റിയാദ് സീസൺ 2023; നാഡിമിടിപ്പുയർത്തുന്ന ഇടിപ്പൂരത്തോടെ തുടക്കം
text_fieldsറിയാദ്: നാഡിമിടിപ്പുയർത്തുന്ന ബോക്സിങ് ഇടിപ്പൂരത്തോടെ ഈ വർഷത്തെ റിയാദ് സീസണ് തുടക്കം. ‘ബാറ്റിൽ ഓഫ് ദി ബാഡസ്റ്റ്’ എന്ന തലക്കെട്ടിൽ ബ്രിട്ടീഷ് ബോക്സർ ടൈസൺ ഫ്യൂറി, മുൻ ലോക ചാമ്പ്യൻ കാമറൂണിയൻ ബോക്സർ ഫ്രാൻസിസ് നഗന്നൂ എന്നിവർ ഇടിക്കൂട്ടിൽ മുഖാമുഖം പോരടിച്ച ചാമ്പ്യഷിപ്പോടെയായിരുന്നു നാലുമാസത്തോളം നീളുന്ന ആഘോഷപൂരത്തിന് തുടക്കംകുറിച്ചത്.
ശനിയാഴ്ച രാത്രി റിയാദ് ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീന സ്റ്റേഡിയത്തിൽ ഒരുങ്ങിയ റിങ്ങിൽ 10 റൗണ്ട് ഏറ്റുമുട്ടി ഫ്രാൻസിസ് നഗന്നുവിനെ ഇടിച്ചിട്ട് ടൈസൺ ഫ്യൂറി ചാമ്പ്യൻഷിപ് സ്വന്തമാക്കി. ശക്തമായ പ്രഹരത്തിന് ഒടുവിൽ, വിധികർത്താക്കൾ ഏകകണ്ഠമായി ടൈസൺ ഫ്യൂറിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ജനറൽ എൻറർടെയിൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ശൈഖ് റിങ്ങിൽ ചാമ്പ്യൻഷിപ് ബെൽറ്റ് ആചാരപരമായി ടൈസൺ ഫ്യൂറിക് സമ്മാനിച്ചു.
ഈ വിജയം ഫ്യൂറിയുടെ തുടർച്ചയായ 35ാമത്തെ തോൽവിയില്ലാത്ത മത്സരമാണ്. ബോളിവുഡ് താരം സൽമാൻ ഖാൻ, അൽ നസ്ർ ഫുട്ബാൾ ക്ലബ് ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, സഹതാരം ലൂയിസ് ഫിഗോ, അർജൻറീനിയൻ മോഡൽ ജോർജിന റോഡ്രിഗ്സ്, തുർക്കിഷ് ചലച്ചിത്രതാരം ബുറാക് ഒസിവിറ്റ്, ബോക്സിങ് താരം മൈക്ക് ടൈസൺ, തജിക്സ്താനി ഗായകൻ അബ്ദു റോസിക് തുടങ്ങിയവർ ഉൾപ്പെടെ താരനിബിഢമായ പ്രേക്ഷകർ പരിപാടി ആസ്വദിക്കാനെത്തി.
തുടർന്ന് തുർക്കി അൽ ശൈഖ് സൗദിയിലെ പ്രമുഖ വാർഷിക വിനോദ വിനോദസഞ്ചാര പരിപാടിയായ റിയാദ് സീസൺ നാലാമത് പതിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള അത്ലറ്റുകൾ, കലാകാരന്മാർ, ആയോധനകലാപ്രേമികൾ എന്നിവരടങ്ങുന്ന ആഗോള പ്രേക്ഷകർ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യംവഹിച്ചു. അന്താരാഷ്ട്ര താരങ്ങളുടെ സംഗീത-നൃത്ത പ്രകടനങ്ങളെത്തുടർന്ന് പ്രധാന സ്ക്രീനിൽ പ്രക്ഷേപണം ചെയ്ത വിഡിയോയിൽ, എല്ലാവരുടെയും സ്വപ്നങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്ന അസാധാരണമായ ഒരു സീസണായിരിക്കും ഇതെന്നും റിയാദ് സീസണിലേക്ക് എല്ലാ പ്രേക്ഷകരെയും ഊഷ്മളമായി സ്വാഗതം ചെയ്യുകയാണെന്നും അൽ ശൈഖ് പറഞ്ഞു.
കിങ്ഡം അരീനയിൽ നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടം കരഘോഷം മുഴക്കി ആവേശത്തോടെ അൽ ശൈഖിന്റെ വാക്കുകളെ വരവേറ്റു. സൗദിയിലെ പ്രമുഖ വാർഷിക വിനോദസഞ്ചാര പരിപാടിയായ റിയാദ് സീസണിന്റെ നാലാമത് എഡിഷൻ, ലോകമെമ്പാടുമുള്ള വിനോദക്കാരും അത്ലറ്റുകളും ഉൾപ്പെടുന്ന വമ്പിച്ച ഓപ്പണിങ്ങും വമ്പിച്ച പ്രേക്ഷകരുമായി ശനിയാഴ്ച രാത്രി ആരംഭിച്ചു. മാസങ്ങളോളം നീണ്ടുനിൽക്കുന്ന സീസണിലെ വൈവിധ്യമാർന്ന പരിപാടികൾ റിയാദിലെ 12 വേദികളിലായാണ് നടക്കുന്നത്.
ലോക സെലിബ്രിറ്റികളുടെ സംഗീതകച്ചേരികൾ, തിയറ്റർ ഷോകൾ, ഒരു ഫുട്ബാൾ മ്യൂസിയം, വൈവിധ്യമാർന്ന അന്താരാഷ്ട്ര വിഭവങ്ങൾ വിളമ്പുന്ന റസ്റ്റാറൻറുകൾ എന്നിവ റിയാദ് സീസണിൽ ഉൾപ്പെടുന്നു. ഈ വർഷത്തെ പ്രധാനപ്പെട്ട പുതിയ വേദികളിൽ രണ്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സജ്ജീകരിച്ചിട്ടുള്ള ബോളിവാഡ് സിറ്റിയിലെ കിങ്ഡം അരീന എന്ന അത്യാധുനിക ഹാളാണ് ഒന്ന്. 40,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.