റിയാദ് മാരത്തൺ; ദേശഭേദമില്ലാതെ അവരൊരുമിച്ചോടി
text_fieldsജിദ്ദ: ദേശ, ഭാഷ, വർഗ, വർണ ഭേദങ്ങളൊന്നുമില്ലാതെ അവർ ഒരുമിച്ച് ഓടി റിയാദ് മാരത്തണിൽ പുതിയ ചരിത്രമെഴുതി. സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (എസ്.എഫ്.എ) സംഘടിപ്പിച്ച 'മാരത്തൺ 2022' രണ്ടാം പതിപ്പിൽ പതിനായിരത്തിലധികം പേർ പങ്കെടുത്തു. സൗദി അറേബ്യക്ക് പുറമെ മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്നും ഗൾഫിതര രാജ്യങ്ങളിൽനിന്നുമുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. സൗദിയിൽ നടക്കുന്ന ആദ്യത്തെ പ്രഫഷനൽ, അന്തർദേശീയ മാരത്തണാണിത്. ഏഷ്യൻ, ഇൻറർനാഷനൽ അത്ലറ്റിക്സ് ഫെഡറേഷനുകളുടെ അംഗീകാരവും ഇതിന് ലഭിച്ചിരുന്നു. സൗദി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ ഇതുവരെ സംഘടിപ്പിച്ച കായിക ഇനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കായിക ഇനങ്ങളിലൊന്നായി റിയാദ് മാരത്തണിനെ കണക്കാക്കുന്നു.
സമൂഹത്തിലെ എല്ലാ അംഗങ്ങളെയും ശാരീരിക വ്യായാമത്തിന് പ്രേരിപ്പിക്കുക എന്നതാണ് ഈ കൂട്ടയോട്ടം കൊണ്ടുള്ള ലക്ഷ്യം. 42 കിലോമീറ്റർ ദൈർഘ്യത്തിലാണ് ആളുകൾ കൂട്ടമായി ഓടിയത്. പ്രാദേശികമായും അന്തർദേശീയമായും ആയിരക്കണക്കിന് കായിക പ്രേമികളെ ആകർഷിക്കുന്നതായി ഇത് മാറി. മാരത്തണിനെ ഒരു ഉത്സവമായി കൊണ്ടാടുകയായിരുന്നു എല്ലാവരും.
റിയാദ് കിങ് സഊദ് യൂനിവേഴ്സിറ്റിയിൽനിന്ന് ആരംഭിച്ച മാരത്തൺ ചരിത്രപ്രസിദ്ധമായ ദറഇയ, അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡ്, മറ്റ് പ്രധാന റോഡുകൾ, കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെൻറർ, ഡിജിറ്റൽ സിറ്റി എന്നിവയിലൂടെയാണ് കടന്നുപോയത്. 'വിഷൻ 2030'ന്റെ ഭാഗമായ ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനാണ് കായിക മന്ത്രാലയത്തിന്റെ സഹകരണത്തോടെ മാരത്തൺ സംഘടിപ്പിച്ചത്. സൗദി അറേബ്യൻ ഒളിമ്പിക് കമ്മിറ്റി, സൗദി അത്ലറ്റിക്സ് ഫെഡറേഷൻ, കിങ് സഊദ് യൂനിവേഴ്സിറ്റി, നാഷനൽ സെൻറർ ഫോർ ഇവൻറ് എന്നിവയും മാരത്തൺ നടത്തിപ്പിൽ പങ്കാളികളായി. മത്സരത്തിൽ പങ്കെടുത്തവരിൽ 57 ശതമാനം സ്വദേശികളാണ്. ഫിലിപ്പീൻസ്, ഇന്ത്യ, ബ്രിട്ടൻ, പാകിസ്താൻ, അമേരിക്ക, ഈജിപ്ത്, ജോർഡൻ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽനിന്നുള്ളവരാണ് പങ്കെടുത്ത ബാക്കിയുള്ളവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.