റിയാദ് മെട്രോ ഒരുങ്ങി: കിങ് അബ്ദുല്ല റോഡിലെ റെഡ് ലൈൻ ആദ്യം
text_fieldsറിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനനഗരത്തിന്റെ മുഖഛായമാറ്റുന്ന റിയാദ് മെട്രോയിൽ രണ്ടു ലൈനുകൾ പ്രവർത്തനസജ്ജം. കിങ് അബ്ദുല്ല റോഡിന് സമാന്തരമായ റെഡ് ലൈനിൽ (ലൈൻ രണ്ട്) ട്രെയിനോടിക്കാൻ ഞങ്ങൾ പൂർണ സജ്ജമാണെന്ന് മെട്രോ പ്രവർത്തിപ്പിക്കാൻ കരാറെടുത്ത കാപിറ്റൽ മെട്രോ കമ്പനി (കാംകോ) സി.ഇ.ഒ ലോയിക് കോർഡെല്ലെ പറഞ്ഞു. ഒന്നാം നമ്പർ ലൈനായ ഒലയ-ബത്ഹ റൂട്ടിലെ ബ്ലൂ ലൈൻ ജൂലൈ 31 നകം പ്രവർത്തനസജ്ജമാകും. ആ ലൈനിൽ ട്രെയിനോടിക്കാനുള്ള ജീവനക്കാർക്കുള്ള പരിശീലനം അതിനകം പൂർത്തിയാകും. ഓപറേഷൻ ആരംഭിക്കാൻ റിയാദ് സിറ്റി റോയൽ കമീഷന്റെ ഉദ്ഘാടന തീയതിക്കായി കാത്തിരിക്കുകയാണെന്നും സി.ഇ.ഒ പറഞ്ഞു. റിയാദ് നഗരത്തിന്റെ മുക്കുമൂലകളെ ബന്ധിപ്പിക്കുന്ന കിങ് അബ്ദുൽ അസീസ് ട്രാൻസ്പോർട്ട് സിസ്റ്റത്തിനുള്ളിലാണ് മെട്രോ ട്രെയിനും റിയാദ് ബസും പദ്ധതി. മെട്രോ സ്റ്റേഷനുകളെയും നഗരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ബസ് സർവിസ് ഇതിനകം തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഘട്ടങ്ങളും പൂർത്തിയായി. മെട്രോ റെയിലിൽ ആറ് ലൈനുകളാണുള്ളത്. അതിൽ ഒന്നും രണ്ടും ലൈനുകളുടെ കാര്യമാണ് കാംകോ സി.ഇ.ഒ പറഞ്ഞത്.
സൗദിയിലെ എല്ലാ അവസരങ്ങളും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും മദീന പോലുള്ള മറ്റു വലിയ നഗരങ്ങളിലെ ഗതാഗത പദ്ധതികളിൽ പങ്കാളിയാവുന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണെന്നും ലോയിക് കോർഡെല്ലെ തുടർന്ന് പറഞ്ഞു. സൗദി ഗതാഗതത്തിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. നിയോമുമായി ഇതര ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഗതാഗത പദ്ധതികളെന്നിവ പോലുള്ള ബൃഹദ് സംരംഭങ്ങൾ വേറെയുണ്ട്. അതിനാൽ, വരും വർഷങ്ങളിൽ രാജ്യത്തെ എല്ലാത്തരം ഗതാഗതത്തിലും ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഗതാഗത കുതിച്ചുചാട്ടത്തിന് കാരണങ്ങളുണ്ട്. അത് ദ്രുതഗതിയിലുള്ള ജനസംഖ്യാ വളർച്ചയാണ്. അതുപോലെ ടൂറിസം വികസന പദ്ധതികളും. ഇത് അടിസ്ഥാന പൊതുഗതാഗത സംവിധാനങ്ങളുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ്. അതനുസരിച്ചുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. സൗദി അറേബ്യയുടെ വളർച്ചയെയും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുകയാണെന്നും സി.ഇ.ഒ പറഞ്ഞു.
സൗദി അറേബ്യ പൊതുഗതാഗതരംഗത്ത് പ്രത്യേകിച്ച് ‘വിഷൻ 2030’ന്റെ വലിയ പദ്ധതികളുടെയും പരിപാടികളുടെയും വെളിച്ചത്തിൽ വൻകുതിച്ചുചാട്ടത്തിന്റെ വക്കിലാണെന്ന് ലോകത്തെ ഏറ്റവും വലിയ പൊതുഗതാഗത ഓപറേറ്റർമാരിൽ പ്രമുഖരായ ഫ്രഞ്ച് കമ്പനി ആർ.എ.ടി.പി ദേവിന്റെ ചെയർമാൻ ഹെബ ഫാരെസ് പറഞ്ഞു. ബസുകൾ, ട്രാമുകൾ, മെട്രോ, ഇ-കാർട്ടുകൾ എന്നിവ ഓപറേറ്റ് ചെയ്യുന്ന കമ്പനിയാണിത്. അവരുടെ റിയാദിലെ മേഖല ആസ്ഥാനത്തിന്റെ ഉദ്ഘാടന വേളയിലാണ് ഹെബ ഫാരെസ് ഇക്കാര്യം പറഞ്ഞത്.
സൗദി ട്രാൻസ്പോർട്ട് കമ്പനി (സാപ്റ്റ്കോ)യുമായി സഹകരിച്ച് വിവിധ തരത്തിലുള്ള ഗതാഗത പദ്ധതികളിൽ ആർ.എ.ടി.പി ദേവ് പങ്കാളിയാണെന്നും അവർ പറഞ്ഞു. റിയാദ് ബസ് സർവിസിൽ പ്രതിമാസം 20 ലക്ഷത്തിലധികം ആളുകളാണ് നിലവിൽ യാത്ര ചെയ്യുന്നത്. മെട്രോ ട്രെയിൻ സർവിസ് കൂടി ആരംഭിക്കുന്നതോടെ ബസുകളിൽ യാത്രക്കാരുടെ എണ്ണം ഇനിയും വർധിക്കും. സൗദി പൊതുഗതാഗത മേഖലയിൽ അഭൂതപൂർവമായ കുതിപ്പിന് ഇടയാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
2010 മുതൽ സൗദി അറേബ്യയിൽ പ്രവർത്തിക്കുന്ന ആർ.എ.ടി.പി ദേവ് രാജ്യത്തെ പൊതുഗതാഗത പദ്ധതികളെ വളരെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നത്. റിയാദ് ബസ്, റിയാദ് മെട്രോ പദ്ധതിയുടെ ഒന്നും രണ്ടും ലൈനുകളും പ്രവർത്തിപ്പിക്കുന്നതിനുള്ള ചുമതലയിൽ ഈ ഫ്രഞ്ച് കമ്പനിയും പങ്കാളിയാണ്. റിയാദ് മെട്രോ പദ്ധതിയിൽ നിലവിൽ 2,000-ത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.