ഇഖാമ കാലാവധി കഴിഞ്ഞവർക്ക് അഞ്ച് വർഷം കാലാവധിയുള്ള താൽക്കാലിക പാസ്സ്‌പോർട്ട് അനുവദിക്കും: റിയാദ് ഇന്ത്യൻ എംബസ്സി
text_fieldsദമ്മാം: സൗദി ഇഖാമ (താമസരേഖ) കാലാവധി കഴിഞ്ഞതിനാൽ പാസ്സ്‌പോർട്ട് പുതുക്കാനാകാതെ കഷ്ടപ്പെടുന്ന ഇന്ത്യൻ പ്രവാസികൾക്ക് അഞ്ച് വർഷം കാലാവധിയുള്ള താൽക്കാലിക പാസ്സ്‌പോർട്ട് അനുവദിക്കുമെന്ന് റിയാദ് ഇന്ത്യൻ എംബസ്സി അറിയിച്ചു. ഇഖാമ കാലാവധി കഴിഞ്ഞ ഇന്ത്യൻ പ്രവാസികളുടെ പാസ്സ്‌പോർട്ട് പുതുക്കാൻ എംബസ്സി സേവന കേന്ദ്രങ്ങൾ അനുവദിക്കുന്നില്ല എന്ന വിഷയം ഉന്നയിച്ചു കൊണ്ട് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ജനുവരി 19 ന് ഇന്ത്യൻ എംബസ്സിക്ക് അയച്ച നിവേദനത്തിന് മറുപടിയായാണ് ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറി പ്രേം സെൽവാൾ ഈ വിവരം അറിയിച്ചത്.
ഇഖാമ കാലാവധി കഴിഞ്ഞവരുടെ അപേക്ഷയും സ്വീകരിക്കാൻ സേവന കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും, അത്തരം പ്രവാസികൾ അവരുടെ സ്പോൺസറിൽ നിന്നോ കമ്പനിയിൽ നിന്നോ 'ഇഖാമ പിന്നീട് പുതുക്കികൊടുക്കാം' എന്ന് ഉറപ്പ് നൽകുന്ന ഒരു കത്ത് ഹാജരാക്കിയാൽ അഞ്ച് വർഷം കാലാവധിയുള്ള താൽക്കാലിക പാസ്സ്‌പോർട്ട് അനുവദിക്കുമെന്നും കത്തിൽ പറയുന്നു. പിന്നീട് ഇഖാമ പുതുക്കിയ രേഖ ഹാജരാക്കിയാൽ പത്ത് വർഷം കാലാവധിയുള്ള സാധാരണ പാസ്സ്പോർട്ടിന് അപേക്ഷിക്കാമെന്നുമാണ് എംബസ്സി അറിയിക്കുന്നത്. ഈ വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തികൊണ്ട് നേരത്തെ 'ഗൾഫ് മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ദമ്മാമിലെ സാമൂഹിക പ്രവർത്തകരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും ഉൾപ്പെടുത്തിയായിരുന്നു വാർത്ത. ഈ വിഷയം ഇന്നയിച്ച് രാജ്യസഭ എം.പി ബിനോയ് വിശ്വം വിദേശകാര്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോഴും ഈ വിഷയത്തിൽ കൃത്യമായ പരിഹാരം ലഭ്യമായിട്ടില്ല എന്ന ബോധ്യത്തിൽ തന്നെയാണ് സാമൂഹിക പ്രവർത്തകർ. ഇന്ത്യൻ രേഖയായ പാസ്പോർട്ട് പുതുക്കാൻ എന്തിന് വിദേശരാജ്യത്തിന്റെ താമസ രേഖ മാനദണ്ഡമാക്കുന്നു എന്ന ചോദ്യം അപ്പോഴും ബാക്കിയാവുകയാണ്. നേരത്തെ ഇഖാമ കാലാവധി കഴിഞ്ഞവരുടെ പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കാൻ പോലും സേവന കേന്ദ്രങ്ങൾ തയ്യാറായിരുന്നില്ല. നുറുകണക്കിന് ഇന്ത്യക്കാരാണ് ഇത്തരത്തിൽ പാസ്പോർട്ട് പുതുക്കാനാവാതെ കഴിയുന്നത്. പുതിയ വിശദീകരണം ഇത്തരത്തിൽ കുടുങ്ങിയ നിരവധി പ്രവാസികൾക്ക് ഒരു പരിധിവരെ സഹായകരകമാകുമെന്ന പ്രതീക്ഷയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.