റിയാദ് അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബർ 26 മുതൽ
text_fieldsറിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 26ന് തുടങ്ങും. ഒക്ടോബർ അഞ്ച് വരെ റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി കാമ്പസിൽ സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റി സംഘടിപ്പിക്കുന്ന പുസ്തകമേളയുടെ ഒരുക്കം പൂർത്തിയായി. 800 പവലിയനുകളിലായി 30ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000 ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ഏജൻസികളും പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഒരു പറ്റം എഴുത്തുകാരുടെയും ചിന്തകരുടെയും ബുദ്ധിജീവികളുടെയും സാന്നിധ്യം മേളയിലുണ്ടാകും.
അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സാംസ്കാരിക വേദികളിലൊന്നായി റിയാദ് പുസ്തകമേളയുടെ സ്ഥാനം ഉറപ്പിക്കുന്നതാണിത്. ഖത്തറാണ് ഇത്തവണ പുസ്തകമേളയിലെ അതിഥി രാജ്യം. സംസ്കാരം, സാഹിത്യം, കല എന്നീ രംഗങ്ങളിലെ പ്രമുഖരുടെയും ഖത്തറിലെ സാംസ്കാരിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തം മേളയിലുണ്ടാവും.
കൂടാതെ ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെ അപൂർവ കൈയെഴുത്തു പ്രതികളുടെ ശേഖരവും നിരവധി പ്രസിദ്ധീകരണങ്ങളും ഉൾപ്പെടുന്ന പ്രദർശനവുമുണ്ടാകും. ഖത്തറിന്റെ സാംസ്കാരികവും ബൗദ്ധികവുമായ പൈതൃകത്തെക്കുറിച്ച് അറിയാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതാണിത്. അഞ്ച് പതിറ്റാണ്ടായി തുടരുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് ഭരണകൂടത്തിന്റെ പരിധിയില്ലാത്ത പിന്തുണയാണ് ലഭിക്കുന്നതെന്ന് സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അലവാൻ പറഞ്ഞു.
മേഖലയിലെ ഏറ്റവും പ്രമുഖമായ സാംസ്കാരിക പരിപാടികളെ ഇത് പ്രതിനിധീകരിക്കുന്നു. അറബ് സാംസ്കാരിക രംഗം രൂപപ്പെടുത്തുന്നതിൽ സൗദിയുടെ സുപ്രധാന സ്ഥാനത്തിന്റെയും ഏകീകരണത്തിന്റെയും മൂർത്തീഭാവമാണ് റിയാദ് പുസ്തകമേളയെന്ന് അലവാൻ പറഞ്ഞു.
നിലവിലെ പതിപ്പിൽ ഖത്തറിനെ അതിഥിയായി തിരഞ്ഞെടുത്തത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തിന്റെ അവലോകനം സാധ്യമാക്കുമെന്ന് അലവാൻ പറഞ്ഞു.
വിവിധ സാംസ്കാരിക മേഖലകളിലെ ഖത്തറിന്റെ നേട്ടങ്ങൾ കാണാൻ എക്സിബിഷൻ സന്ദർശിക്കുന്നവരെ പ്രാപ്തരാക്കും. എക്സിബിഷന്റെ പുതിയ പതിപ്പിന് പ്രസാധകരിൽനിന്ന് വ്യാപകമായ പങ്കാളിത്തമാണുള്ളത്.‘വിഷൻ 2030’ൽനിന്ന് ഉയർന്നുവരുന്ന സംസ്കാരത്തിനായുള്ള ദേശീയ തന്ത്രത്തിന്റെ സ്തംഭങ്ങൾക്ക് അനുസൃതമായി രാജ്യത്തിന്റെ വിജ്ഞാന ഉൽപാദനം വർധിപ്പിക്കുന്നതിനും മേഖലയിലെ അതിന്റെ മുൻനിര സാംസ്കാരിക സ്ഥാനം വർധിപ്പിക്കുന്നതിനും തുടർച്ചയായ സംഭാവനകൾ നൽകുമെന്നും അലവാൻ പറഞ്ഞു.
അറബ് ലോകത്തെ ഏറ്റവും പ്രമുഖവും വലുതുമായ പുസ്തകമേളകളിൽ ഒന്നാണ് റിയാദ് അന്താരാഷ്ട്ര പുസ്തകമേള. പ്രാദേശിക, അറബ് സാംസ്കാരിക സമൂഹത്തിൽനിന്ന് വലിയ പ്രശംസ ഇതിനകം പിടിച്ചുപറ്റിയിട്ടുണ്ട്.
പുതിയ പതിപ്പ് എഴുത്തുകാരുടെ കൃതികളും കരാറുകളും കൈകാര്യം ചെയ്യുന്ന സാഹിത്യ ഏജൻസികളുടെ പങ്കാളിത്തത്തോടെ ഒരു ബിസിനസ് സോൺ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ശ്രദ്ധേയമായ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിക്കും. രചയിതാക്കളുടെ കൃതികളും കരാറുകളും കൈകാര്യം ചെയ്യുന്ന സാഹിത്യ ഏജൻസികളുടെ പങ്കാളിത്തത്തോടെ ഒരു ബിസിനസ് സോൺ സ്ഥാപിക്കൽ, പ്രസാധകർക്ക് അവരുടെ സേവനങ്ങൾ നൽകുന്നതിനുള്ള എക്സിബിഷനുകളിലെ അവരുടെ ആദ്യ പങ്കാളിത്തമെന്ന നിലയിൽ പ്രാദേശിക പ്രിന്റിങ് പ്രസ് എന്നിവ ഉൾപ്പെടെയുള്ള ശ്രദ്ധേയമായ സംഭവവികാസങ്ങൾക്ക് ഈ വർഷത്തെ പതിപ്പ് സാക്ഷ്യം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.