രാജ്യമാകെ റെയിൽവേ ശൃംഖലക്ക് പദ്ധതി: റിയാദ്–ഖുറയാത് ട്രെയിൻ സർവിസ് അടുത്ത വർഷം മാർച്ചിൽ
text_fieldsറിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരവും വടക്കേ അതിർത്തി പട്ടണവും തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവിസിന് അടുത്ത വർഷം മാർച്ചിൽ തുടക്കമാവും.
റിയാദിൽനിന്ന് നിലവിൽ അൽജൗഫ് വരെ പോകുന്ന ട്രെയിൻ സർവിസാണ് അതിർത്തി പട്ടണമായ ഖുറയാത്തിലേക്ക് നീട്ടുന്നത്. പാത ദീർഘിപ്പിക്കുന്ന ജോലികൾ പൂർത്തിയായി വരുന്നു. ഉയർന്ന ഗുണനിലവാരത്തിലും ഉന്നത സുരക്ഷയോടെയും റെയിൽ പാത സ്ഥാപിക്കുന്ന ജോലികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് സൗദി ഗതാഗത മന്ത്രി സാലെഹ് അൽജാസർ ട്വീറ്റ് ചെയ്തു.
ഇൗ പാത പൂർത്തിയായാൽ രാജ്യത്ത് ആദ്യമായി റെയിൽവേയിലൂടെ കാറുകൾ കൊണ്ടുപോകുന്ന ചരക്കുഗതാഗതത്തിന് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു. ജോർഡനുമായി അതിർത്തി പങ്കിടുന്ന വടക്കൻ സൗദിയിലെ പട്ടണമാണ് ഖുറയാത്. റിയാദിൽ അൽഖസീം പ്രവിശ്യയിലൂടെ ഹാഇൽ, അൽജൗഫ് പട്ടണങ്ങൾ കടന്നുപോകുന്ന തെക്കുവടക്ക് റെയിൽവേ ഖുറയാത്തിൽ എത്തുന്നതോടെ ആകെ ദൈർഘ്യം 1,242 കിലോമീറ്ററായി മാറും. നാലുവർഷം മുമ്പ് സൗദി റെയിൽവേ കമ്പനിക്ക് കീഴിൽ ആരംഭിച്ച ട്രെയിൻ സർവിസ് നിലവിൽ റിയാദിൽ നിന്ന് അൽജൗഫ് വരെയാണ്. ഇവിടെനിന്നാണ് ഖുറയാത്തിലേക്ക് പാത നീട്ടുന്നത്. റിയാദിനും ഖുറയാത്തിനുമിടയിൽ നാല് സ്റ്റേഷനുകൾ കൂടിയുണ്ടാവും. ആകെ ആറ് സ്റ്റേഷനുകൾ. റിയാദ്, മജ്മഅ, ബുറൈദ, ഹാഇൽ, അൽജൗഫ്, ഖുറയാത് സ്റ്റേഷനുകൾ അന്തർദേശീയ നിലവാരത്തിലാണ് നിർമിച്ചിരിക്കുന്നത്. മൊത്തം 20 ശതകോടി റിയാൽ ചെലവിലാണ് റിയാദ് - ഖുറയാത് പാതയും സ്റ്റേഷനുകളും നിർമിച്ചത്. ഇൗ പാതയിൽ ഒാടാനുള്ള ട്രെയിൻ കോച്ചുകൾ നിർമിച്ചത് കാഫ് എന്ന അന്താരാഷ്ട്ര കമ്പനിയാണ്. 2012ലാണ് കോച്ച് നിർമാണത്തിന് സൗദി റെയിൽവേ ഒാർഗനൈസേഷൻ (എസ്.ആർ.ഒ) കാഫുമായി കരാറൊപ്പുവെച്ചത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ പായുന്ന ഡീസെൽ പുഷ്പുൾ ട്രെയിനുകൾ നിർമിക്കാനായിരുന്നു കരാർ. ആദ്യ ട്രെയിൻ 2015ൽ കമ്പനി റെയിൽവേക്ക് കൈമാറി. 2016 ഒക്ടോബറിൽ റിയാദിനും മജ്മഅക്കുമിടയിൽ പരീക്ഷണ ഒാട്ടം നടത്തി.
2017 ഫെബ്രുവരി 26ന് റിയാദിനും ബുറൈദക്കുമിടയിൽ ട്രെയിൻ സർവിസിന് ഒൗദ്യോഗിക തുടക്കം കുറിച്ചു. പിന്നീട് ഹാഇലിലേക്കും ശേഷം അൽജൗഫിലേക്കും ട്രെയിൻ സർവിസ് നീട്ടി. അതാണ് ഇനി അടുത്ത വർഷം മാർച്ചിൽ ഖുറയാത്തിലേക്കും ദീർഘിപ്പിക്കുന്നത്.
റിയാദ് - ഖുറയാത്ത് സർവിസ് കൂടാതെ, നിലവിൽ ദമ്മാമിനും റിയാദിനുമിടയിലും മക്കക്കും മദീനക്കുമിടയിലും ട്രെയിൻ സർവിസുണ്ട്. രാജ്യമാകെ റെയിൽവേ ശൃംഖല സ്ഥാപിക്കാനും അതിനായി ഇൗ റെയിൽപാതകളെല്ലാം തമ്മിൽ കൂട്ടിയിണക്കാനുമുള്ള പദ്ധതികൾ സൗദി ഗതാഗത മന്ത്രാലയത്തിന് കീഴിൽ പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.