച്ചു പോരാടിയതിന്റെ ഫലമാണ് ഇന്ത്യൻ സ്വാതന്ത്ര്യമെന്ന് അദ്ദേഹം പറഞ്ഞു. സെൻട്രൽ അഡ്മിൻ ആൻഡ് പബ്ലിക് റിലേഷൻ പ്രസിഡന്റ് ഹസൈനാർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
സെൻട്രൽ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. ഇന്ത്യയുടെ ഭരണഘടന രാജ്യത്തെ ജനങ്ങൾക്ക് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നീതി, ചിന്താസ്വാതന്ത്ര്യം, ആശയ സ്വാതന്ത്ര്യം, സ്ഥിതി സമത്വം, അവസ്ഥാ സമത്വം എന്നിവ ഉറപ്പുവരുത്തുന്നതായിട്ട് പോലും, എന്ത് ഭക്ഷണം കഴിക്കണമെന്ന കൽപനകൾ പുറപ്പെടുവിക്കുന്ന ഭരണകൂടങ്ങളാണ് നമ്മെ ഭരിക്കുന്നതെന്നും അവനവനായി ജീവിക്കാൻ കഴിയുക എന്നതാണ് യഥാർഥ സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു. ഷാഫി മാസ്റ്റർ, സുബ്രഹ്മണ്യൻ, വിൻസെന്റ് കെ. ജോർജ്, നാസർ ലൈസ്, അബ്ദുല്ല സഖാഫി ഓങ്ങല്ലൂർ, അഷ്റഫ് ഓച്ചിറ, സലീം പട്ടുവം എന്നിവർ സംസാരിച്ചു.
റിയാദ് സെൻട്രൽ ക്ഷേമകാര്യ സേവന വിഭാഗം സെക്രട്ടറി ജബ്ബാർ കുനിയിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ ലക്ഷ്യങ്ങൾക്കുള്ള ഫണ്ടുകൾ സേവന വിഭാഗം പ്രസിഡന്റ് ഇബ്രാഹിം കരീം സെക്ടർ ഭാരവാഹികൾക്ക് കൈമാറി. ജനറൽ സെക്രട്ടറി മജീദ് താനാളൂർ സ്വാഗതവും ലത്തീഫ് മാനിപ്പുറം നന്ദിയും പറഞ്ഞു.
അബ്ദുൽഖാദർ ഫൈസി കൊളത്തൂർ പ്രാർഥന നടത്തി. നൂറുദ്ദീൻ സഖാഫി ദേശീയഗാനം ആലപിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.