റിയാദ് അന്താരാഷ്ട്ര പുസ്തകമേള; മലയാളികൾ സ്വന്തമാക്കിയത് നിരവധി പുസ്തകങ്ങൾ
text_fieldsറിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തക മേളയിൽ മലയാളികൾ സ്വന്തമാക്കിയത് നിരവധി പുസ്തകങ്ങൾ. 10 ദിവസം നീണ്ടുനിന്ന മഹാമേളയിൽ മലയാള വിഭാഗത്തിൽ നോവൽ, കഥ, കവിത, ചരിത്രം, യാത്രാവിവരണം തുടങ്ങിയ എല്ലാ മേഖലയിലെയും പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറുകളായി. പ്രവാസി എഴുത്തുകാരായ സബീന എം. സാലിയുടെ 'ലേഡി ലാവൻഡർ', ജോസഫ് അതിരുങ്കലിന്റെ പുതിയ പുസ്തകമായ 'ഗ്രിഗർ സാംസയുടെ കാമുകി' തുടങ്ങിയവ മുഴുവൻ വിറ്റുതീർന്നതായി പ്രസാധകർ പറഞ്ഞു. ഡി.സിയുടെ സ്റ്റാളിൽനിന്ന് വായനക്കാർ കൂടുതലായി വാങ്ങിയ പുസ്തകങ്ങൾ 'നിശ്ശബ്ദ സഞ്ചാരങ്ങൾ', 'ഘാതകൻ', 'മീശ', 'ഓഗസ്റ്റ് 17', 'പൊന്നിയിൻ സെൽവൻ' തുടങ്ങിയ നോവലുകളാണെന്ന് മാർക്കറ്റിങ് മാനേജർ വിനോദ് കുമാർ പറഞ്ഞു. 'സുൽത്താൻ വാരിയംകുന്നൻ', 'പ്രണയമേ കലഹമേ', 'അമേയ', 'ഗുൽമോഹർ ഇതളുകൾ' തുടങ്ങിയ പുസ്തകങ്ങൾ പ്രതീക്ഷിച്ചതിലേറെ കോപ്പികളാണ് വിറ്റുപോയയെന്ന് ഹരിതം ബുക്സ് ഡയറക്ടർ പ്രതാപൻ തായാട്ട് പറഞ്ഞു.
ചേതൻ ഭഗത്തിന്റെ പുസ്തകങ്ങളാണ് ഇംഗ്ലീഷ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റതെന്ന് പൂർണ പബ്ലിക്കേഷൻസ് പ്രതിനിധി പി.വി. സോംജിത്. ചരിത്ര പുസ്തകങ്ങൾ, എം.കെ. മുനീർ എഴുതിയ ശിഹാബ് തങ്ങളുടെ ചരിത്രം മുതലായ നിരവധി പുസ്തകങ്ങൾ പ്രതീക്ഷിച്ചതിലും അധികം വിറ്റതായി ഒലിവ് പബ്ലിക്കേഷൻ ഡയറക്ടർ കെ. സന്ദീപ് പറഞ്ഞു. ഇങ്ങനെ മലയാളികൾ റിയാദ് പുസ്തക മേളയിൽനിന്നും നിരവധി പുസ്തകങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. വരും വർഷങ്ങളിൽ ഇത് ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും പ്രസാധകരും.
ഗാന്ധി, ടാഗോർ, ഇന്ത്യൻ സംസ്കാരം, കലകൾ തുടങ്ങിയ പുസ്തകങ്ങളുടെ മൊഴിമാറ്റ കൃതികൾ അന്വേഷിച്ച് അറബികൾ ഏറെപേർ വന്നതായും അടുത്തവർഷം ഇത്തരം പുസ്തകങ്ങൾ അറബിയിലേക്ക് മൊഴിമാറ്റി കൊണ്ടുവരാൻ ശ്രമിക്കുമെന്നും പ്രസാധകർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.