Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസമെന്ന...

പ്രവാസമെന്ന അക്കരപ്പച്ചക്കായി പോരാടി മരിച്ചവരെ മറന്നു -ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

text_fields
bookmark_border
Shihabuddin Poithumkadav
cancel
camera_alt


ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് റിയാദ് പുസ്തകോത്സവത്തിൽ

റിയാദ്: മലയാളികൾക്ക് യുദ്ധാനുഭവം ഉണ്ടായിട്ടില്ല എന്ന് പറയുന്നത് കളവാണെന്ന് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. മലയാളികൾ യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നിൽ അടരാടിയ തീക്ഷ്ണമായ അനുഭവം അവർക്കുണ്ട്. ദാരിദ്ര്യത്തിനെതിരെയാണ്, പ്രവാസം എന്ന അക്കരപ്പച്ചയിലെത്താനാണ് അവർ ആ യുദ്ധം നടത്തിയത്. പിറന്ന നാടിനെയും പെറ്റ വയറിനെയും കൂടെപ്പിറന്നവരെയും കൂടെ കിടക്കുന്നവരെയും ഉപേക്ഷിച്ച് ഉപജീവനം തേടി കടലിന്റെ പ്രക്ഷുബ്ധതയിലേക്ക് എടുത്തുചാടിയത് യുദ്ധക്കളത്തിലേക്ക് ഓടിക്കയറുന്നതുപോലെയായിരുന്നു. കാറുംകോളും നിറഞ്ഞ് ഇളകിമറിയുന്ന കടലിന്റെ പ്രതികൂലതകളോട് പടപൊരുതി പത്തേമാരികളിൽ അക്കരപ്പച്ചയിലേക്ക് അവർ സാഹസപ്പെട്ട് നീങ്ങിയത് യുദ്ധസമാനമായ അന്തരീക്ഷത്തിലൂടെയാണ്.

ചിലർ കടലിന്റെ നടുക്കുവെച്ച് തന്നെ പോർത്തട്ടിൽ അടിതെറ്റിവീണ് തോൽവിയടഞ്ഞു. ചിലർ കടലിലേക്ക് എടുത്തുചാടി ഒന്നുകിൽ ജീവിതം അല്ലെങ്കിൽ ധീരമായ മരണമെന്ന ദൃഢനിശ്ചയത്തിന്റെ കരുത്തിൽ നീന്തി കരതൊട്ടു. അങ്ങനെ തീരംതൊട്ടവർ വീണ്ടും യുദ്ധം തുടർന്നു. നേരിടാൻ പ്രതികൂലങ്ങളേ ഉണ്ടായിരുന്നുള്ളൂ. പോരാടി തോൽപിക്കാൻ പ്രതിബന്ധങ്ങളേ മുന്നിലുണ്ടായിരുന്നുള്ളൂ. മരുഭൂമിയിൽ ഒരു ജീവിതം നട്ടുനനച്ചുവളർത്താൻ എത്ര ചോര വെള്ളമാക്കി അതിന്റെ ചുവട്ടിലൊഴിച്ചിരിക്കണം. ഇങ്ങനെ സ്വന്തം ചോരയും നീരും മജ്ജയും മാംസവും വളമാക്കി അവർ പ്രവാസത്തിനായി മരുഭൂമിയിൽ പച്ചപ്പൊരുക്കി. അവർ ഒരുപാട് വെയിലുകൊണ്ടു, പിന്നാലെ വരുന്നവർക്ക് തണലൊരുക്കാൻ. എന്നാൽ ആ ആദിമ പ്രവാസികളെ നാം സൗകര്യപൂർവം മറന്നുകളഞ്ഞു. വിജയിച്ച് വലിയ വ്യവസായ സാമ്രാജ്യങ്ങൾ പടുത്തവരിൽ മാത്രം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നതായി മാറിപ്പോയി പ്രവാസ ചരിത്രം.

മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിൽനിന്ന് 26 പേർ കയറിയ ഒരു ഉരു ഗൾഫ് തീരം തേടി പോയതാണ്. അതങ്ങ് എത്തിയില്ല, തിരിച്ചെത്തിയതുമില്ല. അത്രയും പേരും കടലിൽ മുങ്ങിയ ഉരുവിനോടൊപ്പം മറഞ്ഞുപോയി. അഗാധതയിലാണ്ടുപോയവർ പ്രവാസത്തിന്റെ ചരിത്രത്തിൽ ഉയിർത്തെഴുന്നേറ്റതേയില്ല. അതുപോലെ എത്രയെത്ര പേർ, ഒരു പേര് പോലും ബാക്കിവെക്കാതെ...

ഞാൻ മുമ്പ് പത്രാധിപത്യം വഹിച്ചിരുന്ന ഒരു ആഴ്ചപ്പതിപ്പിനുവേണ്ടി ഇങ്ങനെ ഗൾഫിലേക്ക് ലോഞ്ചിലും ഉരുവിലും കയറിപ്പോയവരെ കുറിച്ചൊരു പരമ്പര തയാറാക്കിപ്പിച്ചിരുന്നു. കേരളത്തിലുടനീളം അത്തരം ആളുകളെയും സംഭവങ്ങളെയും കുറിച്ച് ഒരു അന്വേഷണം തന്നെ നടത്തി റഹ്മാൻ എന്ന റിപ്പോർട്ടർ ആഴ്ചകൾ നീളുന്ന പരമ്പര തയാറാക്കി. അത് പ്രതിവാരം പ്രസിദ്ധീകരിച്ചു. ഹൃദയഭേദകമായിരുന്നു ഓരോ അനുഭവകഥകളും. എത്രമാത്രം മനുഷ്യരാണ് പട്ടിണിയോട് പടവെട്ടി, കടലിനോട് പൊരുതി ഗൾഫിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ടുപോയത്.

അതിലെത്ര പേരാണ് യാത്രാമധ്യേ ഒടുങ്ങിപ്പോയത്. ദിവസങ്ങളോളമെടുക്കുന്ന കടൽയാത്രക്കിടെ പത്തേമാരിയിൽ വെച്ച് കൂടപിറപ്പ് രോഗബാധിതനായി മരിച്ചപ്പോൾ ഖബറടക്കാൻ നിവൃത്തിയില്ലാതെ ഉള്ള തുണി കൊണ്ട് കഫൻ പൊതിഞ്ഞ് അത്യാവശ്യം മതാചാരമൊക്കെ പാലിച്ച്, തലയിലും കാലുകളിലും പിടിച്ചെടുത്ത് കടലിലേക്ക് വലിച്ചെറിഞ്ഞ് 'ഖബറടക്കി'യ സഹോദരങ്ങളുടെ അനുഭവം വായിച്ച് ചോരയുറഞ്ഞ് ഇരുന്നുപോയി. ഇതുപോലെ എത്രയെത്ര സംഭവങ്ങൾ.

ഇങ്ങനെ കുറെ മനുഷ്യർ അവരുടെ ജീവൻ പാകിയാണ് പ്രവാസത്തിന് അസ്തിവാരമിട്ടത്.മലയാളികളുടെ ഗൾഫ് പ്രവാസം ഉണ്ടായിട്ടില്ലെങ്കിൽ കേരളം മറ്റ് പല സംസ്ഥാനങ്ങളിലെയും പോലെ ദാരിദ്ര്യം നിറഞ്ഞ കാഴ്ചകളായി ഇന്നും നിലകൊള്ളുമായിരുന്നു. പ്രവാസികളുടെ വരുമാനമാണ് കേരളത്തിന് ഇന്നു കാണുന്ന പളപളപ്പ് നൽകിയത്. കേരളത്തിൽ എവിടേക്ക് നോക്കിയാലും അവിടെ ഉയർന്നുകാണുന്ന സമ്പൽസമൃദ്ധിയുടെ എടുപ്പുകൾ പ്രവാസിയുടെ പണം കൊണ്ടുണ്ടായതാണ്. കേരളത്തിന് അടിസ്ഥാനപരമായ മൂന്ന് വരുമാനസ്രോതസ്സുകളിൽ ഒന്നാണ് പ്രവാസി.

ഗൾഫിലടക്കം പോയ പ്രവാസികളും മറ്റ് സംസ്ഥാനങ്ങളിൽ കുടിയേറിയ മറുനാടൻ പ്രവാസികളും അയക്കുന്ന പണമാണ് കേരളത്തിന്റെ പ്രധാന വരുമാനങ്ങളിലൊന്ന്. എന്നാൽ ഈ ഒരു അംഗീകാരം പ്രവാസിക്ക് നാടോ നാടുവാഴുന്നവരോ നൽകുന്നുണ്ടോ? ഇല്ല എന്നാണ് കുറച്ചുകാലം പ്രവാസിയായിരുന്ന എന്റെ അനുഭവം. പ്രവാസിയോട് കേരളം നന്ദി കാട്ടിയിട്ടില്ല. നെറികേട് ആവശ്യത്തിലേറെ കാട്ടുന്നുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - riyadh international book festival
Next Story