റിയാദ് മെട്രോ: ലോകത്തിലെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതികളിലൊന്ന്
text_fieldsറിയാദ്: ലോകത്തിലെ ഏറ്റവും വലിയ പൊതുഗതാഗത പദ്ധതികളിലൊന്നാണ് റിയാദ് മെട്രോ എന്ന് കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി ഡിജിറ്റൽ വിങ് സൂപ്പർവൈസർ ഡോ. മാഹിർ ശീറ. 176 കിലോമീറ്റർ റെയിൽവേയും 3,000 കിലോമീറ്റർ പൊതുഗതാഗത ശൃംഖലയും ഉൾക്കൊള്ളുന്ന പദ്ധതിയാണിത്.
ഈ നെറ്റ്വർക്കിലേക്കുള്ള കോംപ്ലിമെന്ററി സേവനങ്ങൾ ഉടൻ പ്രഖ്യാപിക്കും. ഇത് ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്നും മാഹിർ ശീറ പറഞ്ഞു.
ഇതുവരെ ഒരു നഗരത്തിലും നടപ്പാക്കാത്ത നൂതന സാങ്കേതിക വിദ്യകളെയാണ് പദ്ധതി ആശ്രയിക്കുന്നത്. ഗതാഗതത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ മുൻനിര നഗരമെന്ന നിലയിൽ റിയാദിന്റെ സ്ഥാനം ഇത് ഉയർത്തുന്നു. വ്യത്യസ്ത സേവനങ്ങൾ പൂർണമായും ഉപഭോക്താവിന് ഇത് ലഭ്യമാക്കുന്നു.
ഉപയോക്തൃ അനുഭവം സുഗമമാക്കുന്ന ഏകീകൃത ടിക്കറ്റും പൊതു പേമെന്റ് സംവിധാനവും ഉപയോഗിക്കുന്നു. സേവനങ്ങളുടെ ഗുണനിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ ചെലവിന്റെ കാര്യത്തിൽ ജി20 രാജ്യങ്ങളിൽ ഏറ്റവും കാര്യക്ഷമതയുള്ള രാജ്യമാണ് സൗദിയെന്നും മാഹിർ ശീറ പറഞ്ഞു.
ടിക്കറ്റിന്റെ വില ശ്രദ്ധാപൂർവം പഠിച്ചിട്ടാണ് നിശ്ചയിച്ചതെന്നും ടിക്കറ്റിന്റെ മൂല്യം ശരാശരി കുടുംബ വരുമാനത്തിെൻറ 0.5 ശതമാനം മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നാലു റിയാൽ മുതൽ 140 റിയാൽ വരെയാണ് പരമ്പരാഗത ക്ലാസുകളുടെ ടിക്കറ്റ് നിരക്ക്.
ഫസ്റ്റ് ക്ലാസ് നിരക്ക് 11 റിയാൽ മുതൽ 250 റിയാൽ വരെയാണ്. നൽകുന്ന സേവനങ്ങളുടെ നിലവാരം കണക്കിലെടുത്ത് ടിക്കറ്റ് നിരക്ക് മിതമാണ്. നഗരത്തിലെ വിവിധ ഡിസ്ട്രിക്ടുകളെ ഗതാഗത ശൃംഖലയുമായി ബന്ധിപ്പിക്കുന്ന വാസ്തുവിദ്യാ മാസ്റ്റർപീസായി ഈ പദ്ധതിയെ കണക്കാക്കുന്നുവെന്നും മാഹിർ ശീറ പറഞ്ഞു.
പദ്ധതി റിയാദിലെ ജീവിതനിലവാരം ഉയർത്തുന്നതിന് സഹായിക്കുന്നു. ‘ദർബ്’ ആപ്പിലൂടെ റിയാദ് മെട്രോ, ബസ് സർവിസുകൾ സംബന്ധിച്ച എല്ലാ സേവനങ്ങളും ലഭ്യമാണ്. നിലവിലെ ഗതാഗതനില, ട്രെയിൻ-ബസ് ട്രിപ് ഷെഡ്യൂളുകൾ, ഓട്ടോമേറ്റഡ് ട്രാക്കിങ്, ട്രിപ്പ് പ്ലാനുകൾ തയാറാക്കൽ, ടിക്കറ്റിങ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഈ ആപ്പ് വഴി അറിയാനും ചെയ്യാനുമാകും.
കൂടുതൽ ആവശ്യങ്ങൾ ഉൾക്കൊള്ളുകയും ഉപഭോക്താക്കൾക്ക് സാധ്യമായ ഏറ്റവും മികച്ച ഗതാഗത അനുഭവം നൽകുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ പ്ലാറ്റ്ഫോം വികസിപ്പിക്കാൻ ഭാവി പദ്ധതികളുണ്ടെന്നും മാഹിർ ശീറ പറഞ്ഞു.
റിയാദ് മെട്രോ പദ്ധതി വളരെ സുരക്ഷിതമാണെന്ന് പ്രൊജക്ട് മാനേജർ അമീർ സഊദ് ബിൻ മിശ്അൽ പറഞ്ഞു. പദ്ധതിയുടെ സുരക്ഷ പൂർണമായും പരിശോധിച്ചതിന് ശേഷമാണ് ഗതാഗത അതോറിറ്റി ഓപറേറ്റിങ് ലൈസൻസ് നൽകിയത്. കൂടാതെ ഗതാഗത സംവിധാനത്തിന്റെ സുരക്ഷ ഒന്നിലധികം വകുപ്പുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ചെറിയ യാത്ര ഒന്നോ രണ്ടോ മിനിറ്റാണെന്നും അതേ റൂട്ടിലെ ഏറ്റവും ദൈർഘ്യമേറിയ യാത്ര 30 മിനിറ്റ് വരെ നീളുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രധാന ഹബ്ബായ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് (കെ.എ.എഫ്.ഡി) സ്റ്റേഷനും റിയാദ് കിങ് ഖാലിദ് എയർപോർട്ടും തമ്മിൽ ബന്ധിപ്പിക്കുന്ന വേറിട്ട റൂട്ടാണ് നാലാമത്തെ യെല്ലേ ലൈൻ. വിമാനത്താവളത്തിലേക്ക് ബാഗേജ് കൊണ്ടുപോകാൻ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ബോർഡിങ് പാസ് നൽകിയാൽ ഉടൻ ബാഗേജുകൾ എയർപോർട്ടിലേക്ക് നേരിട്ട് എത്തിക്കാൻ ഒരു സ്റ്റേഷനുണ്ടാകും. എല്ലാ ട്രെയിനുകളിലും സ്റ്റേഷനുകളിലും സൗജന്യ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാണെന്നും പ്രോജക്ട് മാനേജർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.