റിയാദ് മെട്രോ; വിവിധ സ്റ്റേഷനുകളിലായി 5,554 പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ
text_fieldsറിയാദ് മെട്രോ
റിയാദ്: റിയാദ് മെട്രോയുടെ വിവിധ സ്റ്റേഷനുകളിലായി 5,554 പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് റിയാദ് സിറ്റി റോയൽ കമീഷൻ അറിയിച്ചു. ബ്ലൂ, റെഡ്, യെല്ലോ, പർപ്പിൾ റൂട്ടുകളിലുള്ള സ്റ്റേഷനുകളോട് ചേർന്നാണ് 5,554 പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് കമീഷൻ വിശദീകരിച്ചു.
ബ്ലൂ ലൈനിലെ ആദ്യ സ്റ്റേഷനായ ‘സാബി’ൽ 592 പാർക്കിങ്ങുകളും കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ പബ്ലിക് ട്രാൻസ്പോർട്ട് സ്റ്റേഷനിൽ 863 പാർക്കിങ്ങുകളും അവസാന സ്റ്റേഷനായ ദാറുൽ ബൈദയിൽ 600 പാർക്കിങ്ങുകളുമാണുള്ളത്.
കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഷനിലെ 883 പാർക്കിങ് സ്ഥലങ്ങളാണ് റെഡ് ട്രാക്കിൽ ഉൾപ്പെടുന്നതെന്നും കമീഷൻ പറഞ്ഞു. യെല്ലോ റൂട്ടിൽ അൽറാബി സ്റ്റേഷനിൽ 567 പാർക്കിങ്ങുകളും പ്രിൻസസ് നൂറ യൂനിവേഴ്സിറ്റി സ്റ്റേഷൻ രണ്ടിൽ 594 പാർക്കിങ്ങുകളും ഉണ്ട്. പർപ്പിൾ റൂട്ടിൽ അൽ ഹംറ സ്റ്റേഷനിൽ 592 പാർക്കിങ് സ്ഥലങ്ങളും അൽ നസീം സ്റ്റേഷനിൽ 863 പാർക്കിങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കമീഷൻ അറിയിച്ചു.
ടിക്കറ്റ് നിരക്കിൽ പകുതിയിളവ്
റിയാദ്: വിദ്യാർഥികൾക്കും വയോധികർക്കും ഉൾപ്പടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് റിയാദ് മെട്രോയിലെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് അനുവദിച്ചു. വിദ്യാർഥികളെയും വയോധികരെയും കൂടാതെ വിഭിന്നശേഷിക്കാർ, കാൻസർ രോഗികൾ, വീരചരമം പ്രാപിച്ച സൈനികരുടെ ഏറ്റവും അടുത്ത ബന്ധുക്കൾ എന്നിവർക്കുമാണ് റിയാദ് മെട്രോ ട്രെയിനിലും ബസിലും 50 ശതമാനം ടിക്കറ്റ് നിരക്കിളവ് അനുവദിക്കുന്നതെന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.