റിയാദ് കെ.എം.സി.സി പ്രവാസി കുടുംബ സുരക്ഷ പദ്ധതി അഞ്ചാം വർഷത്തിലേക്ക്
text_fieldsറിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പാക്കിവരുന്ന 10 ലക്ഷം രൂപയുടെ പ്രവാസി കുടുംബസുരക്ഷ പദ്ധതി അഞ്ചാം വർഷത്തിലേക്ക് കടന്നതായി ഭാരവാഹികൾ അറിയിച്ചു. അഞ്ചാം ഘട്ട അംഗത്വ കാമ്പയിനിന്റെ ഉദ്ഘാടനം ബത്ഹയിലെ കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അംഗത്വ ഫോറം മുഹമ്മദ് ചേലേമ്പ്രക്ക് നൽകി നിർവഹിച്ചു. വൈസ് പ്രസിഡൻറ് അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു.
നാലുവർഷ കാലയളവിനിടയിൽ കുടുംബസുരക്ഷ പദ്ധതിയിൽ അംഗങ്ങളായ 24 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇവരുടെ ആശ്രിതർക്ക് രണ്ടു കോടി 40 ലക്ഷം രൂപയാണ് ഇതിനകം വിതരണം ചെയ്തിട്ടുള്ളത്. കൂടാതെ 12 ലക്ഷം രൂപ ചികിത്സ സഹായമായും നൽകി. രണ്ടാഴ്ച മുമ്പ് കോഴിക്കോട്ട് നടന്ന പരിപാടിയിൽ നാലാം ഘട്ട പദ്ധതിയിൽ അംഗമായിരിക്കെ മരിച്ച ഏഴു പേരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതവും ചികിത്സ സഹായവുമടക്കം 75 ലക്ഷം രൂപയുടെ ധനസഹായം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ വിതരണം ചെയ്തിരുന്നു.
2019ലാണ് സെൻട്രൽ കമ്മിറ്റി പ്രവാസി കുടുംബസുരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയിൽ അംഗമായിരിക്കെ മരിക്കുന്ന വ്യക്തിയുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയാണ് ഇതുവഴി നൽകിവരുന്നത്. ഇതാദ്യമായാണ് ഇത്രയും വലിയ തുക പ്രഖ്യാപിക്കപ്പെട്ട ഒരു പദ്ധതി പ്രവാസലോകത്ത് നടപ്പാക്കുന്നത്.
റിയാദ് സെൻട്രൽ കമ്മിറ്റിയടക്കം ഇതടക്കം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കോവിഡ് കാലത്ത് നൽകിയ ചികിത്സ സഹായങ്ങളും ഭക്ഷ്യ, മരുന്ന് വിതരണവും കൗൺസലിങ്ങും ആയിരങ്ങൾക്കാണ് ആശ്വാസമായതെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.
ഇതിനകം നാട്ടിൽ കോടിക്കണക്കിന് രൂപയുടെ കാരുണ്യപ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. സുരക്ഷ പദ്ധതിയിൽ തുടർച്ചയായി അംഗത്വമെടുക്കുന്നവരിൽ അർഹരായ പ്രവാസികൾക്ക് പെൻഷൻ നൽകുന്നത് അടക്കം വിവിധ പ്രവർത്തനങ്ങൾ ഉടൻ തുടക്കം കുറിക്കും. നാഷനൽ കമ്മിറ്റിയുടെ സുരക്ഷ പദ്ധതിയിലും റിയാദിൽനിന്ന് വർഷംതോറും പതിനായിരത്തിനു മുകളിൽ അംഗങ്ങളെ ചേർക്കാൻ സെൻട്രൽ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. യോഗത്തിൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ യു.പി. മുസ്തഫ, മുജീബ് ഉപ്പട, അബ്ദുറഹ്മാൻ ഫറോക്ക്, റസാഖ് വളക്കൈ, അക്ബർ വേങ്ങാട്ട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും വൈസ് പ്രസിഡൻറ് ബാവ താനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.