റിയാദ് ഐ.സി.എഫ് കായികമേള ‘സ്പോർട്ടിവ്’ സംഘടിപ്പിച്ചു
text_fieldsറിയാദ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രലിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കായികമേള ‘സ്പോർട്ടിവ്’ സംഘടിപ്പിച്ചു. മേളയിൽ 16 സെക്ടറുകളിൽ നിന്നുള്ളവരായിരുന്നു മത്സരാർഥികൾ. വനാൻസ സ്പോർട്സ് സ്പോട്ടിൽ രാവിലെ നടന്ന മാർച്ച്പാസ്റ്റോടുകൂടി ആരംഭിച്ച സ്പോർട്ടിവ് ജനറൽ സ്പോർട്സ് മീറ്റ് വൈകീട്ടുവരെ നീണ്ടുനിന്നു. കമ്പവലി, ഫുട്ബാൾ, കബഡി എന്നീ ടീം ഇനങ്ങളും 100 മീറ്റർ നടത്തം, 100 മീറ്റർ ഓട്ടം, സ്പൂൺ ആൻഡ് ലൈം, കസേരകളി, പന്തുകൈമാറ്റം, ഷട്ടിൽ റൺ തുടങ്ങിയ വ്യക്തിഗത ഇനങ്ങളിലായി ഇരുനൂറോളം പേർ മത്സരങ്ങളിൽ പങ്കെടുത്തു.
ശിഫ സെക്ടർ ഓവറോൾ ചാമ്പ്യന്മാരായ സ്പോർട്ടിവിൽ ശിഫ സെക്ടറിനുവേണ്ടി മത്സരിച്ച ബഷീർ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. ഫുട്ബാൾ മത്സരത്തിൽ മലസ് സെക്ടർ ഒന്നാം സ്ഥാനവും ഗുറാബി സെക്ടർ രണ്ടാം സ്ഥാനവും നേടിയപ്പോൾ കബഡിയിൽ റൗദ സെക്ടർ ഒന്നാം സ്ഥാനവും ഉമ്മുൽ ഹമ്മാം സെക്ടർ രണ്ടാം സ്ഥാനവും നേടി. കമ്പവലി ഫൈനലിൽ മലസ് സെക്ടറിനെ പരാജയപ്പെടുത്തി ഓൾഡ് സനാഇയ വിജയികളായി. സ്പോർട്ടിവ് സംഘാടക സമിതി കൺവീനർ ഇബ്രാഹീം കരീം ഓവറോൾ ചാമ്പ്യന്മാരെ പ്രഖ്യാപിച്ചു. ചെയർമാൻ ഹുസൈൻ അലി കടലുണ്ടി ട്രോഫി കൈമാറി. മറ്റു വിജയികൾക്ക് ഐ.സി.എഫ് സെൻട്രൽ പ്രൊവിൻസ് റിയാദ് സെൻട്രൽ ഭാരവാഹികൾ ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. അലിഫ് ഇൻറർനാഷനൽ സ്കൂളിലെ അധ്യാപകൻ നൗഷാദ് മത്സരങ്ങൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.