റിയാദ് ഐ.സി.എഫ് ‘റൂബി ജൂബിലി സമ്മേളനം’ വെള്ളിയാഴ്ച
text_fieldsറിയാദ്: കേരള മുസ്ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദിലെ സാംസ്കാരിക സാമൂഹിക ജീവകാരുണ്യ രംഗത്ത് 40 വർഷം പിന്നിട്ടതിന്റെ ഭാഗമായുള്ള ‘റൂബി ജൂബിലി’ ആഘോഷങ്ങളുടെ സമാപനം വെള്ളിയാഴ്ച (ഡിസം. ഒന്ന്) ശിഫയിലുള്ള റിമാസ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിനിധി സമ്മേളനം, സാംസ്കാരിക സമ്മേളനം, പൊതുസമ്മേളനം, ഹാദിയ സംഗമം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
1982ൽ 12 പേർ ചേർന്നാണ് സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) റിയാദ് ഘടകത്തിന് രൂപം നൽകി പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) എന്ന പേര് സ്വീകരിച്ചു. പിന്നിട്ട കാലയളവിൽ, വിവിധങ്ങളായ വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹിക സേവന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ പ്രവാസികൾ അടക്കമുള്ളവർക്കായി വിവിധ ജില്ലകളിലായി പ്രഖ്യാപിച്ച ഏഴ് ദാറുൽ ഖൈർ ഭവനങ്ങളിൽ മൂന്നെണ്ണം നിർമാണം പൂർത്തീകരിച്ചു കൈമാറിയെന്നും അവർ വ്യക്തമാക്കി.
നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന രണ്ടെണ്ണം അടുത്ത വർഷം കൈമാറും. ലഭിച്ച അപേക്ഷകൾ വിലയിരുത്തി രണ്ടെണ്ണം കൂടി സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, ത്സാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തർപ്രദേശ്, ബിഹാർ, ആന്ധ്രാപ്രദേശ്, ഡൽഹി തുടങ്ങി സംസ്ഥാനങ്ങളിലായി പ്രഖ്യാപിച്ച 40 കുടിവെള്ള പദ്ധതികളിൽ 22 എണ്ണം ഇതുവരെ കൈമാറിക്കഴിഞ്ഞു. റിയാദിലെ മതപ്രബോധന, വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക രംഗത്തുള്ള നാല് പ്രമുഖർക്ക് ‘എമിനൻറ് അവാർഡ്’ സമ്മാനിക്കും.
പണ്ഡിത സംഗമം, 40 പ്രമുഖരുടെ പ്രൊഫൈൽ പ്രസിദ്ധീകരണം, 40 സീനിയർ പ്രവാസികൾക്കുള്ള ആദരം, അധ്യാപകർക്കുള്ള അനുമോദനം, വിധവകളായ 40 പേർക്ക് കേരളത്തിൽ ജീവിതോപാധി വിതരണം, യൂനിറ്റ് സമ്മേളനങ്ങൾ, എലൈറ്റ് മീറ്റ്, റിയാദ് ഡോക്യുമെന്ററി, ചരിത്ര പഠനം, സ്പോർട്സ് മീറ്റ്, ഹാദിയ ഫെസ്റ്റ്, ആരോഗ്യ ബോധവത്കരണം, രക്തദാനം, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയ വിവിധ പദ്ധതികളും പരിപാടികളും റൂബി ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്.
വനിതാ ശാക്തീകരണം ലക്ഷ്യമായി മുഴുവൻ സെക്ടറുകളിലും ഹാദിയ വിമൻസ് അക്കാദമി പ്രവർത്തിച്ചു വരുന്നു. വിദ്യാർഥികളുടെ ധാർമിക ബോധം നിലനിർത്തുന്നതിനായി പഠനക്ലാസുകളും നടത്തുന്നു. അംഗങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി രൂപവത്കരിച്ച ‘പ്രവാസി ഫാമിലി റിലീഫ് ഫണ്ടി’ന്റെ ആറാമത് എഡിഷൻ നടന്നുവരുന്നു. പ്രവർത്തകരിൽനിന്ന് 25 റിയാൽ സഹായ ഫണ്ടായി സ്വീകരിക്കുകയും ഇതിൽ പങ്കാളികളായ അവർ മരണപ്പെട്ടാൽ മൂന്നുലക്ഷം രൂപ വരെ സഹായം നൽകുകയും ചെയ്യുന്ന പദ്ധതിയാണ് പ്രവാസി ഫാമിലി റിലീഫ് ഫണ്ട്. ഭാരവാഹികളായ ലുഖ്മാൻ പാഴൂർ, അബ്ദുൽ സലാം വടകര, ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി, അബ്ദുൽ മജീദ് തനാളൂർ, ഷമീർ രണ്ടത്താണി, കബീർ ചേളാരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.