റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ദിനേനയുള്ള സമൂഹ നോമ്പുതുറ തുടരുന്നു
text_fieldsറിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ ദിനേനയുള്ള സമൂഹ നോമ്പുതുറയിലെ വൈജ്ഞാനിക
സദസ്സിൽനിന്ന്
റിയാദ്: ഇസ്ലാമിക മതകാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റമദാനിലെ മുഴുവൻ ദിവസങ്ങളിലും റിയാദ് ഇന്ത്യൻ സെന്റർ സംഘടിപ്പിക്കുന്ന സമൂഹ നോമ്പ്തുറ ബത്ഹയിലും പരിസരപ്രദേശത്തുമുള്ള സാധാരണക്കാരെ ചേർത്തുപിടിച്ച് തുടരുന്നു. റമദാന്റെ സ്നേഹ സന്ദേശമായ സഹജീവി സ്നേഹം വിളിച്ചോതി ആയിരത്തിനടുത്ത് ആളുകൾക്ക് ഏറ്റവും വ്യവസ്ഥാപിതമായ രീതിയിൽ പ്രതിദിനം ജനകീയ ഇഫ്താർ സംഘടിപ്പിക്കുന്നു.
എല്ലാ ദിവസവും വൈകീട്ട് നാലിന് ബത്ഹയിലെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന സമൂഹ നോമ്പുതുറയിൽ വിവിധ തുറയിൽപ്പെട്ട സാധാരണക്കാരായ ആയിരത്തിനടുത്ത് ആളുകൾ പങ്കെടുക്കുന്നു.
40ഓളം ഇസ്ലാഹി സെന്റർ പ്രവർത്തകർ പൂർണസജ്ജരായി നോമ്പ് തുറക്കാൻ എത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നു. ഇസ്ലാഹി സെന്ററിന്റെ വിശാലമായ ഓഡിറ്റോറിയത്തിൽ ആദ്യം എത്തുന്ന 300 ഓളം ആളുകൾക്ക് ദിനേന ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും അതിനുശേഷം വരുന്നവർക്ക് ഇഫ്താർ കിറ്റായും നോമ്പുതുറ വിഭവങ്ങൾ വിതരണം ചെയ്യുന്നു.
ഈത്തപ്പഴം, സമൂസ, ലബൻ, വെള്ളം, ചിക്കൻ ബിരിയാണി അല്ലങ്കിൽ ചിക്കൻ മന്തി എന്നിവ അടങ്ങിയ ഭക്ഷണമാണ് നോമ്പുതുറക്ക് നൽകുന്നത്. ബത്ഹ ദഅ്വ ആൻഡ് അവയർനസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് റമദാനിലെ മുഴുവൻ ദിവസങ്ങളിലും ജനകീയ സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നത്. വിജ്ഞാന ക്ലാസുകളും മത്സരങ്ങൾ സംഘടിപ്പിച്ചു സമ്മാനങ്ങളും നൽകുന്നു. ഇസ്ലാമിക ലഘുലേഖകളും പാഠപുസ്തകങ്ങളും സൗജന്യമായി ഇഫ്താറിൽ വിതരണം ചെയ്യുന്നു.
ഇഫ്താറിൽ പങ്കെടുക്കുന്ന എല്ലാവർക്കും പൂർണമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് സാധിച്ചുവെന്നും കൂടുതൽ മലയാളികൾക്കിടയിലേക്ക് റമദാന്റെ സ്നേഹ സന്ദേശം എത്തിക്കാൻ സാധിക്കുന്നുവെന്നും ജി.സി.സി ഇസ്ലാഹി കോഓഡിനേഷൻ കമ്മിറ്റി കൺവീനറും ഇഫ്താർ ചെയർമാനുമായ മുഹമ്മദ് സുൽഫിക്കർ, കൺവീനർ അബ്ദുൽ വഹാബ് പാലത്തിങ്ങൽ, വളന്റിയർ ക്യാപ്റ്റൻ ഇഖ്ബാൽ വേങ്ങര എന്നിവർ പറഞ്ഞു.
ഇഫ്താറിൽ പങ്കെടുക്കുന്നവർക്ക് ഇസ്ലാമിക വിജ്ഞാനം പകർന്നുനൽകുവാൻ സാധിക്കുന്നുവെന്ന് ദഅവ കൺവീനർ അബ്ദുസ്സലാം ബുസ്താനി, ബത്ഹ ദഅ്വ ആൻഡ് അവയർനസ് സൊസൈറ്റി മലയാളവിഭാഗം മേധാവി മുഹമ്മദ് കുട്ടി കടന്നമണ്ണ എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.