റിയാദ് അന്താരാഷ്ട്ര പുസ്തകമേള 29 മുതൽ; മലയാളം ശക്തമായ സാന്നിദ്ധ്യമാവും
text_fieldsറിയാദ്: ഇത്തവണത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ മലയാളത്തിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ടാകും. ഈ മാസം 29 മുതൽ ഒക്ടോബർ എട്ട് വരെ റിയാദ് ഫ്രണ്ട് മാളിൽ സൗദി സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന മേളയിൽ ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള പ്രസാധകരോടൊപ്പം കേരളത്തിൽനിന്ന് ഡി.സി, ഹരിതം, പൂർണ, ഒലിവ് എന്നീ നാല് പ്രമുഖ പ്രസാധകരും എത്തും. എല്ലാദിവസവും രാവിലെ 11 മുതൽ അർധരാത്രി 12വരെയാണ് മേള. അറബി, ഇംഗ്ലീഷ്, മലയാളം തുടങ്ങി നിരവധി ഭാഷകളിലെ പുസ്തകങ്ങളുണ്ടാവും.
തുനീഷ്യയാണ് ഇത്തവണത്തെ അതിഥി രാജ്യം. കല, വായന, എഴുത്ത്, ആനുകാലിക പ്രസിദ്ധീകരണം, പുസ്തക പ്രസിദ്ധീകരണം, വിവർത്തനം എന്നീ മേഖലകളെ ഉൾക്കൊള്ളുന്ന നിരവധി സാംസ്‌കാരിക പരിപാടികൾ, സംഭാഷണ വേദികൾ, സംവേദനാത്മക പ്രഭാഷണങ്ങൾ, ശിൽപശാലകൾ എന്നീ പരിപാടികളുണ്ടാകും.
ഇതാദ്യമായാണ് റിയാദ് പുസ്തകോത്സവത്തിൽ ഇത്രയധികം മലയാളി പ്രസാധകർ. ഇവർക്ക് ഒന്നിലേറെ സ്റ്റാളുകളുണ്ടാവും. കൂടാതെ ചിന്ത, പ്രഭാത് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളും ലഭ്യമാകും. ഏകദേശം നാലായിരം ടൈറ്റിലുകളിലുള്ള പുസ്തകങ്ങളുമായി മലയാളിത്തം നിറഞ്ഞുനിൽക്കും മേളയിൽ. പ്രശസ്ത എഴുത്തുകാരായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവും എൻ.പി. ഹാഫിസ് മുഹമ്മദും മുൻ മന്ത്രി എം.കെ. മുനീർ എം.എൽ.എയും അതിഥികളായി എത്തുന്നതോടെ മേളയിലെ മലയാള വിഭാഗം അടിമുടി സാഹിത്യമയമാകും. ശിഹാബുദ്ദീൻ പൊത്തുംകടവിന്റെ കഥയെഴുത്തിന്റെ 40 വർഷങ്ങളെ അടയാളപ്പെടുത്തി വിവിധ ആൾക്കാൾ എഴുതി ഹരിതം ബുക്സ് പ്രസിദ്ധീകരിക്കുന്ന 'വെയിലടഞ്ഞ മഴദൂരങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം മേളയിൽ നടക്കും. പുറമെ റിയാദിലെ മലയാളി എഴുത്തുകാരുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും ഉണ്ടാവും.
പുസ്തകോത്സവത്തിന് കൊടിയുയരാൻ നാല് ദിവസം ബാക്കിനിൽക്കേ മാനേജിങ് ഡയറക്ടർ മനോഹറിന്റെ നേതൃത്വത്തിൽ പൂർണ പബ്ലിക്കേഷൻസ് സംഘം ഞായറാഴ്ച റിയാദിലെത്തി. ഹരിതം ബുക്സ് മാനേജിങ് ഡയറക്ടർ പ്രതാപൻ തായാട്ടും ഒലീവ് മാർക്കറ്റിങ് ഹെഡ് സന്ദീപും ചൊവ്വാഴ്ച റിയാദിലെത്തും. ഈ മാസം 30ന് എൻ.പി. ഹാഫിസ് മുഹമ്മദും ഒക്ടോബർ രണ്ടിന് ശിഹാബുദ്ദീൻ പൊയ്ത്തുംകടവും എം.കെ. മുനീർ എം.എൽ.എയും എത്തും. നാലാം തീയതി ഹാഫിസ് മുഹമ്മദ് നാട്ടിലേക്ക് മടങ്ങും. പൊയ്ത്തുംകടവ് ആറു ദിവസം റിയാദിലും ആറു ദിവസം ജിദ്ദയിലുമുണ്ടാവും. ഡിസി ബുക്സ് സംഘം 28നാണ് റിയാദിലെത്തുന്നത്. എന്നാൽ രവി ഡിസി 27ന് തന്നെ എത്തും. അദ്ദേഹം നാലുദിവസം റിയാദിലുണ്ടാവും.
മേളയിലെ മലയാള വിഭാഗം സജീവമാക്കാൻ ഡി.സി ബുക്സ് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ലക്കി ഡ്രോ മത്സരങ്ങള്‍, കുട്ടികള്‍ക്കായി ചിത്രരചനാ മത്സരങ്ങള്‍, പുസ്തകപ്രകാശനങ്ങള്‍ എന്നിവ പുസ്തകമേളയോടനുബന്ധിച്ച് ഡി.സി ബുക്‌സ് സംഘടിപ്പിച്ചിട്ടുണ്ട്. 48-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച എല്ലാ പുസ്തകങ്ങളും ഡി.സി ബുക്‌സ് സ്റ്റാളില്‍ ലഭ്യമാകും. കൂടാതെ എല്ലാ പുസ്തകങ്ങളും 20 ശതമാനം വിലക്കിഴിവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാവുന്നതാണ്.
റിയാദിലെ എഴുത്തുകാരായ ജോസഫ് അതിരുങ്കലിന്റെ 'ഗ്രിഗർ സംസയുടെ കാമുകി' (കഥാസമാഹാരം), സബീന എം. സാലിയുടെ 'പ്രണയമേ കലഹമേ' (കവിതാസമാഹാരം), നിഖില സമീറിന്റെ 'അമേയ' (കവിതാസമാഹാരം) , ഖമർബാനു വലിയകത്തിന്റെ 'ഗുൽമോഹറിതളുകൾ' (കവിതാസമാഹാരം) എന്നിവയാണ് മേളയിലെ മലയാള വിഭാഗത്തിൽ പ്രകാശനം ചെയ്യപ്പെടുന്നത്. റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആദ്യമായി പ്രകാശനം ചെയ്യപ്പെടുന്ന മലയാള കൃതികൾ എന്ന ചരിത്രം സ്വന്തമാക്കും ഈ പുസ്തകങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.