റിയാദിൽ സിംഹത്തിന് വാഹനമിടിച്ച് പരിക്ക്
text_fieldsറിയാദ്: റോഡിലൂടെ അലഞ്ഞ സിംഹത്തിന് വാഹനമിടിച്ച് പരിക്ക്. റിയാദ് നഗരപ്രാന്തത്തിലെ തുമാമ-വിമാനത്താവള റോഡിലാണ് സംഭവം. വാഹനമിടിച്ച് പരിക്കേറ്റ സിംഹത്തെ ചികിത്സക്കായി വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സിംഹം പരിക്കേറ്റ് കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ദേശീയ വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥരാണ് പൊലീസിന്‍റെയും മൃഗഡോക്ടർമാരുടെയും നിരീക്ഷണത്തിൽ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. ശരീരഭാഗങ്ങളിൽ പരിക്കുള്ളതായി പരിശോധനയിൽ കണ്ടെത്തി. അനസ്തേഷ്യ നൽകിയാണ് സിംഹത്തെ സംഭവസ്ഥലത്തു നിന്ന് മാറ്റിയത്.
സിംഹത്തെ വാഹനമിടിച്ച വിവരം ലഭിച്ചയുടനെ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വന്യജീവി സംരക്ഷണ കേന്ദ്രത്തിന് സിംഹത്തെ കൈമാറുകയും ചെയ്തതായി പരിസ്ഥിതി പ്രത്യേകസേന വക്താവ് മേജർ റാഇദ് അൽമാലികി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള വേട്ടമൃഗങ്ങളെ സ്വന്തമാക്കുകയോ വളർത്തുകയോ ചെയ്യുന്നവർ അവയെ വേഗത്തിൽ വന്യജീവി സംരക്ഷണ വിഭാഗത്തിന് കൈമാറണമെന്ന് വന്യജീവി സംരക്ഷണകേന്ദ്രം അധികൃതർ ആവശ്യപ്പെട്ടു. വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ കടത്തുന്നതും വളർത്തുന്നതും അവയുടെ പ്രദർശനവുമെല്ലാം പാരിസ്ഥിതിക ലംഘനമാണ്. നിയമലംഘനം നടത്തുന്നവർക്ക് 10 വർഷം തടവും 30 ദശലക്ഷം റിയാൽവരെ പിഴയും ലഭിക്കുമെന്ന് വന്യജീവി കേന്ദ്രം മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.