റിയാദ് സീസൺ: ആഘോഷത്തിൽ 60 ലക്ഷം പേരുടെ പങ്കാളിത്തം
text_fieldsറിയാദ്: റിയാദ് സീസൺ ആഘോഷപരിപാടികൾ കാണാനെത്തിയവരുടെ എണ്ണം 60 ലക്ഷം കവിഞ്ഞു. ഒക്ടോബർ 20നാണ് റിയാദ് സീസൺ പരിപാടികൾക്ക് തുടക്കമായത്. വോളിവാർഡ് സിറ്റിയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ ഏഴര ലക്ഷമാളുകളാണ് പങ്കെടുത്തത്.
ജനപങ്കാളിത്തവും സംഘാടന മികവുംകൊണ്ട് ആഗോള ശ്രദ്ധയാകർഷിച്ച റിയാദ് സീസൺ ഉത്സവപ്രതീതിയാണ് തലസ്ഥാന നഗരിയിലുണ്ടാക്കിയത്. വിവിധ കലാകായിക വിനോദ പരിപാടികളും പ്രദർശനങ്ങളുമാണ് ഇതിനകം അരങ്ങേറിയത്. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ട കലാകാരന്മാർ അണിനിരന്ന ഓരോ പരിപാടികളിലെയും ജനപങ്കാളിത്തം സംഘാടകരുടെ പ്രതീക്ഷക്കപ്പുറത്തായിരുന്നു. പരിപാടികളും പ്രദർശനങ്ങളും തുടരുകയാണ്.
എല്ലാ വിഭാഗങ്ങളുടെയും ആവശ്യങ്ങൾ പരിഗണിച്ച് വിവിധ പരിപാടികളുമായി ഫ്രീ ഏരിയകൾ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. സമാൻ വില്ലേജ്, നബദ് അൽറിയാദ്, ശജറത്ത് അൽസലാം എന്നിവ ഫ്രീ ഏരിയകളിലുൾപ്പെടും. നവംബർ അവസാനത്തോടെയാണ് 'റിയാദ് പൾസ്' ഫ്രീ സോൺ തുറന്നത്. രാജ്യത്തിെൻറ സാംസ്കാരികവും ചരിത്രപരവുമായ കഥകൾ പറയുന്ന പ്രദർശനങ്ങൾ റിയാദ് പൾസ് അവതരിപ്പിക്കുന്നു.
കഥകൾ, സംഗീത പ്രകടനങ്ങൾ, ജനപ്രിയ വിഭവങ്ങൾ, രാജ്യത്തിെൻറ വിവിധ മേഖലകളിലെ ഫാഷനുകളുടെ പ്രദർശനം എന്നിവയും പ്രദേശത്ത് ഒരുക്കിയ പരിപാടികളിലുൾപ്പെടും. പീസ് ട്രീ ഏരിയയും സന്ദർശകർക്കായി വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. കുടുംബങ്ങളുടെയും കുട്ടികളുടെയും ആഗ്രഹങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷമാണ് പീസ് ട്രീ ഏരിയയിൽ ഒരുക്കിയിരിക്കുന്നത്. കുന്നുകളുടെ പ്രദേശം, നടപ്പാതകൾ, പരിസ്ഥിതി പ്രദേശം, ഫാം ഏരിയ, തടാക പ്രദേശം, പ്രകൃതിസംരക്ഷണ കേന്ദ്രങ്ങൾ, റസ്റ്റാറൻറുകൾ, കുട്ടികളുടെ കളിക്കളം, ജലധാര തുടങ്ങിയ ഉപമേഖലകളും ഉൾപ്പെടുന്നതാണ്. വ്യതിരിക്തവും വൈവിധ്യപൂർണവുമായ പരിപാടികൾ കാരണം സമാൻ വില്ലേജ് ഏരിയ അടുത്തിടെ ജനപ്രിയമായിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ള സന്ദർശകരെയും സമാൻ വില്ലേജ് ആകർഷിക്കുന്നു. ഏഴു മേഖലകൾ ഉൾപ്പെടുന്നതാണ്. 'ഇൻറൽ അൽത്വയ്ബീൻ' ഏരിയയാണ് അതിൽ പ്രധാനം. തത്സമയ ഷോകൾ അവതരിപ്പിക്കുന്ന ഒരു തിയറ്റർ അതിലുണ്ട്. പഴയ പാട്ടുകളും ഓർമിപ്പിക്കപ്പെടുന്ന ഇടമാണ്.
തുറന്ന സ്ഥലത്ത് മികച്ച പഴയ സിനിമകളുടെ പ്രദർശിപ്പിക്കുന്നതിനായി അൽത്വയ്ബീൻ സിനിമ എന്ന പേരിലൊരു ഏരിയയുമുണ്ട്. തൊട്ടടുത്ത പരമ്പരാഗത ഗെയിമുകൾ നടക്കുന്ന 'അൽ ഹോഷ്' ഏരിയയുണ്ട്. ജനപ്രിയവും പരമ്പരാഗതവുമായ വിഭവങ്ങൾക്കായി 'അൽതകിയ' ഏരിയയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.