പുതുപ്പള്ളി പ്രചാരണത്തിൽ റിയാദ് ഒ.ഐ.സി.സി നേതാക്കളും സജീവം
text_fieldsറിയാദ്: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ കോൺഗ്രസിന്റെ പോഷക സംഘടനയായ ഒ.ഐ.സി.സിയുടെ ഭാരവാഹികളും സജീവം. റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സലിം കളക്കര, ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ, ഒ.ഐ.സി.സി നേതാവ് ഇസ്മാഈൽ എരുമേലി, അലി ആലുവ, നൗഷാദ് ആലുവ, നാസർ ആലുവ തുടങ്ങി സെൻട്രൽ ജില്ല ഭാരവാഹികളും പ്രവർത്തകരും സ്ഥാനാർഥിക്കൊപ്പം പ്രവർത്തനത്തിൽ സജീവമാണ്.
വോട്ട് ചോദിക്കാൻ സ്ഥാനാർഥിയുടെ സംഘത്തെ അനുഗമിച്ചും നേരത്തെ സൗദി അറേബ്യയിലുണ്ടായിരുന്ന ഒ.ഐ.സി.സി പ്രവർത്തകരെ നേരിൽ കണ്ട് പ്രചാരണത്തിൽ പങ്കാളികളാക്കിയുമാണ് ഒ.ഐ.സി.സിയുടെ പ്രചാരണം പുരോഗമിക്കുന്നത്. കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധികളിൽ അടിയന്തര പ്രാധാന്യത്തോടെ ഇടപെട്ടിരുന്ന ഉമ്മൻ ചാണ്ടിയോടുള്ള ബഹുമാനവും കടപ്പാടുമാണ് പ്രചാരണത്തിൽ പങ്കാളികളാകാൻ അവധിയെടുത്ത് എത്തിയതെന്ന് റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് സലിം കളക്കര പറഞ്ഞു.
സൗദി അറേബ്യയിലെ വിവിധ പ്രവിശ്യയിലുള്ള കോട്ടയം ജില്ല പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട് ഓൺലൈൻ വഴിയും നേരിട്ടും വോട്ടഭ്യർഥിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ പറഞ്ഞു. പുതുപ്പള്ളിയിലെ പാമ്പാടിയിൽ ഗ്ലോബൽ ഒ.ഐ.സി.സിയുടെ മേൽനോട്ടത്തിൽ ഓഫിസ് പ്രവർത്തിക്കുന്നുണ്ട്.
ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ മേൽനോട്ടത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറത്തിനാണ് പ്രചാരണ ദൗത്യത്തിന്റെ ചുമതല.
ഒ.ഐ.സി.സി-ഇൻകാസ് നേതാക്കളെയും പ്രവർത്തകരെയും പ്രചാരണത്തിൽ പങ്കാളികളാക്കുന്നതിനുള്ള ഏകോപനമാണ് ഗ്ലോബൽ സംവിധാനം വഴി ലക്ഷ്യം വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.