റിയാദ് തിമിർത്താടും 'മിഡിൽ ബീസ്റ്റ് സൗണ്ട് സ്‌ട്രോം 2022' നാളെ മുതൽ
text_fieldsറിയാദ്: ആനന്ദ ചുവടുകൾ വെച്ച് റിയാദിലെ കലാസ്വാദകർ തിമിർത്താടുന്ന സംഗീത രാവ് നാളെ മുതൽ. ലോക പ്രശസ്ത ഡി.ജെ കലാകാരന്മാർ പാട്ടിൻ കൊടുങ്കാറ്റ് അഴിച്ചുവിടുന്ന 'മിഡിൽ ബീസ്റ്റ് സൗണ്ട് സ്‌ട്രോം 2022' വ്യാഴം മുതൽ ശനി വരെ ആവേശ ചെറുപ്പങ്ങളെ താളലയങ്ങളിൽ ആറാടിച്ച് ഇരവിനെ പകലാക്കും. മധ്യപൂർവേഷ്യൻ ദേശത്തെ ഏറ്റവും വലിയ സംഗീതോത്സവത്തിന് റിയാദിലെ ബൻബൻ നഗരമാണ് വേദിയാകുന്നത്.
ലോക പ്രശസ്ത ഡാൻസ് ജോക്കിമാരായ ബ്രൂണോ മാർസ്, ഡി.ജെ ഖാലിദ്, മാർഷ് മെല്ലോ, പോസ്റ്റ് മലോൺ, ഡി.ജെ സ്നേക്ക്, ഡേവിഡ് ഗൊത്വ തുടങ്ങിയവർ അരങ്ങിൽ സംഗീതത്തിെൻറ കാറ്റും കോളും പേമാരിയും തീർക്കും. ദ്രുതനടന ചുവടുകളാടി പാടി പ്രേക്ഷക ലക്ഷങ്ങളെ അവാച്യമായ അനുഭൂതിയുടെ മായാലോകത്തേക്ക് ആനയിക്കും. സൗദിയിൽ ഏറ്റവും കൂടുതൽ കലാസ്വാദകരെത്തുന്ന അരങ്ങാണ് മിഡിൽ ബീസ്റ്റിേൻറത്.
ഈ സംഗീത മേളയുടെ മൂന്നാം പതിപ്പാണ് ഇപ്പോൾ അരങ്ങേറാനൊരുങ്ങുന്നത്. കഴിഞ്ഞ വർഷം രണ്ടാം പതിപ്പ് ആസ്വദിക്കാൻ ഏഴര ലക്ഷത്തോളം സംഗീത പ്രേമികളാണ് ബൻബനിലെത്തിയത്. സ്വദേശികളും വിദേശികളും ഉൾപ്പടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇഷ്‌ട താരങ്ങളെ കാണാനും കേൾക്കാനും ഈ വർഷവും തലസ്ഥാന നഗരിയിലെത്തും.
ഡി.ജെ ഖാലിദ്, ഡേവിഡ് ഗൊത്വ അടക്കമുള്ള താരങ്ങൾക്ക് വലിയ ആരാധക കൂട്ടമുണ്ട് സൗദിയിൽ. ഇതിനോടകം മിഡിൽ ബീസ്റ്റിനെ സ്വാഗതം ചെയ്തും ഇഷ്‌ടതാരങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചും സ്നാപ്പ് ചാറ്റിലും മറ്റ് സോഷ്യൽ മീഡിയകളിലും ആഘോഷം തുടങ്ങി കഴിഞ്ഞു. ഇനി താരങ്ങളുടെ പ്രകടനം കാണാനുള്ള കാത്തിരിപ്പാണ്. mdlbeast.com എന്ന വെബ്സൈറ്റ് വഴിയാണ് പരിപാടിയിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കേണ്ടത്.
149 സൗദി റിയാലാണ് ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഇത് മൂന്ന് ദിവസത്തേക്ക് ഒരുമിച്ചെടുക്കയാണെങ്കിൽ 339 സൗദി റിയാലാണ്. പ്രീമിയം ടിക്കറ്റിന് 3,399 റിയാലാണ് മൂന്ന് ദിവസത്തെ പാക്കേജ്. ഒരു ദിവസത്തേക്കാണെങ്കിൽ 1,499 റിയാലും. വി.ഐ.പി ടിക്കറ്റിന് ഒരു ദിവസത്തേക്ക് 2,999 റിയാലും 3 ദിവസത്തെ പാക്കേജിന് 6,699 റിയാലുമാണ് നൽകേണ്ടത്.
മിഡിൽ ബീസ്റ്റിന് സൗദിയിലെത്തുന്ന ഡി.ജെ കലാകാരന്മാർ ഇന്ത്യൻ യുവതലമുറക്കും ഏറെ പ്രിയപ്പെട്ട താരങ്ങളാണ്. നേരത്തെ ടിക്കറ്റ് സ്വന്തമാക്കി ഇഷ്‌ടതാരങ്ങളുടെ പ്രകടത്തിനായി കാത്തിരിക്കുന്നവരിൽ മലയാളികളും കുറവല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.