റിയാദ് കെ.എം.സി.സി വനിത വിങ്ങിെൻറ കാരുണ്യച്ചിറകേറി എബ്രഹാമും ഭാര്യയും നാടണഞ്ഞു
text_fieldsറിയാദ്: നിയമപ്രശ്നങ്ങൾ കാരണം വർഷങ്ങളായി നാട്ടിൽ പോകാൻ കഴിയാതെ ദുരിതത്തിലായ ആലപ്പുഴ സ്വദേശികളായ എബ്രഹാമും (61) ഭാര്യ ഏലിയാമ്മയും (52) റിയാദ് കെ.എം.സി.സി വനിത വിങ്ങിെൻറ കാരുണ്യ ചിറകിലേറി നാടണഞ്ഞു. 18 കൊല്ലമായി റിയാദിലുള്ള എബ്രഹാം സൗദി വനിതയുടെ കീഴിൽ ഇലക്ട്രീഷ്യനായിരുന്നു. ഇതിനിടെ 2018ൽ സ്പോൺസർഷിപ്പ് മാറാൻ അവർ ആവശ്യപ്പെട്ടു. തുടർന്ന് പരിചയപ്പെട്ട മലപ്പുറം സ്വദേശിയുടെ സ്പോൺസറുടെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറാമെന്നും പുതുതായി കട തുറക്കാമെന്നും ഇയാൾ അറിയിച്ചു. ഇതിനായി വലിയ തുക അയാൾക്ക് നൽകുകയും ചെയ്തു.
പിന്നീട് അയാളെ കുറിച്ച് വിവരമില്ലാതായപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടെന്ന് എബ്രഹാം മനസ്സിലാക്കുന്നത്. രണ്ടുവർഷത്തോളമായി ഇഖാമ പുതുക്കാൻ കഴിയാത്തതിനെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ ജീവിതം പ്രതിസന്ധിയിലായി. ഇടക്ക് നിയമവിരുദ്ധമായി ചെറിയ ജോലികൾ ചെയ്താണ് പട്ടിണികിടക്കാതെ ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ബത്ഹയിലെ താമസമുറിക്ക് വാടക നൽകാൻ കഴിയാതായതോടെ മുറി നഷ്ടപ്പെടുന്ന സാഹചര്യമായി. വാടക കുടിശ്ശികക്ക് നിരന്തരം വീട്ടുടമ ബന്ധപ്പെടാനും തുടങ്ങി. കോവിഡ് വ്യാപനത്തോടെ എല്ലാ നിലക്കും പ്രയാസത്തിലായി.
ലോക്ഡൗൺ സമയത്ത് കെ.എം.സി.സിയുടെ ഭക്ഷണക്കിറ്റും സമീപവാസികളുടെ സഹായവും കൊണ്ടാണ് ജീവിതം മുന്നോട്ടുപോയത്. തുടർന്ന് എങ്ങനെയെങ്കിലും നാട്ടിൽ പോകാൻ കഴിയുമോ എന്നന്വേഷിച്ച് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫയെ ബന്ധപ്പെട്ടു. ഇദ്ദേഹമാണ് വിഷയം കെ.എം.സി.സി വനിത വിങ്ങിനെ ചുമതലപ്പെടുത്തുന്നത്. ഉടൻതന്നെ വനിത വിങ് ഭാരവാഹികൾ അവരെ സന്ദർശിച്ച് വേണ്ട സഹായം വാഗ്ദാനം ചെയ്തു. എംബസിയുമായി ബന്ധപ്പെട്ട് അവർക്ക് നാടണയാനുള്ള നിയമ സഹായങ്ങൾക്ക് തുടക്കം കുറിക്കുകയും ആവശ്യമായ പണം കണ്ടെത്താൻ മുന്നിട്ടിറങ്ങുകയും ചെയ്തു.
ഇഖാമ പുതുക്കാത്തതു വഴിയുള്ള പിഴയും നാട്ടിലേക്ക് മടങ്ങാനുള്ള ചെലവുമുൾപ്പെടെ 10,000ത്തോളം റിയാൽ ആവശ്യമായിരുന്നു. വനിത വിങ് ഭാരവാഹികളുടെ ശ്രമഫലമായി സാമ്പത്തിക ബാധ്യത തീർത്ത് കഴിഞ്ഞദിവസം രേഖകൾ ശരിയാക്കി നാട്ടിലേക്ക് യാത്രയാക്കി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, റിയാദ് വനിത കെ.എം.സി.സി പ്രസിഡൻറ് റഹ്മത്ത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല മൂസ, ചെയർപേഴ്സൺ ഖമറുന്നീസ മുഹമ്മദ്, ട്രഷറർ നുസൈബ മാമു, ഭാരവാഹികളായ ഹസ്ബിന നാസർ, സൗദ മുഹമ്മദ്, ഫസ്ന ഷാഹിദ്, സാറ നിസാർ, നജ്മ ഹാഷിം, ഷഹർബാൻ മുനീർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.