ലോകത്തിലെ ഏറ്റവും വലിയ ഒട്ടകോത്സവം റിയാദിൽ
text_fieldsറിയാദ്: ലോകത്തിലെ ഏറ്റവും വലിയ ഒട്ടകോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ ഒരുങ്ങി. ഡിസംബർ ഒന്നു മുതൽ റിയാദിൽ ആരംഭിക്കുന്ന മേള 41 ദിവസം നീണ്ടുനിൽക്കും. സൗദി കാമൽ ക്ലബ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാംസ്കാരിക വിനോദ മേളയായ ഒട്ടകോത്സവം ആഗോള പ്രശസ്തമാണ്. അമേരിക്ക, ഫ്രാൻസ്, റഷ്യ ഉൾെപ്പടെ ലോകത്തിെൻറ വിവിധ കോണുകളിൽനിന്നായി 33,000 ഒട്ടക ഉടമകളും അവരുടെ ഒട്ടകങ്ങളും ഉത്സവത്തിനെത്തും. വിജയികൾക്കുള്ള സമ്മാനത്തുക 250 ദശലക്ഷം സൗദി റിയാലാണ്.
മേളക്ക് സാക്ഷ്യം വഹിക്കാൻ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നുള്ള ഒട്ടക പ്രേമികൾ തലസ്ഥാനത്തെത്തും. ദിനേന ഒരു ലക്ഷത്തിലേറെ സന്ദർശകർ ഉത്സവ നഗരി സന്ദർശിക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 'മരുഭൂമിയിലെ കപ്പൽ' എന്നറിയപ്പെടുന്ന ഒട്ടകം അറബ് ചരിത്രത്തിെൻറ ഭാഗംകൂടിയാണ്. അതുകൊണ്ടുതന്നെ സ്വദേശികൾക്ക് രാജ്യത്തിെൻറ പൈതൃകോത്സവംകൂടിയാണ്. സൗദി അറേബ്യയിലാകെ 14 ലക്ഷം ഒട്ടകങ്ങളുണ്ടെന്നാണ് സൗദി പരിസ്ഥിതി കാർഷിക മന്ത്രാലയത്തിെൻറ കണക്ക്. റിയാദ്, ജീസാൻ, ത്വഇഫ്, അൽജൗഫ്, അറാർ, തബൂക്ക്, ഹാഇൽ, അൽ ബാഹ എന്നീ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതൽ ഒട്ടകങ്ങളുള്ളത്. സൗദിക്ക് അകത്തും പുറത്തുമുള്ള ലക്ഷത്തിലേറെ ഒട്ടകങ്ങളാണ് ഇത്തവണ മേളക്കെത്തുന്നത്.
പ്രദർശനം കാണാനും പങ്കെടുക്കാനും ആയിരക്കണക്കിന് ആളുകളാണ് സൗദിയിൽ എത്തിച്ചേരുക. അറബ് രാജ്യത്തെ മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ ദേശീയ ആഘോഷങ്ങളിലൊന്നുകൂടിയാണ് സൗദിയിൽ നടക്കുന്ന ഒട്ടകോത്സവം. ഒട്ടകങ്ങളെ വളർത്താനും സംരക്ഷിക്കാനുമുള്ള അവകാശത്തെയും ആവശ്യകതയെയും കുറിച്ചുള്ള ബോധവത്കരണം മേളയുടെ ലക്ഷ്യങ്ങളിലൊന്നാണ്. നിറം, തലയുടെ വലുപ്പം, കഴുത്തിെൻറ നീളം, മുതുക്, കണ്ണുകളുടെ വലുപ്പം, പുരികം, ചെവിയുടെ സൗന്ദര്യം, ഉരുളൻ പൂഞ്ഞ, പല്ലിനെ മൂടുന്ന ചുണ്ടുകൾ തുടങ്ങിവയാണ് വിജയികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ. മത്സരത്തിൽ വിജയിക്കുന്ന ഒട്ടകങ്ങളെ മോഹവില നൽകി സ്വന്തമാക്കാൻ ഒട്ടകക്കമ്പക്കാരും മേളക്കെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.