റിയാദ് മെട്രോക്ക് സ്വീകാര്യതയേറുന്നു; എയർപോർട്ട് യാത്ര മെട്രോയിലാക്കിയാൽ ലാഭം പലത്
text_fieldsറിയാദ്: സർവിസ് ആരംഭിച്ച് 10 ദിവസത്തിനുള്ളിൽ സൗദി തലസ്ഥാന നഗരവാസികളുടെ ദിനചര്യയെ റിയാദ് മെട്രോ സ്വാധീനിച്ച് തുടങ്ങി. ജോലിക്കുൾപ്പെടെ പലതരം ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ദൈനംദിന യാത്രകൾ ആളുകൾ പതിയെ മെട്രോയിലേക്ക് മാറ്റിക്കഴിഞ്ഞു. ഇക്കൂട്ടത്തിൽ ഏറ്റവും സൗകര്യപ്രദമാകുന്നത് റിയാദ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയാണ്. ഇതിലൂടെ ലഭിക്കുന്ന ലാഭം പലതാണ്. ചെലവ് വളരെ തുച്ഛമാണെന്നതാണ് ഒന്നാമത്തേത്.
വെറും നാല് റിയാൽ മാത്രം. നഗരത്തിലെ ഏറ്റവും വലിയ പ്രശ്നമായ ട്രാഫിക് കുരുക്കിൽപെടില്ല എന്നത് വലിയ സമ്മർദവും തലവേദനയും ഒഴിവാക്കും. ഏഴ് മിനിറ്റ് ഇടവേളകളിൽ ട്രെയിനുകളുള്ളതും നിശ്ചിത സമയത്ത് ലക്ഷ്യസ്ഥാനങ്ങളിൽ എത്തുമെന്നതും യാത്രയിൽ കൃത്യത പാലിക്കാൻ സഹായിക്കും. അങ്ങനെ ഒരു സമ്മർദവും ആയാസവുമില്ലാതെ മെട്രോ സമ്മാനിക്കുന്നത് സുഖയാത്രയാണ്.
തൊട്ടടുത്ത് ബസ് സ്റ്റേഷനോ മെട്രോ സ്റ്റേഷനോ ഇല്ലെങ്കിൽ ഏറ്റവും അടുത്ത അവയുള്ള ദൂരത്തേക്ക് മാത്രം ടാക്സിയോ മറ്റ് വാഹന സൗകര്യങ്ങളോ ഏർപാടാക്കേണ്ടി വരും എന്ന് മാത്രം. ബത്ഹയിലുള്ളവർക്ക് കൂടുതൽ എളുപ്പമാണ്. രണ്ട് മെട്രോ സ്റ്റേഷനുകളാണ് തൊട്ടടുത്തുള്ളത്. രണ്ടും വരുന്ന ഞായറാഴ്ച (ഡിസം. 15) മുതൽ പ്രവർത്തനം ആരംഭിക്കും. നഗരത്തിന്റെ ഏത് ഭാഗത്തുനിന്നായാലും എയർപോർട്ടിലേക്ക് പോകേണ്ടവർ പ്രധാന ഹബ്ബായ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് സ്റ്റേഷനിൽ (കാഫ്ഡ് സ്റ്റേഷൻ) എത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
അവിടെ നിന്നാണ് എയർപോർട്ടിലേക്ക് യെല്ലോ ട്രെയിൻ യാത്ര തുടങ്ങുന്നത്. എന്നാൽ നഗരത്തിന്റെ കിഴക്ക് നസീം ഭാഗത്തുള്ളവർക്കും ബഗ്ലഫ്, അൽ ഹംറ, അൽ ഖലീജ്, ഇസ്ബിലിയ, അൽ യർമുഖ് എന്നീ ഭാഗങ്ങളിലുള്ളവർക്കും പർപ്പ്ൾ ട്രെയിനിൽ കയറി സാബിക് സ്റ്റേഷനിൽ ഇറങ്ങിയാലും മതി. യെല്ലോ ട്രെയിനിൽ വേഗത്തിൽ എയർപോർട്ടിൽ എത്താനാവും.
പ്രവാസി ശീലിച്ച യാത്രാരീതിയിൽ ചെറിയൊരു മാറ്റം കൂടി വരുത്തൽ മെട്രോ യാത്രക്ക് ആവശ്യമാണ്. സാധനങ്ങൾ വലിയ കാർട്ടനുകളിലാക്കി കൊണ്ടുപോകുന്നത് ഒഴിവാക്കി പകരം വലിയ ട്രോളി ബാഗുകളിലാക്കി മാറ്റിയാൽ മതി. ട്രെയിനിൽ കൊണ്ടുപോകാൻ അതാണ് സൗകര്യപ്രദം. മാത്രമല്ല, യെല്ലോ ട്രെയിനിൽ അത്തരം ബാഗേജുകൾ വെക്കാൻ പ്രത്യേക സ്ഥലം തന്നെ ഒരുക്കിയിട്ടുണ്ട്. അവിടെ വെച്ചിട്ട് യാത്രക്കാർക്ക് ഇഷ്ടമുള്ളിടത്ത് പോയി നിൽക്കുകയോ ഇരിക്കുകയോ ചെയ്യാം. ബാഗ് വെച്ചിടത്ത് നിന്നനങ്ങില്ല.
കാഫ്ഡ് സ്റ്റേഷനിലെ ഒന്നാം നിലയിലാണ് എയർപോർട്ടിലേക്കുള്ള യെല്ലോ ട്രെയിനിന്റെ പ്ലാറ്റ്ഫോം. അവിടെ നിന്ന് എയർപോർട്ടിലേക്ക് പരമാവധി ദൂരം 25 മിനിറ്റാണ്. ഓരോ ഏഴ് മിനിറ്റ് ഇടവേളയിലും ട്രെയിനുകളുണ്ട്. ആറ് ലൈനുകളിലും അങ്ങനെയാണ് ട്രെയിനുകൾ ക്രമീകരിച്ചിട്ടുള്ളത്. എയർപോർട്ടിൽ ആദ്യമെത്തുക ആഭ്യന്തര വിമാനങ്ങൾക്കുള്ള അഞ്ചാം നമ്പർ ടെർമിനലിനോട് ചേർന്നുള്ള മെട്രേ
സ്റ്റേഷനിലാണ്. അടുത്തത് വിദേശ സർവിസ് നടത്തുന്ന സൗദി വിമാന കമ്പനികൾക്കുള്ള മൂന്ന്, നാല് ടെർമിനലുകൾക്ക് വേണ്ടിയുള്ള രണ്ടാമത്തെ മെട്രോ സ്റ്റേഷനാണ്. വിദേശ വിമാനങ്ങൾക്കുള്ള ഒന്ന്, രണ്ട് ടെർമിനലുകൾക്ക് വേണ്ടിയാണ് മൂന്നാമത്തെ സ്റ്റേഷൻ. അതാണ് യെല്ലോ ലൈനിലെ അവസാന സ്റ്റേഷൻ. നിലവിൽ ആ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചിട്ടില്ല. അധികം വൈകാതെ തുറക്കും.
അതുവരെ രണ്ടാമത്തെ സ്റ്റേഷനിലിറങ്ങി മൂന്നാം നമ്പർ ടെർമിനലിലൂടെ ഒന്നിലോ രണ്ടിലോ എത്താം.മെട്രോ സ്റ്റേഷനുകളിൽ നിന്ന് എയർപോർട്ട് ടെർമിനലുകളിലേക്ക് നീണ്ട കോറിഡോറുണ്ട്. ആവശ്യമായ ലിഫ്റ്റ് സൗകര്യങ്ങളുണ്ട്. നഗരത്തിന്റെ ഏത് ദിക്കിൽ നിന്നായാലും മെട്രോയിൽ എയർപോർട്ടിലെത്താൻ പരമാവധി വേണ്ടി വരുക ഒന്നേകാൽ മണിക്കൂർ മാത്രമാണ്. ചെലവ് നാല് റിയാലും.
റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച ഓടിത്തുടങ്ങും
റിയാദ്: റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച (ഡിസം. 15) മുതൽ ഓടിത്തുടങ്ങും. കിങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള റെഡ് ട്രാക്ക്, കിങ് അബ്ദുൽ അസീസ് റോഡിന് സമാന്തരമായ ഗ്രീൻ ട്രാക്ക് എന്നിവയിലാണ് ട്രെയിൻ സർവിസ് ആരംഭിക്കുന്നത്. ഇതോടെ ആറ് ട്രാക്ക് റിയാദ് മെട്രോയിലെ നാല് ട്രാക്കുകളും പ്രവൃത്തിപഥത്തിലാവും.
ബ്ലൂ, യെല്ലോ, പർപ്പ്ൾ ട്രാക്കുകൾ ഡിസംബർ ഒന്നിന് പ്രവർത്തനം ആരംഭിച്ചിരുന്നു. അവശേഷിക്കുന്ന ഓറഞ്ച് ട്രാക്കിൽ ജനുവരി അഞ്ച് മുതൽ സർവിസ് ആരംഭിക്കും. ബ്ലൂ ട്രാക്കിൽ അസീസിയ, കിങ് ഫഹദ് ഡിസ്ട്രിക്റ്റ് സ്റ്റേഷനുകൾ ചൊവാഴ്ച പ്രവർത്തനമാരംഭിച്ചതായും റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടെ 85 ട്രെയിൻ സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് റിയാദ് മെട്രോ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.