റിയാദ് ഇന്ത്യൻ മീഡിയ ഫോറം ‘ഇന്ത്യ@78’ സംവാദം സംഘടിപ്പിച്ചു
text_fieldsറിയാദ്: ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) ‘ഇന്ത്യ@78’ സംവാദം സംഘടിപ്പിച്ചു. വിവിധ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. റിംഫ് രക്ഷാധികാരി നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു. നാദിര്‍ഷ ആമുഖഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞു.
നയവൈകല്യങ്ങളും പക്ഷപാത നിലപാടുകളും ഇന്ത്യയുടെ അതിവേഗ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെന്നും ഓരോ പൗരനും അത് തിരിച്ചറിയണമെന്നും സംവാദത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സമൂഹത്തെ ഹിന്ദു, മുസ്ലിം എന്ന് തരംതിരിച്ച് അതില്‍നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്.
സൈന്യത്തെ പോലും ഹിന്ദുവത്കരിക്കാനുളള നീക്കമാണ് നടക്കുന്നത്. സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ പൗരന്മാര് വിവേചനം നേരിടുന്നുണ്ട്. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ അവഗണിക്കപ്പെടുകയാണ്. നയവൈകല്യവും ഫണ്ടിങ്ങിന്റെ അഭാവവും ആരോഗ്യത്തെ മേഖലയെ ക്ഷയിപ്പിക്കുകയാണ്.
സാംസ്കാരിക സമിതി കണ്‍വീനര്‍ ഷിബു ഉസ്മാന് വിഷയാവതരണം നടത്തി. ഷംനാദ് കരുനാഗപ്പള്ളി മോഡറേറ്ററായിരുന്നു. സതീഷ് കുമാര്‍ കേളി (ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍), സുധീര്‍ കുമ്മിള്‍ നവോദയ (ഭരണഘടനയും സമകാലിക ഇന്ത്യയും), ജയന് കൊടുങ്ങല്ലൂര്‍ റിംഫ് (നിറം മാറുന്ന വിദ്യാഭ്യാസ നയം).
ബാരിഷ് ചെമ്പകശ്ശേരി പ്രവാസി (പൗരത്വ വിവേചനം), ഷാഫി തുവ്വൂര്‍ കെ.എം.സി.സി (സമ്പദ്ഘടനയും ദാരിദ്ര്യവും), അഡ്വ. എല്‍.കെ. അജിത് ഒ.ഐ.സി.സി (തൊഴിലില്ലായ്മയും കുടിയേറ്റവും), ഡോ. എസ്. അബ്ദുല്‍ അസീസ് (രോഗാതുരമോ ഇന്ത്യന്‍ ആരോഗ്യമേഖല), ഇല്യാസ് പാണ്ടിക്കാട് ആവാസ് (കേന്ദ്ര ഏജന്‍സികളും പ്രതിപക്ഷവും), രാഷ്ട്രീയ നിരീക്ഷകന് സലീം പള്ളിയില്‍ (ഇന്ത്യന്‍ സംസ്കാരവും ചരിത്രവും), എം. സാലി ആലുവ ന്യൂ ഏജ് (ഇന്ത്യയുടെ സ്ഥിരതയും സുരക്ഷയും) എന്നിവരാണ് സംവാദത്തില്‍ സംബന്ധിച്ചത്. ചീഫ് കോഓഡിനേറ്റര്‍ ജലീല്‍ ആലപ്പുഴ നന്ദി പറഞ്ഞു. മുജീബ് ചങ്ങരംകുളം, ഷമീര്‍ കുന്നുമ്മല്‍, ഹാരിസ് ചോല എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.