സംഗീതത്തിന്റെ ‘മധുമഴ’ പെയ്യിച്ച് ‘റിംല’ വാർഷികാഘോഷം
text_fieldsറിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ ഏഴാം വാർഷികാഘോഷ ചടങ്ങിൽ സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണന് ഉപഹാരം സമ്മാനിക്കുന്നു
റിയാദ്: സംഗീതത്തിന്റെ ‘മധുമഴ’ പെയ്യിച്ച് റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല) ഏഴാം വാർഷികാഘോഷം അരങ്ങേറി. പ്രശസ്ത സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നയിച്ച ‘മ്യൂസിക്കൽ സിംഫണി വിത്ത് മധു ബാലകൃഷ്ണൻ’ എന്ന സംഗീത പരിപാടി റിയാദിലെ മലയാളി പൊതുസമൂഹത്തിന് ആസ്വാദ്യകരമായി.
സംഗീത സംവിധായകൻ പി. രവീന്ദ്രന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങളായ പ്രമദവനവും ഹരിമുരളീരവവും ഗോപിക വസന്തവും ഗംഗേ...യും രാമകഥ ഗാനലയവും സുഖമോ ദേവിയും മധു ബാലകൃഷ്ണൻ ആലപിച്ചപ്പോൾ അൽ മാലി ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞവർ സംഗീതത്തിന്റെ മാസ്മരികലോകത്തെത്തി.
ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ ജനങ്ങളുടെ ഹർഷാരവവും റിയാദിന് നൽകിയത് നവ്യമായൊരു സംഗീതാസ്വാദനം കൂടിയായിരുന്നു. മധു ബാലകൃഷ്ണന് പുറമെ നാട്ടിൽനിന്നും വന്ന ഓർക്കസ്ട്രയും റിയാദിലെ റിംലയുടെ ഓർക്കസ്ട്രാ ടീമും ചേർന്ന ലൈവ് ഓർക്കസ്ട്ര ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ബാബു രാജ് അധ്യക്ഷതവഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി പ്രവീൺ കുമാർ യോഗം ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, പ്രോഗ്രാം ഡയറക്ടർ സുരേഷ് ശങ്കർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അൻസാർ ഷാ സ്വാഗതവും ട്രഷറർ രാജൻ മാത്തൂർ നന്ദിയും പറഞ്ഞു. നിഷ ബിനീഷ്, ശ്യാം സുന്ദർ, ബിനീഷ് രാഘവൻ, ഗോപു ഗുരുവായൂർ, ശരത് ജോഷി, ബിനു ശങ്കരൻ, വാസുദേവൻ പിള്ള, ശങ്കർ കേശവൻ, മഹേഷ് വാര്യർ, ഷാൻ ബാലൻ, പത്മിനി നായർ, സുഷമ ഷാൻ, ഷാലു അൻസാർ, പ്രശാന്ത് മാത്തൂർ, ഷജീവ് ശ്രീകൃഷ്ണപുരം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഹരിത അശ്വിൻ, അക്ഷിക മഹേഷ് എന്നിവർ അവതാരകന്മാരായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.