തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് റിയാദ് ഒ.ഐ.സി.സി മലപ്പുറം
text_fieldsറിയാദ്: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാകമ്മിറ്റി തുടക്കമിട്ടു. മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, ജനറൽ സെക്രട്ടറി ഹാരിസ് ബാബു എന്നിവർ പ്രഥമ പ്രചാരണ പരിപാടിയിൽ മുഖ്യാതിഥികളായിരുന്നു.
‘ജോയ് രാത്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മണിക്കൂറുകൾ നീണ്ട രാഷ്ട്രീയ വിശദീകരണ പ്രസംഗങ്ങൾക്കു വേദിയായി. ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന വ്യത്യസ്ത മേഖലകളിലെ പ്രതിസന്ധികളെക്കുറിച്ചും തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണി വിജയിക്കേണ്ടതിന്റെ ആവശ്യകതയെയും വി.എസ്. ജോയ് സദസ്സിനെ ബോധ്യപ്പെടുത്തി. മതേതര ഇന്ത്യ, ജനാധിപത്യ ഇന്ത്യ എന്നൊക്കെ അഭിമാനത്തോടെ പറഞ്ഞ നാം ഇന്ത്യക്കാർക്ക് ഇന്നതിന് കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നുവെന്നും ഇനിയും ഇതുതുടർന്നാൽ ഏകാധിപത്യ ഭരണത്തിലെ അടിമകളാകും ഇന്ത്യക്കാരായ നമ്മളെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ ഓർമപ്പെടുത്തി. ഐക്യ ജനാധിപത്യ മുന്നണിയുടെ 20 സ്ഥാനാർഥികളെയും ജനാധിപത്യത്തിെൻറ ശ്രീകോവിലിലേക്ക് അയക്കാൻ പ്രവാസലോകത്ത് നിന്ന് സാധ്യമായ ശ്രമങ്ങളെല്ലാം നടത്തുമെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പൻ പറഞ്ഞു.
മലബാറിന്റെ തനത് കലാരൂപങ്ങളിലൊന്നായ കൊട്ടിപ്പാട്ടിന്റെ അകമ്പടിയോടെയാണ് അതിഥികളെ വേദിയിലേക്ക് ആനയിച്ചത്. സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിൽനിന്ന് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട സക്കീർ ദാനത്, അമീർ പട്ടണത്ത്, സലീം വാഴക്കാട്, ബഷീർ കോട്ടക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കെ.എം.സി.സി ജില്ലാ ചെയർമാൻ ഷാഫി ചിറ്റത്തുപാറ, വർക്കിങ് പ്രസിഡൻറ് വഹീദ് വാഴക്കാട്, റസാഖ് പൂക്കോട്ടുംപാടം, സലിം കളക്കര, നൗഫൽ പാലക്കാടൻ, ഷാജി കുന്നിക്കോട്, ഷാജി സോണ, നവാസ് വെള്ളിമാട്കുന്ന്, ഫൈസൽ ബാഹസ്സൻ, സുഗതൻ നൂറനാട്, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദ് അലി മണ്ണാർക്കാട്, മജീദ് കണ്ണൂർ എന്നിവർ സംസാരിച്ചു. അബൂബക്കർ മഞ്ചേരി, ഉണ്ണി വാഴയൂർ, ഷമീർ മാളിയേക്കൽ, മുത്തു പാണ്ടിക്കാട്, അൻസാർ വാഴക്കാട്, ഭാസ്കരൻ, സൈനുദ്ദീൻ, ബനൂജ്, ബഷീർ വണ്ടൂർ, പ്രഭാകരൻ, റഫീഖ് കൊടിഞ്ഞി, ശിഹാബ് അരിപ്പൻ, ഷൗക്കത്ത് ഷിഫ, ഷറഫു ചിറ്റാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതവും ട്രഷറർ സാദിഖ് വടപുറം നന്ദിയും പറഞ്ഞു. റിയാദിലെ കലാകാരന്മാരുടെ പരിപാടികളും ജോയ് രാതിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.