കുളിരിലും ആഘോഷ ചൂടിൽ റിയാദ് നഗരം
text_fieldsറിയാദ്: ശൈത്യകാലത്തിന്‍റെ വരവറിയിച്ച് നേരിയ കുളിരണിയുമ്പോഴും ഉത്സവ ചൂടിലാണ് തലസ്ഥാന നഗരം. സൗദി അറേബ്യയിൽ ഇനി മാസങ്ങളോളം തണുപ്പുകാലമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുളിർകാറ്റും ഇളം ചൂടുള്ള പകലുമായി ശരത്കാലം പതിയെ കൊടും ശൈത്യത്തിന് വഴിമാറും. തണുത്ത രാത്രികളെ വിനോദത്തിന്‍റെ ചൂട് പകർന്ന് സജീവമാക്കുകയാണ് റിയാദ് സീസൺ. നഗര വാസികളെ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവരെയും വിദേശികളെയുമെല്ലാം ഒരു പോലെ ആനന്ദ തിമിർപ്പിലാക്കുന്ന സീസൺ ഉത്സവം കോവിഡ് മഹാമാരി എന്നൊന്ന് സംഭവിച്ചിട്ടേയില്ല എന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നത്.
ഒരു കടുത്ത പ്രതിസന്ധിയെ അതിജീവിച്ചതിന്‍റെ മാനസിക പിരിമുറുക്കങ്ങളെ ഇല്ലായ്മ ചെയ്ത് പുതിയ ജീവിതത്തിനായി ഒരു നവോന്മേഷം പകർന്നുനൽകാൻ ആഘോഷങ്ങൾക്ക് കഴിയുന്നുണ്ട്. ഭീതിയുടെ നിഴലിലും പ്രതിസന്ധിയുടെ ആഴങ്ങളിലും പതിച്ചുപോയ മനസുകളെ വീെണ്ടടുക്കാൻ ജനങ്ങൾ തീവ്രമായി കാത്തിരുന്നതുപോലെയാണ് റിയാദ് സീസൺ ആഘോഷത്തിലേക്ക് ആൾക്കൂട്ടങ്ങൾ വന്നണയുന്നത്. അതാണ് ഒറ്റ മാസത്തിനുള്ളിൽ 30 ലക്ഷം ആളുകൾ ആഘോഷത്തിൽ പങ്കെടുത്തു എന്ന കണക്ക് തെളിയിക്കുന്നത്.
മാസങ്ങൾക്കപ്പുറം ഉത്സവത്തിന് തിരശീല വീഴുേമ്പാഴേക്കും 20 ദശലക്ഷം സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ലോക ശ്രദ്ധ നേടിയ ഉദ്ഘാടനോത്സവത്തിനും വിവിധയിനം പ്രദർശനങ്ങൾക്കും ഇതിനോടകം റിയാദ് സീസൺ സാക്ഷ്യം വഹിച്ചു. ആഗോള പ്രശസ്ത റാപ്പർ പിറ്റ്ബുൾ ഉൾപ്പടെയുള്ളവരുടെ സാന്നിദ്ധ്യവും പ്രകടനവും റിയാദ് സീസണെ ചരിത്രത്തിൽ അടയാളപ്പെടുത്തി.
കഴിഞ്ഞ ദിവസം ബോളീവാർഡ് വേദിയിലെത്തിയ വിഖ്യാത സിറിയൻ ഗായിക റാഷാ റിസ്കിന്‍റെ സംഗീത പരിപാടിക്ക് വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സൗദിയിൽ ആബാലവൃദ്ധം ആസ്വാദകരുള്ള താരമാണ് റാഷാ. പ്രിയ ഗായികയുടെ ഈരടികൾക്കൊപ്പം കുട്ടികൾ നൃത്തം വെക്കുന്നതും മുതിർന്നവർ താളം പിടിക്കുന്നതുമായ വിഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
ബോളീവാർഡ്, കോംബാറ്റ് ഫീൽഡ്, വിൻറർ വണ്ടർ ലാൻഡ്, സഫാരി പാർക് എന്നീ വേദികളിലാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നത്. വരും ദിവസങ്ങളിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ സംഗീത സിനിമ മേഖലകളിലെ സെലിബ്രിറ്റികൾ സീസണിലെത്തും. ആസ്വാദകരെ കൂടുതൽ വിസ്‍മയിപ്പിക്കുന്ന പരിപാടികൾക്കാണ് ഇനിയുള്ള ഓരോ മണിക്കൂറുകളും റിയാദ് സീസൺ വേദിയാകുകയെന്ന് സംഘാടകർ അറിയിച്ചു.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ 'വിഷൻ 2030' പദ്ധതിയുടെ ഭാഗമായുള്ള എണ്ണേതര വരുമാനം ലക്ഷ്യം വെച്ചുള്ള പരിപാടികളിലൊന്നാണ് റിയാദ് സീസൺ. ഒക്ടോബർ 20 മുതലുള്ള ആദ്യ 10 ദിവസത്തെ വരുമാനം 1,100 കോടി ഇന്ത്യൻ രൂപയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച കാർ ഷോയിൽ മാത്രം രണ്ട് ദിവസത്തിനകം നേടിയ വിൽപന 30 കോടി ഇന്ത്യൻ രൂപയാണ്. പ്രവൃത്തി ദിവസങ്ങളിൽ 55 സൗദി റിയാലും വാരാന്ത്യങ്ങളിൽ 110 സൗദി റിയാലുമാണ് പ്രവേശന ഫീസ്. ഗൾഫ് നാടുകളിൽ നടക്കുന്ന വിനോദ പരിപാടികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.