റിയാദ് അന്താരാഷ്ട്ര പുസ്തകമേള: മികച്ച പ്രസാധകരെ ആദരിച്ചു
text_fieldsജിദ്ദ: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ മികവിനുള്ള വിവിധ പുരസ്കാരങ്ങൾ നേടിയ പ്രസാധകരെ ആദരിച്ചു. റിയാദ് ഫ്രൻറ് എക്സിബിഷൻ സെൻററിൽ 10 ദിവസമായി നടന്ന മേളയുടെ സമാപനച്ചടങ്ങിലാണ് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പങ്കെടുത്ത പ്രസാധകരിൽ വിവിധ പുരസ്കാരങ്ങൾക്ക് അർഹരായവരെ സൗദി സാംസ്കാരിക സഹമന്ത്രി ഹാമിദ് ബിൻ മുഹമ്മദ് ഫാഇസ് ആദരിച്ചത്. ചടങ്ങിൽ പബ്ലിഷിങ് ആൻഡ് ട്രാൻസ്ലേഷൻ അതോറിറ്റി മേധാവി ഡോ. മുഹമ്മദ് ഹസ്സൻ അൽവാൻ, പുസ്തക പ്രസാധക രംഗത്തെയും സാംസ്കാരിക രംഗത്തെയും പ്രമുഖർ എന്നിവർ സംബന്ധിച്ചു.
പ്രാദേശികതലത്തിൽ മികച്ച പ്രസാധകർക്കുള്ള എക്സലൻസ് അവാർഡ് 'ദാർ തശ്കീലും' അന്താരാഷ്ട്രതലത്തിലെ മികച്ച പ്രസിദ്ധീകരണത്തിനുള്ള അവാർഡ് 'ജബൽ അമാൻ പബ്ലിഷേഴ്സും' ആണ് നേടിയത്. കുട്ടികളുടെ വിഭാഗത്തിലെ പ്രസാധകർക്കുള്ള എക്സലൻസ് അവാർഡ് പ്രാദേശിക തലത്തിൽ 'റുഅ്ഇ അൽഅറബിയ പബ്ലിഷിങ് ഹൗസും' അന്താരാഷ്ട്ര തലത്തിൽ 'ദാർ കലിമാത്'ഉം നേടി. വിവർത്തനത്തിനുള്ള എക്സലൻസ് അവാർഡ് പ്രാദേശികതലത്തിൽ 'ദാർ മദാറികും' അന്താരാഷ്ട്രതലത്തിൽ 'ദാർ അൽ-റാഫിദൈൻ'ഉം നേടി. പ്രസിദ്ധീകരണ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക, പ്രസിദ്ധീകരണ മേഖലയിലെ പുതുമകൾ സാധ്യമാക്കുക, നൂതനവും സുസ്ഥിരവുമായ രീതിയിൽ പ്രസിദ്ധീകരണങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ പുതിയ സാങ്കേതികവിദ്യകളുമായി മുന്നോട്ടുപോകുക എന്നിവ ലക്ഷ്യമിട്ടാണ് പ്രദർശനത്തോടൊപ്പം പ്രസാധകർക്ക് അവാർഡ് ഏർപ്പെടുത്തിയത്. മൂന്ന് ലക്ഷം റിയാലാണ് ആറ് വിജയികൾക്ക് സമ്മാനമായി വിതരണം ചെയ്തത്. മേളയിൽ പെങ്കടുക്കുന്ന എല്ലാ പ്രസാധനാലയങ്ങൾക്കും അവാർഡിന് രജിസ്റ്റർ ചെയ്യാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും വ്യവസ്ഥകളും മാനദണ്ഡങ്ങളും പബ്ലിഷിങ് ആൻഡ് ട്രാൻസ്ലേഷൻ അതോറിറ്റി നിശ്ചയിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ ആദ്യത്തെ അറബ് ഡിജിറ്റൽ പ്രദർശനമായി മേളയെ മാറ്റുന്നതിനുള്ള സംരംഭത്തിലെ ആദ്യ ചുവടുവെപ്പ് സാംസ്കാരികമന്ത്രാലയം നടത്തിയതായി പബ്ലിഷിങ് ആൻഡ് ട്രാൻസ്ലേഷൻ അതോറിറ്റി മേധാവി പറഞ്ഞു. റിയാദ് അന്താരാഷ്ട്ര പുസ്തകമേള തുടരണമെന്ന വലിയ ആവശ്യം പൗരന്മാരിലും രാജ്യത്തെ താമസക്കാരിലുമുള്ള സംസ്കാരിക സാന്നിധ്യം ഉറപ്പുവരുത്തുന്ന സൂചനകളാണെന്നും അതോറിറ്റി മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.