റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് നാളെ തുടക്കം
text_fieldsറിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള വ്യാഴാഴ്ച തുടങ്ങും. ഒക്ടോബർ അഞ്ച് വരെ റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി കാമ്പസിൽ സംഘടിപ്പിക്കുന്ന മേളയിലേക്കുള്ള പ്രവേശന ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് ‘വി ബുക്’ വെബ്സൈറ്റിലോ ആപ്പിലോ രജിസ്റ്റർ ചെയ്യണമെന്ന് ലിറ്ററേച്ചർ-പബ്ലിഷിങ്-ട്രാൻസ്ലേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്കായി രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. https://webook.com/ar/events/riyadh-international-book-fair-tickets എന്ന ലിങ്ക് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ഇ-മെയിലായി പ്രവേശന പാസിന്റെ ക്യു ആർ കോഡ് ലഭിക്കും. ഇതുകൊണ്ട് പ്രദർശന നഗരിയിൽ പ്രവേശിക്കാനും അറബ് ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയിലും അതിലെ സാംസ്കാരിക പരിപാടികളിലും പങ്കെടുക്കാൻ കഴിയും. സന്ദർശകരുടെ പ്രവേശനം വേഗത്തിലാക്കാനും മേള നഗരിയിലെ രജിസ്ട്രേഷൻ പ്രക്രിയയിൽ സമയം ലാഭിക്കാനും ഇ-രജിസ്ട്രേഷൻ സഹായിക്കുന്നു.
പുസ്തകങ്ങൾക്കും സംസ്കാരത്തിന്റെയും കലയുടെയും അന്തരീക്ഷത്തിനുമിടയിൽ ആസ്വാദ്യകരമായ ഒരു സാംസ്കാരിക അനുഭവം ആസ്വദിക്കാനും സാഹിത്യം, വൈജ്ഞാനികം, ശാസ്ത്രം, മതം തുടങ്ങി വിവിധ മേഖലകളിൽ ഏറ്റവും പുതിയ തലക്കെട്ടുകൾ അറിയാനും ഇതിലൂടെ സാധിക്കുന്നു. പ്രതീക്ഷിക്കുന്ന സന്ദർശകരെ രജിസ്റ്റർ ചെയ്യുന്ന പ്രക്രിയ കാര്യക്ഷമമാക്കാനും നിയന്ത്രിക്കാനും ഇ-രജിസ്ട്രേഷൻ സംഘാടകരെ അനുവദിക്കുന്നു. സന്ദർശകരിലെ വിഭാഗങ്ങളെ ഇലക്ട്രോണിക്കായും എളുപ്പത്തിലും തിരിച്ചറിയാനും അതോറിറ്റി സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കാൻ ഭാവിയിൽ അവരുമായി സജീവമായി ആശയവിനിമയം നടത്താനും സാധിക്കുന്നുവെന്നും അതോറിറ്റി പറഞ്ഞു.
അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ പുസ്തക മേളകളിലൊന്നാണ് റിയാദ് പുസ്തകമേള. രാജ്യത്തിന്റെ സംസ്കാരം, വിജ്ഞാന ഉൽപ്പാദനം, പ്രസിദ്ധീകരണ മേഖല എന്നിവയെ സമ്പന്നമാക്കുന്നതിലും വായന സംസ്കാരം ഊട്ടിയുറപ്പിക്കുന്നതിലും ഇത് വലിയ പങ്കുവഹിക്കുന്നു. സാഹിത്യം, ചിന്ത, സംസ്കാരം, പ്രസിദ്ധീകരണം എന്നീ മേഖലകളിലെ പ്രമുഖരുടെ പങ്കാളിത്തത്തോടെയാണ് ഈ വർഷത്തെ പ്രദർശനം നടക്കുന്നത്. എല്ലാ പ്രായക്കാർക്കും വിവിധ താൽപര്യങ്ങൾക്കും അനുയോജ്യമായ വിവിധ പരിപാടികളും പ്രവർത്തനങ്ങളും സാംസ്കാരിക പരിപാടിയിൽ ഉൾപ്പെടുന്നു. 2,000ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ ശാലകളുടെയും ഏജൻസികൾ പുസ്തക മേളയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.