റിയാദിൽ കാൽലക്ഷം പേരെ അംഗങ്ങളാക്കുമെന്ന് കെ.എം.സി.സി
text_fieldsറിയാദ്: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിൻ (2022-2025) റിയാദിൽ ഊർജിതമായി നടക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സമിതി നിയോഗിച്ച തെരഞ്ഞെടുപ്പ് സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇത്തവണ കാൽ ലക്ഷം പേരെ അംഗങ്ങളാക്കാനാണ് കമ്മിറ്റി ലക്ഷ്യമിടുന്നതെന്ന് സമിതിയംഗങ്ങൾ പറഞ്ഞു.
റിയാദിൽ മെമ്പർഷിപ്പ് കാമ്പയിൻ നടത്തി കമ്മിറ്റികൾ രൂപവത്കരിക്കുന്നതിനാണ് അഞ്ചംഗ സമിതിയെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ചത്. മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തിയാക്കി മെയ് 15 മുതൽ ജൂലൈ 30 വരെയുള്ള കാലയളവിൽ മണ്ഡലം, ജില്ലാ കമ്മിറ്റികളുടെ രൂപവത്കരണം നടക്കും. തുടർന്ന് സെൻട്രൽ കമ്മിറ്റി നിലവിൽ വരും. മൂന്ന് വർഷമായിരിക്കും അംഗത്വ കാലാവധി. ഓൺലൈൻ വഴിയും അംഗത്വം എടുക്കാവുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിനായി http://www.mykmcc.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം.
അതത് മണ്ഡലം കമ്മിറ്റികൾ അപേക്ഷ പരിശോധിച്ച ശേഷമായിരിക്കും അംഗത്വം നൽകുക. റിയാദ് സെൻട്രൽ കമ്മിറ്റിയുടെയും വിവിധ ജില്ലാ മണ്ഡലം, ഏരിയ കമ്മിറ്റികളുടെയും നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവത്തനങ്ങളാണ് റിയാദിൽ നടക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. 2020 മുതൽ നടപ്പാക്കിയ സുരക്ഷാ പദ്ധതിക്ക് കീഴിൽ 10 ലക്ഷം രൂപയാണ്, അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസിയുടെ കുടുംബത്തിന് നൽകുന്നത്. ജാതി, മത ഭേദമന്യേ ഇതിന്‍റെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് റിയാദ് കമ്മിറ്റി നിരവധിയാളുകൾക്ക് ആശ്വാസകരമായി ധാരാളം പ്രവർത്തനങ്ങൾ നടത്തി. കോവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കുകയും അവർക്ക് ആശ്വാസമാകുന്ന രീതിയിൽ മാനസിക പിന്തുണയും ചികിത്സ സൗകര്യങ്ങളും ലഭ്യമാക്കുകയും ഭക്ഷ്യ-മരുന്ന് വിതരണം, ചാർട്ടേഡ് വിമാന സേവനം, കോവിഡ് ബാധിച്ചും അല്ലാതെയും മരിച്ചവരുടെ മൃതദേഹങ്ങൾ മറവ് ചെയ്യുക തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. വെൽഫെയർ വിങ് സൗദിയിൽ മരിക്കുന്നവരുടെ മൃതദേഹം മറവ് ചെയ്യുന്നതിനും നാട്ടിലെത്തിക്കുന്നതിനും സജീവമായി പ്രവർത്തിക്കുന്നു. നിയമപ്രശ്നങ്ങളിൽപ്പെട്ട് പ്രയാസപ്പെടുന്നവർക്കും രോഗികൾക്കും ആവശ്യമായ സഹായങ്ങളും നൽകുന്നു.
വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി വിവിധ ഇന്ത്യൻ സ്‌കൂളുകളെ പങ്കെടുപ്പിച്ച് സ്‌കൂൾ ഫെസ്റ്റുകളടക്കം വിവിധ പരിപാടികൾ സംഘടിപ്പിക്കാനായി. ഫുട്ബാൾ ടൂർണമെന്‍റുകൾ, ഇന്‍റർനാഷനൽ ബാഡ്മിന്‍റൺ ടൂർണമെന്‍റ്, വോളിബാൾ ടൂർണമെന്‍റ് തുടങ്ങിയ പരിപാടികളും നടത്തി. 'ബൈത്തു റഹ്മ' എന്ന പേരിൽ നിർധനർക്ക് വീടുവെച്ചു നൽകി. നാട്ടിൽ പ്രവർത്തിക്കുന്ന സി.എച്ച് സെന്‍ററുകൾക്ക് ഏകീകൃത ഫണ്ട് സമാഹരണം വഴി വർഷം തോറും വലിയൊരു തുക സഹായമെത്തിക്കാനും കമ്മിറ്റിക്ക് കഴിഞ്ഞു. അംഗത്വ കാമ്പയിന്‍റെ ഭാഗമായി ഈ മാസം 11ന് ജില്ലാ, മണ്ഡലം, ഏരിയാ ഭാരവാഹികളെയും പ്രധാന പ്രവർത്തകരെയും ഉൾപ്പെടുത്തി വിപുലമായ കൺവെൻഷൻ നടക്കും. വാർത്താസമ്മേളനത്തിൽ ഉപസമിതി അംഗങ്ങളായ സി.പി. മുസ്തഫ (റിയാദ് കെ.എം.സി.സി പ്രസിഡന്‍റ്), കബീർ വൈലത്തൂർ (അക്ടിങ് സെക്രട്ടറി), യു.പി. മുസ്തഫ (ട്രഷറർ) എസ്.വി അർശുൽ അഹമ്മദ്, ഷുഹൈബ് പനങ്ങാങ്ങര (നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് മെമ്പർമാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.