റിയാദ് മെട്രോ സൽമാൻ രാജാവ് രാജ്യത്തിന് സമർപ്പിച്ചു
text_fieldsറിയാദ്: സൗദി തലസ്ഥാന നഗരിയുടെ സ്വപ്ന പദ്ധതികളിൽ പ്രധാനപ്പെട്ട റിയാദ് മെട്രോ റെയിൽ യാഥാർഥ്യമായി. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് മെട്രോ റെയിൽ രാജ്യത്തിന് സമർപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടോടെ രാജാവ് വിർച്വൽ സംവിധാനത്തിൽ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. റിയാദിൽ അൽയമാമ കൊട്ടാരത്തിൽ പ്രത്യേകം സജ്ജീകരിച്ച സംവിധാനത്തിലൂടെ രാജാവ് ഗാരേജിൽ കിടന്ന ബ്ലൂ, റെഡ്, വയലറ്റ് ട്രയിനുകളുടെ സ്വിച്ച് ഓൺ കർമം നടത്തി. മൂന്ന് ട്രയിനുകളുടെ എൻജിനുകൾ ഓണായി. മുഴുവൻ ലൈറ്റുകളും തെളിഞ്ഞു.
ഡ്രൈവറില്ലാത്ത ട്രയിനുകൾ കൺട്രോൾ സെൻട്രലിൽനിന്നുള്ള റിമോട്ട് സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. അതേ സംവിധാനം പ്രവർത്തിപ്പിച്ചാണ് രാജാവ് ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടമായി നഗര ഹൃദയമായ ബത്ഹ, മെട്രോപൊളിറ്റൻ കേന്ദ്രമായ ഒലയ, തെക്കൻ നഗരപ്രാന്തത്തിലെ താഴ്വരപ്രദേശമായ അൽ ഹൈർ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ, കിങ് അബ്ദുല്ല റോഡിനോട് ചേർന്നുള്ള റെഡ് ലൈൻ, അബ്ദുൽ റഹ്മാൻ ബിൻ ഔഫ്, ശൈഖ് ഹസൻ ബിൻ ഹുസൈൻ എന്നീ നഗരവീഥികളോട് ചേർന്നുള്ള വയലറ്റ് ലൈൻ എന്നിവയിലൂടെയുള്ള ട്രെയിനുകളുടെ സർവിസിനാണ് ഔപചാരിക തുടക്കം കുറിച്ചത്.
ബാക്കി മൂന്ന് ലൈനുകൾ അടുത്തമാസം ട്രാക്കിലാകും. അവശേഷിക്കുന്ന യെല്ലോ, ഓറഞ്ച്, ഗ്രീൻ ലൈനുകളിൽ ഡിസംബർ അഞ്ചിന് ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ മെട്രോ റെയിൽ സംവിധാനങ്ങളിലൊന്ന് റിയാദ് നഗരത്തിൽ പൂർണതയിലെത്തും.
കടുത്ത ട്രാഫിക് കുരുക്കിൽ നിന്ന് നഗരത്തെ മോചിപ്പിക്കുന്ന പദ്ധതി യാഥാർഥ്യമായ ആഹ്ലാദത്തിലാണ് നഗരവാസികളും സന്ദർശകരും. എയർപോർട്ട് ഉൾപ്പെടെ റിയാദ് നഗരത്തിെൻറ പ്രധാന മേഖലകളിലെല്ലാമെത്തുന്ന മെട്രോ റെയിൽ പൂർണാവസ്ഥയിൽ ഓടിത്തുടങ്ങുമ്പോൾ യാത്രക്കാർക്ക് വലിയ ആശ്വാസമാകും. കുറഞ്ഞ ടിക്കറ്റ് നിരക്കിലുള്ള യാത്ര റിയാദ് മെട്രോയെ ജനകീയമാക്കുമെന്നാണ് വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.